National
പാറ്റ്ന: 18-ാം ബിഹാർ നിയമസഭയുടെ സ്പീക്കറായി പ്രേം കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഗയാജി മണ്ഡലത്തിൽ നിന്നു വിജയിച്ച ബിജെപി എംഎൽഎയാണ് അദ്ദേഹം. എതിരില്ലാതെയാണ് പ്രേം കുമാർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രേം കുമാറിനെ സ്പീക്കറാക്കണമെന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. തുടർന്ന്, മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ചേർന്നു പ്രേം കുമാറിനെ സ്പീക്കർ ഡയസിലേക്ക് ആനയിച്ചു.
പ്രോടേം സ്പീക്കർ നരേന്ദ്ര നാരായൺ യാദവിന്റെ നേതൃത്വത്തിലായിരുന്നു സഭാ നടപടികൾ. തിങ്കളാഴ്ചയാണ് 18-ാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ തിങ്കളാഴ്ച എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പ്രോടേം സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറുടെ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കുമെന്ന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രേം കുമാർ പ്രഖ്യാപിച്ചു.
Kerala
ന്യൂഡൽഹി: മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി.എൻ. പ്രതാപനെ എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തു. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പുതുച്ചേരിയുടേയും ലക്ഷദ്വീപിന്റെയും ചുമതലയാണ് ഉള്ളത്. 2001 മുതൽ 2011വരെ പഴയ നാട്ടികയിൽ നിന്നും 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരിൽ നിന്നും നിയമസഭയിലേയ്ക്ക് വിജയിച്ചിട്ടുണ്ട് പ്രതാപൻ. 2019ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
കെഎസ്യുവിലൂടെ പൊതുരംഗത്ത് വന്ന ടി.എൻ. പ്രതാപൻ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന വൈസ്പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു.
കെപിസിസി മെമ്പർ, സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ച പ്രതാപൻ ഇപ്പോൾ എഐസിസി അംഗം കൂടിയാണ്. മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രഥമ ദേശീയ അധ്യക്ഷനായിരുന്നു.