തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ, ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുമതിയുള്ളത്. നിലവിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത ലോഡ്ഷെഡിംഗിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ അപേക്ഷ കമ്മീഷൻ അംഗീകരിച്ചത്.
അതേസമയം, കെഎസ്ഇബിയുടെ വീഴ്ചകൾക്കെതിരെ ഉത്തരവിൽ കമ്മീഷൻ കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്. പവർ എക്സ്ചേഞ്ചിൽ നിന്നടക്കം വിവിധ സ്രോതസ്സുകളിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ കൃത്യമായ വിവരങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബോർഡ് സമർപ്പിച്ചില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. കൂടാതെ, അപ്രഖ്യാപിത ലോഡ്ഷെഡിംഗ് ഒഴിവാക്കണമെന്നും നിയന്ത്രണങ്ങൾ ഉണ്ടാകുന്ന പക്ഷം ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ വിവരമറിയിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മൺസൂൺ ശക്തിപ്പെടുന്ന മുറയ്ക്ക് ഉയർന്ന വിലയ്ക്കുള്ള വൈദ്യുതി വാങ്ങൽ കുറയ്ക്കാനും ബോർഡ് ശ്രമിക്കണം.
നിലവിൽ ജൂൺ 30 വരെയാണ് സംസ്ഥാനത്ത് ഔദ്യോഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. കാലവർഷം പ്രതീക്ഷിച്ച രീതിയിൽ ശക്തി പ്രാപിക്കാത്തതാണ് നിലവിലെ കടുത്ത പ്രതിസന്ധിക്ക് കാരണം. കെഎസ്ഇബിയുടെ ജലസംഭരണികളിൽ നിലവിൽ സംഭരണശേഷിയുടെ 20.89 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 58.58 ശതമാനമായിരുന്നു. ജൂൺ മാസത്തിൽ അണക്കെട്ടുകളിലേക്ക് പ്രതീക്ഷിച്ച നീരൊഴുക്കിന്റെ 58 ശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്.