കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടക്കേസിലെ പതിനേഴുകാരന് ബെന്‍സ് കാറുമായി ആലുവയിലെ ഫ്ലാറ്റില്‍നിന്ന് പുറത്തേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവദിവസം പുലര്‍ച്ചെ ആലുവയിലെ ഫ്ലാറ്റില്‍നിന്നു കാര്‍ ഓടിച്ചുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. പുലര്‍ച്ചെ 1.36ന് കാറുമായി പോകുന്നതാണു ദൃശ്യങ്ങള്‍.
2.20ഓടെയായിരുന്നു ജയബാലകൃഷ്ണന്റെ ജീവനെടുത്ത അപകടം. നേരത്തേ വാഹനം അമിതവേഗത്തിലാണെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
കാറിന്റെ രജിസ്ട്രേഷന് സസ്പെന്‍ഡ് ചെയ്യും
കൊച്ചി: ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനത്തിന്റെ രജിസ്ട്രേഷന് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു.
കാറിന്റെ ഉടമയും പതിനേഴുകാരന്റെ പിതാവുമായ അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് ഇന്നു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയേക്കും. പ്രായപൂര്‍ത്തിയാകാത്ത മകന് കാര്‍ ഓടിക്കാന്‍ നൽകിയതാണ് നടപടിക്ക് ആധാരം. നോട്ടീസില്‍ പിതാവ് നല്കുന്ന വിശദീകരണം പരിശോധിച്ചശേഷമായിരിക്കും തുടര്‍നടപടികള്‍.
ജഡ്ജിയുടെ വീട്ടില്‍ പരിശോധന
കൊച്ചി: ചേരാനെല്ലൂരില്‍ പതിനേഴുകാരന് ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തില്‍ വാഹന ഉടമയായ അഡിഷണല്‍ ജില്ലാ ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റില്‍ പരിശോധന നടത്തി.
ഇന്നലെ രാത്രിയോടെയാണ് കേസന്വേഷിക്കുന്ന സംഘം ഫ്ലാറ്റിലെത്തിയത്. ഹൈക്കോടതി അനുമതിയോടെയാണു പരിശോധനയെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ശേഖരിക്കാനാണു പരിശോധന.