Kerala
വി. മനോജ്
നിപ്പ രോഗബാധയെത്തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് നാല് കേസുകൾ. പാണ്ടിക്കാട്, വണ്ടൂർ നടുവത്ത്, വളാഞ്ചേരി, മക്കരപ്പറന്പ് എന്നിവിടങ്ങളിലാണ് നിപ്പ സ്ഥിരീകരിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ജൂലൈയിൽ പാണ്ടിക്കാട് ചെന്പ്രശേരി സ്വദേശിയായ 14 വയസുകാരൻ നിപ്പ ബാധിച്ചു മരിച്ചിരുന്നു. ചെന്പ്രശേരിയിൽനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ തിരുവാലി നടുവത്ത് സെപ്റ്റംബറിൽ 24 വയസുകാരൻ നിപ്പ ബാധിച്ചു മരിച്ചു. വണ്ടൂരിനടുത്ത് തിരുവാലി നടുവത്ത് യുവാവ് മരിച്ചത് നിപ്പ ബാധയെ ത്തുടർന്നാണെന്ന് സ്ഥിരീകരിച്ചത് പൂന വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ്. ബംഗളൂരുവിൽ എംഎസ്സിക്കു പഠിച്ചിരുന്ന 24കാരൻ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിലാണ് മരിച്ചത്. പനി ബാധിച്ച് ദിവസങ്ങൾക്കുള്ളിലാണ് യുവാവിന്റെ മരണം സംഭവിച്ചത്. ബംഗളൂരുവിലെ കോളജിൽ പന്തുകളിക്കുന്നതിനിടെ കാലിനു പരിക്കേറ്റാണ് യുവാവ് നടുവത്തെ വീട്ടിലെത്തുന്നത്. പിന്നാലെ പനി ബാധിച്ചു. നടുവത്തെ സ്വകാര്യക്ലിനിക്കിലും വണ്ടൂർ കാളികാവ് റോഡിലെ സ്വകാര്യ ക്ലിനിക്കിലും ചികിത്സ തേടി. രോഗം കൂടിയതോടെ പെരിന്തൽമണ്ണയിലേക്ക് മാറ്റേണ്ടിവന്നു.
എംഇഎസ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേയാണ് മരണം. മരണശേഷമുള്ള പരിശോധനയിലാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ മരിച്ച യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ ത്തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ്പ വൈറസ് സംശയിച്ചത്. ഉടൻ ജില്ലാ മെഡിക്കൽ ഓഫീസർ വഴി ലഭ്യമായ സാന്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു.
പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിയായ വീട്ടമ്മയ്ക്കാണ് നിപ്പ സ്ഥിരീകരിച്ചത്. ആരോഗ്യനില ഗുരുതരമായി ഇവർ വെന്റിലേറ്ററിലായിരുന്നു. പനിയെത്തുടർന്ന് വളാഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭേദമാകാത്തതിനാൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ അഡ്മിറ്റായി. പനിയും തലവേദനയും ചുമയും ശ്വാസതടസവുമാണ് അനുഭവപ്പെട്ടത്. ഡെങ്കിപ്പനി, മഞ്ഞപ്പിത്ത പരിശോധനകൾ നടത്തി. സംശയത്തെത്തുടർന്നാണു സ്രവ സാംപിൾ പരിശോധനയ്ക്കയച്ചത്. പതുക്കെ ആരോഗ്യനില വീണ്ടെടുത്തതോടെ ഇവരെ പിന്നീട് ഡിസ്ചാർജ് ചെയ്തു.
