കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശിപാർശ രാഷ്ട്രീയ പ്രേരിതമാണെന്ന ടി.കെ. ഗോവിന്ദന്റെ നിലപാട് തള്ളി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ല. ആരോപണങ്ങൾ ഉയർന്നാൽ നേതൃത്വം കൃത്യമായ വിശദീകരണം നൽകാൻ തയാറാകണം.
എന്നാൽ ഇക്കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ വിമർശിച്ചു. വിശദീകരണം നൽകാത്തിടത്തോളം ഇതിൽ എന്തോ കഴമ്പുണ്ടെന്ന് പൊതുജനം കരുതും. ഇഡി രാഷ്ട്രീയ പ്രേരിതമായി നിലപാടെടുക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രതിപക്ഷത്തുള്ള നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നത് ഇഡിയുടെ പതിവ് രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് വിശ്വസിക്കാനാവുന്നില്ല. ഇതിൽ പാർട്ടി വിശദീകരണം നൽകണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. പിണറായി വിജയന്റെ കുടുംബത്തിനെതിരായ വിമർശനങ്ങളെ പാർട്ടിക്കെതിരായ കടന്നാക്രമണമായി കാണുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പ്രസ്ഥാനത്തിന് പങ്കുണ്ടെങ്കിൽ അന്വേഷണം പ്രസ്ഥാനത്തിനെതിരെയും വരുമെന്നും കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി.
ഇഡി നീക്കവും പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട ആരോപണങ്ങളും എൽഡിഎഫിൽ ചർച്ച ചെയ്യേണ്ട വിഷയമായിരുന്നു. മുന്നണിയിലെ മറ്റ് കക്ഷികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് നേതൃത്വം നൽകുന്ന സിപിഎമ്മിന്റെ ഉത്തരവാദിത്തമാണ്. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കിൽ ഇത്തരം വിഷയങ്ങളിൽ മുന്നണിക്കുള്ളിൽ തന്നെ വ്യക്തമായ വിശദീകരണം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.