യുവാക്കൾക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുന്നില്ലെന്ന ഉൾപാർട്ടി വിമർശനത്തിനിടയിൽ ഉത്തർപ്രദേശിൽ പതിനായിരത്തോളം വിദ്യാർഥികളെയും യുവാക്കളെയും അണിനിരത്തി കോൺഗ്രസ്.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രാജ്യത്തുടനീളം നടത്തുന്ന വിദ്യാർഥിസംഗമ പരിപാടിയായ ഛാത്രോം കീ ഗൂഞ്ജിന്റെ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന പരിപാടിയിലാണ് ഇന്നലെ പതിനായിരത്തോളം യുവാക്കൾ പങ്കെടുത്ത് വിദ്യാഭ്യാസസംവിധാനത്തിലെ ആശങ്കകളിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
യുവജനമുന്നേറ്റമായി വളർന്ന കോക്രോച്ച് ജനതാ പാർട്ടി വിദ്യാർഥികൾക്കിടയിൽ സൃഷ്ടിച്ച പ്രതികരണം വിദ്യാർഥികളുടെ പ്രതിധ്വനി എന്നർഥം വരുന്ന ചാത്രോൺ കീ ഗൂഞ്ജ് സൃഷ്ടിച്ചില്ലെന്ന തരത്തിലുള്ള മുതിർന്ന കോൺഗ്രസ് നേതാവിന്റെ വിമർശനം ശരിയല്ലെന്നു തെളിയിക്കുന്നതായിരുന്നു പ്രയാഗ്രാജിലെ കെ.പി.കോളജ് മൈതാനത്തിൽ വൈകുന്നേരം ഏഴോടെ നിറഞ്ഞുകവിഞ്ഞ ജനാവലി വിളിച്ചുപറഞ്ഞത്.
അടുത്തിടെയുണ്ടായ പരീക്ഷാ ക്രമക്കേടുകളിൽ സർക്കാരിനെ കടന്നാക്രമിക്കുന്ന വാക്കുകൾ മാത്രം നൽകുന്നതിനു പകരം വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകൾ ഓരോന്നായി ചൂണ്ടിക്കാട്ടിയായിരുന്നു മൊബൈലിലെ ആയിരത്തോളം ഫ്ലാഷ് ലൈറ്റ് വെളിച്ചങ്ങളുടെയും അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യം വിളികളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ വേദിയിലേക്കു പ്രവേശിച്ച പ്രതിപക്ഷനേതാവിന്റെ പ്രസംഗം.
സ്വയംപര്യാപ്തതയിൽ ഇന്ത്യ പിന്നോട്ടു പോകുന്നതിന്റെയും ചെറുകിട വ്യവസായങ്ങൾക്ക് വായ്പ ലഭിക്കാത്തതിന്റെയും സർക്കാർ ജോലികൾ അർഹരായവർക്കു ലഭിക്കാത്തതിന്റെയും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ രാഹുൽ, സംവിധാനത്തിലെ പ്രശ്നങ്ങൾക്കും അഴിമതികൾക്കും കേന്ദ്രസർക്കാരിനെയും കുറ്റപ്പെടുത്തി. തൊഴിൽ നേടാനുള്ള എല്ലാ വാതിലുകളും അടഞ്ഞതിനാൽ ഇന്ത്യയിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റിന് വിലയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
വിവിധ മേഖലകളിലെ വിദ്യാർഥികളെ വേദിയിലെത്തിച്ച് അവർ സംവിധാനത്തിൽനിന്നു നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് രാഹുൽ ചോദിച്ചറിഞ്ഞു.