അതേസമയം, പാണ്ടിക്കാട് ചെന്പ്രശേരിയിൽ പതിനാലുകാരനായ വിദ്യാർഥിക്ക് ഏങ്ങനെയാണ് രോഗം പകർന്നതെന്ന് ആദ്യം വ്യക്തമായിരുന്നില്ല. കുട്ടിയുടെ യാത്രകളെയും കഴിച്ച ഭക്ഷണങ്ങളെയുംകുറിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനിടെ കുട്ടി സമീപത്തെ പറന്പിൽനിന്ന് അന്പഴങ്ങ കഴിച്ചതായി കൂട്ടുകാർ പറഞ്ഞിരുന്നു. അവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വവ്വാലുകളിൽനിന്നു സാന്പിൾ ശേഖരിക്കുന്നതിനായി പൂന എൻഐവിയിൽനിന്നുള്ള വിദഗ്ധ സംഘമെത്തി നിപ്പ ബാധിത മേഖലകൾ സന്ദർശിച്ച് വൈറസിന്റെ ജീനോമിക് സർവേ നടത്തി.
ഏറ്റവുമൊടുവിൽ അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന മക്കരപ്പറന്പ് സ്വദേശിനി മരിച്ചത് നിപ്പ മൂലമെന്ന് വ്യക്തമായി. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനാഫലം പോസിറ്റീവായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റൈനിലായി. ജൂണ്‍ 28നാണ് 18കാരിയെ അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ജൂലൈ ഒന്നിന് മരണം സംഭവിച്ചു. സാന്പിൾ മെഡിക്കൽ കോളജിലെ ലെവൽ ടു ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ്പ പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. യുവതി മരിച്ചതിനെത്തുടർന്ന് മക്കരപ്പറന്പിലും സമീപ പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് നടപടി.
പ്രതിരോധം
ഏകോപിപ്പിക്കാൻ
കേന്ദ്രസംഘമെത്തി
നിപ്പ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം മലപ്പുറത്തെത്തി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച നാഷണൽ ജോയിന്റ് ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് കഴിഞ്ഞദിവസം മലപ്പുറത്തെത്തിയത്. നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളിലെ (എൻസിഡിസി) ജോയിന്റ് ഡയറക്ടറും പൊതുജനാരോഗ്യ സ്പെഷലിസ്റ്റുമായ ഡോ. പ്രണായ് വർമയുടെ നേതൃത്വത്തിലുള്ള 10 പേരാണ് സംഘത്തിലുള്ളത്. ഐസിഎംആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോജി പൂനയിൽ നിന്നുള്ള ശാസ്ത്രജ്ഞർ, വന്യജീവി സ്പെഷലിസ്റ്റ്, വെറ്ററിനറി കണ്‍സൾട്ടന്റ്, മൃഗസംരക്ഷ വകുപ്പിലെ വിദഗ്ധർ തുടങ്ങിയവരും സംഘത്തിലുണ്ട്. സംഘം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുകയുമായി കൂടിക്കാഴ്ച നടത്തി.
വവ്വാലുകളുടെ നിരീക്ഷണത്തിനും സർവേക്കുമായി ഡോ. ഇ. ദിലീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള എട്ട് പേരടങ്ങുന്ന മറ്റൊരു എൻഐവി സംഘവും ഉടൻ മലപ്പുറത്തെത്തും. നിലവിൽ പാലക്കാടാണ് ഈ സംഘമുള്ളത്.
