ഏറ്റുമാനൂർ: അവസാനഘട്ട പ്രചാരണത്തിൽ വിജയപ്രതീക്ഷ നൽകുന്ന ആവേശത്തോടെ യുഡിഎഫ് സ്ഥാനാർഥി നാട്ടകം സുരേഷ്. പരമാവധി വോട്ടർമാരെ നേരിൽകണ്ട് പിന്തുണ ഉറപ്പാക്കുന്ന തിരക്കിലായിരുന്നു ഇന്നലെ നാട്ടകം സുരേഷ്.
ഏറ്റുമാനൂർ, അതിരമ്പുഴ മേഖലകളിലെ പ്രമുഖ ആരാധനാലയങ്ങളും കോൺവന്റുകളും സന്ദർശിച്ചാണ് ഇന്നലെ പ്രചാരണം ആരംഭിച്ചത്.
പട്ടിത്താനം സാൻജോസ് മഠവും സ്പെഷൽ സ്കൂളും സന്ദർശിച്ചതിനുശേഷം ഭിന്നശേഷി വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് വെട്ടിമുകൾ പള്ളി, മഠം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഏറ്റുമാനൂർ എസ്എഫ്എസ് സെമിനാരി സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. ഏറ്റുമാനൂർ ബാർ അസോസിയേഷനിൽ എത്തി അഭിഭാഷകരോട് വോട്ടഭ്യർഥിച്ചു.
പ്രചാരണത്തിന്റെ ഓരോ ഘട്ടം പിന്നിടുമ്പോഴും ലഭിക്കുന്ന വലിയ ജനപിന്തുണ യുഡിഎഫ് ക്യാമ്പുകളിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. മണ്ഡലപര്യടനത്തിലുടനീളം ലഭിച്ച സ്വീകാര്യത വിജയത്തിലേക്കുള്ള സൂചനയാണെന്ന് നേതൃത്വം വിലയിരുത്തുന്നു. മണ്ഡലത്തിലെ വികസന മുരടിപ്പും ജനകീയ പ്രശ്നങ്ങളും ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് വോട്ട് തേടുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് ഇന്നു നടക്കും. കട്ടച്ചിറ കൂടല്ലൂർ കവലയിൽനിന്നാരംഭിക്കുന്ന റോഡ്ഷോ പേരൂർക്കവല, സെൻട്രൽ ജംഗ്ഷൻ, നീണ്ടൂർ, പ്രാവട്ടം, കൈപ്പുഴ, വില്ലൂന്നി അതിരമ്പുഴ പള്ളി മൈതാനംവഴി അതിരമ്പുഴ സെൻട്രൽ ജംഗ്ഷനിൽ സമാപിക്കും.
Tags : nattu vishesham Suresh excited