ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ വേണമെന്ന ആവശ്യം ഉയരുന്നു. ദിനംപ്രതി വിവിധ പ്രദേശങ്ങളില്‍നിന്നായി ഇരുനൂറിലേറെ രോഗികളാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്നത് മൂന്ന് ഷിഫ്റ്റുകളിലായി ഡ്യൂട്ടി ചെയ്യുന്നത് ഇപ്പോള്‍ അഞ്ചു ഡോക്ടര്‍മാര്‍ മാത്രമാണ്. രാവിലെ എട്ടു മുതല്‍ രണ്ടുവരെ, രണ്ടു മുതല്‍ രാത്രി എട്ടുവരെ, രാത്രി എട്ടുമുതല്‍ പിറ്റേന്ന് രാവിലെ എട്ടുവരെ എന്നിങ്ങനെ മൂന്നു ഷിഫ്റ്റായാണ് അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്നത്. ഓരോ ഷിഫ്റ്റിലും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. ഈ വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത് മരുന്നു ലഭിക്കാന്‍ ഏറെ നേരം കാത്തിരിക്കേണ്ടിവരുന്നു. ചിലസമയങ്ങളില്‍ അത്യാഹിത വിഭാഗത്തില്‍ നീണ്ട ക്യൂവും ദൃശ്യമാണ്.
ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ രാത്രി എട്ടുവരെയും രാത്രി എട്ടുമുതല്‍ പിറ്റേന്ന് രാവിലെ വരെയും ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍ ജോലി ഭാരത്താല്‍ ഏറെ ബുദ്ധിമുട്ടുകയാണ് പതിവ്. ഈ വിഭാഗത്തില്‍ പത്ത് ഡോക്ടര്മാരെങ്കിലുമില്ലാതെ കാര്യങ്ങള്‍ ഓടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ക്ക് ജോലിഭാരം
രോഗികളെ കണ്‍സള്‍ട്ട് ചെയ്യുന്ന ഡോക്ടര്‍തന്നെ അപകടത്തില്‍പ്പെട്ട് എത്തുന്നവരെയും തെരുവുനായയുടെ കടിയേറ്റ് എത്തുന്നവരെയും ഉള്‍പ്പടെയുള്ളവരെ നോക്കേണ്ടിവരുന്നത് രോഗികള്‍ക്കും ഡോക്ടര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.
പൊലിസ് കേസുകളില്‍ ഉള്‍പ്പെട്ട് എത്തുന്നവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി സര്‍ട്ടിഫിക്കറ്റ് നല്കുന്ന ജോലിയും അത്യാഹിത വിഭാഗം ഡോക്ടറാണ് ചെയ്യേണ്ടത്.
കോട്ടയം, പാലാ, വൈക്കം ജനറല്‍ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടെന്നിരിക്കെയാണ് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ഈ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ എണ്ണക്കുറവുമൂലം ദുരിതപ്പെടുന്നത്.