Kerala
ഇ. അനീഷ്
നിപ്പയെന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തില്‍ കുടുങ്ങിയിരിക്കുകയാണ് ആരോഗ്യമേഖല. കനത്ത ജാഗ്രതക്കിടയിലും വര്‍ഷംതോറും "മുടങ്ങാതെ' എത്തുന്ന നിപ്പയെ പിടിച്ചുകെട്ടാന്‍ കയ്യും മെയ്യും മറന്ന് നാടൊന്നാകെ ശ്രമിക്കുകയാണ്. നമ്പര്‍ വണ്‍ ആരോഗ്യ കേരളത്തില്‍ പിടിതരാതെ നമ്പര്‍ വണ്‍ മഹാമാരിയായി നില്‍ക്കുകയാണ് നിപ്പ. 70 ശതമാനം മരണ നിരക്ക് എന്നതുതന്നെയാണ് നിപ്പയെ ഭീതിജനകമാക്കുന്നത്. കേരളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ നിപ്പ കേസുകളും മേയ് മാസം മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണെന്ന് ആരോഗ്യ വകുപ്പ് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
നമ്മുടെ നാട്ടില്‍ എല്ലാ പഴവര്‍ഗങ്ങളും പാകമാകുന്നത് ഏതാണ്ട് ഈ സമയത്താണ്. മാത്രമല്ല വവ്വാലുകളുടെ ഇണചേരലും പ്രജനനവും നടക്കുന്ന സമയമാണ് ഇത്. പ്രജനനകാലത്ത് വവ്വാലുകളില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം വളരെ കൂടുതലാവുകയും അത് നേരിട്ടോ വവ്വാലുകള്‍ കടിച്ച് ഉപേക്ഷിക്കുന്ന പഴങ്ങള്‍ വഴിയോ, അവയുടെ വിസര്‍ജ്യം വഴിയോ, വാഴക്കൂമ്പുകളിലെ തേന്‍ പോലെയുള്ള വസ്തുക്കള്‍ വഴിയോ, ഇടനിലക്കാരായി നില്ക്കുന്ന മൃഗങ്ങള്‍ വഴിയോ മനുഷ്യരിലേക്ക് എത്തിച്ചേരുകയുമാണ് ചെയ്യുന്നത്. എന്താണ് ഇതിനൊരു പ്രതിവിധി. കേരളത്തില്‍ ആദ്യമായി രോഗിയില്‍ നിപ്പ രോഗലക്ഷണം കണ്ടെത്തുകയും നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തിലെ മുന്‍ നിര പോരാളിയുമായ ഡോ. എ.എസ്. അനൂപ് കുമാര്‍ "ദീപിക' യോട് സംസാരിക്കുന്നു.
നിപ്പ വീണ്ടുമെത്തുമ്പോള്‍
ഞാന്‍ മുന്‍പ് ജോലി ചെയ്ത ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗത്തിന്റെയും യൂറോളജി വിഭാഗത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നിപ്പ വൈറസ് അണുബാധ കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് ഒരേസമയം ഒരേ ലക്ഷണത്തോടെ എത്തിയ രോഗികളില്‍ നിന്നാണ് നിപ്പ രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ തോന്നിയ സംശയം മണിപ്പാല്‍ വേറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ അരുണുമായി സംസാരിക്കുകയും നിഗമനത്തിലേക്ക് എത്തുകയുമായിരുന്നു.
ഒരു രോഗി മാത്രമായിരുന്നു അന്ന് എന്റെ അടുത്ത് ചികിത്സതേടി എത്തിയിരുന്നതെങ്കില്‍ ഒരുപക്ഷേ നിപ്പയിലേക്ക് എത്താന്‍ കഴിയുമായിരുന്നില്ല. ഒരു കൂട്ടം രോഗികള്‍ ഒരുമിച്ച് ആശുപത്രിയില്‍ ചികിത്സതേടിയെത്തി എന്നതാണ് പ്രാഥമികമായി നിപ്പയിലേക്ക് എത്തുന്നതിനു ചവിട്ടുപടിയായത്. എന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം രോഗലക്ഷണങ്ങള്‍ മാറുകയാണ്. മസ്തിഷ്ക വ്യതിയാനങ്ങള്‍ക്കപ്പുറം ശ്വാസം മുട്ടല്‍, ശ്വാസ തടസം, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളും രോഗബാധിതര്‍ പ്രകടിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ക്കും ജാഗ്രത വേണം.
