ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്തപ്പോൾ.
തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണം ആഘോഷിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. പ്രതികളെ സ്റ്റേഷനിൽനിന്ന് പിരിച്ചുവിടുന്നതിൽ എസ്എച്ച്ഒ ഉൾപ്പെടെയുള്ള പോലീസുകാർക്ക് വീഴ്ച സംഭവിച്ചെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ.
പോലീസുകാർ പ്രതികൾക്ക് ഒത്താശ ചെയ്തോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ സ്വന്തം ശിപാർശകൾ ഉൾപ്പെടുത്തി ഐജിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
ഓണാഘോഷത്തിനായി പാളയത്തെ കടയിൽ നിന്ന് മ്യൂസിയം പോലീസ് 68 ഷർട്ടുകളാണ് വാങ്ങിയത്. വാങ്ങിയ ഷർട്ടുകളുടെ എണ്ണം പരിശോധിക്കുകയും അവ പോലീസുകാർക്ക് വിതരണം ചെയ്തതിന്റെ പട്ടിക പരിശോധിക്കുകയും ചെയ്തതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഐ.പി. ബിനുവിന് പോലീസുകാർ വസ്ത്രം വാങ്ങിനൽകിയതായി കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബിനു ധരിച്ച ഷർട്ടും പോലീസുകാർ ധരിച്ചിരുന്ന ഷർട്ടും നീലനിറത്തിലുള്ളതാണെങ്കിലും ഇവ തമ്മിൽ വ്യത്യാസമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾ സ്റ്റേഷനിലെത്തുമ്പോൾ എസ്എച്ച്ഒ ആർ.പ്രശാന്ത് അവിടെയുണ്ടായിരുന്നു. പ്രതിയായ ഉണ്ണിയുമായി സ്റ്റേഷന് മുന്നിലും ഐ.പി.ബിനുവുമായി സ്റ്റേഷനുള്ളിലും എസ്എച്ച്ഒ സംസാരിച്ചതായും റിപ്പോർട്ടിലുണ്ട്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. എസ്എച്ച്ഒ സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്താണ് പ്രതികൾ സ്റ്റേഷന് പുറത്ത് റീൽ ചിത്രീകരണം നടത്തിയത്. പ്രതികൾ സ്റ്റേഷൻ പരിസരത്ത് തുടരുന്നത് തടയുന്നതിൽ എസ്എച്ച്ഒക്കും മറ്റ് പോലീസുകാർക്കും ഉത്തരവാദിത്വമുണ്ടായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്രതികൾ പോലീസ് സ്റ്റേഷൻ വളപ്പിൽ ആഘോഷത്തിൽ പങ്കെടുത്തതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്.
Tags : EDCase OnamCelebration PoliceStation MuseumPoliceStation