മേയ് മുതല്‍ സെപ്റ്റംബര്‍
വരെ സൂക്ഷിക്കണം
വവ്വാലുകളുടെ പ്രജനനസമയമായ മേയ് മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള കാലയളവിലാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ്പ വൈറസ് ബാധകളെല്ലാം ഉണ്ടായത്. നിപ്പ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്തുതന്നെ തുടക്കത്തിലേ പറഞ്ഞതാണ്. പഴം തീനിവവ്വാലുകളില് മനുഷ്യനില്‍ രോഗമുണ്ടാക്കുന്ന ജനിതക ഘടനയുള്ളവ കാഷ്മീരിന്റെ ചില ഭാഗങ്ങളില്‍ ഒഴിച്ച് രാജ്യത്ത് എല്ലായിടത്തും ഉണ്ട്. ചില പാരിസ്ഥിതിക മാറ്റങ്ങള്‍ വരുമ്പോള്‍ അതിന്റെ അളവ് വര്‍ധിക്കുകയും അത് മനുഷ്യരിലേക്ക് പല വഴി എത്തപ്പെടാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. ഇത് നിശ്ചിത കാലയളവിലാണ് സംഭവിക്കുന്നത്. ആ കാലയളവിലാണ് നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മൂലസ്രോതസുകള്
വവ്വാലുകള്‍ തന്നെ
ആരോഗ്യ വകുപ്പ് നടത്തിയ വിവിധ പഠനങ്ങളില്‍ നിപ്പയുടെ മൂലകാരണം പഴംതീനി വവ്വാലുകളാണെന്ന് വ്യക്തമാണ്. എന്നാല്‍ മനസിലാകാത്തതും ഏറെ പഠനങ്ങള്‍ വേണ്ടതുമായ കാര്യം ആവാസ വ്യവസ്ഥയിലെ ഏത് മാറ്റങ്ങളിലാണ് വൈറസ് കൂടുതല്‍ അപകടകാരിയാകുന്നത് എന്നതാണ്. ഏതെല്ലാം ഘടകങ്ങളാണ് വവ്വാലുകളിലെ വൈറസിനെ കൂടുതല്‍ മാരകമാക്കുന്നതും മനുഷ്യ ജീവനെ അപകടത്തിലേക്ക് എത്തിക്കുന്നതുമെന്നതാണ് ഇപ്പോഴും പഠനവിധേയമാക്കിക്കൊണ്ടിരിക്കുന്നത്. മാരക വൈറസ് പുറത്തെത്തിയാല്‍ അത് അടയ്ക്ക, പഴങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്നതുവഴി മനുഷ്യരിലേക്ക് എത്തും എന്ന് പറയാമെങ്കിലും മനുഷ്യനെയും വൈറസിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സോഴ്സ്’ എതാണെന്ന് കൃത്യമായി നമുക്ക് കണ്ടെത്താന്‍ കഴിയുന്നില്ല. അത് പഠനം നടത്താത്തതുകൊണ്ടല്ല. നമുക്ക് പരിമിതികളുണ്ട്.
ഹോട്ട്സ്പോട്ടുകള്‍ കണ്ടുപിടിക്കണം
വവ്വാലുകളില്‍ വൈറസ് സാധ്യത കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അതിനെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കണം. ഇങ്ങനെ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളില്‍ നമ്മള് ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത്തരം സ്ഥലങ്ങളില്‍നിന്നും രോഗികള്‍ എത്തുമ്പോള്‍ അവരെ കാര്യമായി നീരിക്ഷിക്കാന്‍ കഴിയണം. അതുവഴി നേരത്തേ രോഗം കണ്ടു പിടിക്കാന്‍ സാധിക്കും. അത് വളരെ പ്രധാനമാണ്.
കഴിഞ്ഞ
ദിവസങ്ങളിൽ...
ഒരേസമയം പോസറ്റീവായതും നെഗറ്റീവായതുമായ കാര്യങ്ങളാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടുണ്ടായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ യുവതി ഒരാഴ്ചയിലധികം ചികിത്സയില്‍ കഴിഞ്ഞിട്ടും രോഗം കാണ്ടെത്താനായില്ലെന്നത് വീഴ്ചയാണ്.
നിപ്പ ഇതുവരെ സ്ഥിരീകരിച്ചതെല്ലാം സ്വകാര്യ ആശുപ്രതികളിലാണ് എന്നത് പ്രത്യേകം ഓര്‍ക്കണം. എന്നാല്‍ ഇത്തവണ സ്വകാര്യ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടായി. അതേസമയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തില്‍ ഡോക്ടര്‍ക്ക് ഇത് കണ്ടെത്താന്‍ കഴിഞ്ഞുവെന്നത് ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാകെ ഊര്‍ജം പകരുന്നതാണിത്. പോസ്റ്റ്മോര്‍ട്ടത്തില്‍ തലച്ചോറിലെ ചില വ്യതിയാനങ്ങള്‍ കണ്ടതുകൊണ്ടാണ് അദ്ദേഹത്തിന് നിപ്പ സംശയമുണ്ടായത്. ഒരു ഫോറന്‍സിക് സര്ജന് ഇത്തരമൊരു സംശയമുണ്ടാകുന്നതുതന്നെ അപൂര്‍വമാണ്. ഇത്തരമൊരു സംശയം ഉണ്ടായിരുന്നില്ലെങ്കില്‍ സാധാരണ മരണമായി ഇത് കണക്കാക്കപ്പെട്ടേനെ.
വാക്സിനേഷന്
നിപ്പരോഗികളുടെ എണ്ണം വളരെ കുറവുമാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരിലും വാക്സിനേഷന് എന്നത് അപ്രായോഗികമാണ്. 2018 മുതല്‍ കേരളത്തില്‍ നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിന് പ്രതിരോധവും ആവശ്യമാണ്. വാക്സിനുകളെക്കുറിച്ച് വളരെ പോസറ്റീവായ പഠനങ്ങളാണ് നടക്കുന്നത്. രണ്ട് വാക്സിനുകള്‍ ഇതിനകം വികസിപ്പിച്ചുകഴിഞ്ഞു. ഒന്നാം ഘട്ട പഠനം കഴിഞ്ഞു. രണ്ടാം ഘട്ടം നടന്നുകൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള വ്യാപനമുണ്ടാകുമ്പോള്‍ മാത്രമേ വാക്സിനെ ആശ്രയിക്കാന്‍ കഴിയൂ. വവ്വാലുകളില്‍ ഈ വൈറസ് ഉള്ളിടത്തോളംകാലം നിപ്പയെ നമുക്ക് പൂര്‍ണമായും തുടച്ചുനീക്കാന്‍ പറ്റില്ല.
ഡോക്ടര്‍മാര്‍ക്കും ബോധവത്കരണം വേണം
നിപ്പ രോഗനിര്‍ണയത്തിന് ഡോക്ടര്‍മാര്‍ക്കും ബോധവത്കരണം ആവശ്യമാണ്. സാധാരണ പനി, ന്യൂമോണിയ, ഒപ്പം മസ്തിഷ്ക വ്യതിയാനങ്ങള്‍, ശ്വാസം മുട്ടല്‍, ചുമ തുടങ്ങിയവ കണ്ടാല്‍ നിപ്പ സാധ്യതകൂടി മുന്‍കൂട്ടി കാണാന്‍ കഴിയണം. അതിന് ക്ലാസുകള്‍ ഉള്‍പ്പെടെ നല്കി ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് പ്രാപ്തരാക്കണം. നിലവില്‍ മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണ്. അത് കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുക എന്നതായിരിക്കണം ലക്ഷ്യം.
വെല്ലുവിളി
നിപ്പ വൈറസുമായി ബന്ധപ്പെട്ട് യാതൊരു നിയന്ത്രണവുമില്ലാത്ത പഠനങ്ങള്‍ നടത്താന്‍ നമുക്ക് കഴിയില്ല. ബയോ ടെററിസത്തിന് സാധ്യതയുള്ള ഒരു വൈറസാണിത്. ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേന്ദ്രം നിഷ്കര്‍ഷിക്കുന്ന ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുള്ള പഠനമേ നടത്താനാകൂ. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കൂടുതല്‍ ഫലപ്രദമായ പഠനങ്ങള്‍ നടത്തുക എന്നതാണ് പോംവഴി. സംസ്ഥാനത്തിന് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമല്ല ഇത്. വിപരീത ഫലുമുണ്ടാകും എന്നതുതന്നെയാണ് ഇതിന് കാരണം.