ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആര്‍) നടപടികള്‍ക്കിടയില്‍ ബിഎല്‍ഒ (ബൂത്ത് ലെവല്‍ ഓഫിസര്‍) ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്.
പ്രമുഖരായ വോട്ടര്‍മാരെ എളുപ്പത്തില്‍ തിരിച്ചറിയാനും അത് രേഖപ്പെടുത്താനുമായി ‘മാര്‍ക്ക് വിഐപി’ എന്നൊരു അപ്ഡേറ്റാണ് ചേര്‍ത്തിരിക്കുന്നത്. ഡല്‍ഹിയിലെ എസ്ഐആര്‍ നടപടികളുടെ ഭാഗമായി നിരവധി പ്രമുഖര്‍ക്കായിരുന്നു നോട്ടീസ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ തുടങ്ങി മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍ ഒക്കെ മാര്‍ക്ക് വിഐപി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണെന്ന് കമ്മിഷന്റെ നിര്‍ദേശത്തില്‍ പറയുന്നു. പുതിയ ഫീച്ചറില്‍ വീടുകള്‍ കയറിയുള്ള പരിശോധനയ്ക്കിടെ വോട്ടര്‍മാരെ ബിഎല്‍ഒ ആപ്പില്‍ വിഐപി വിഭാഗത്തില്‍ മാര്‍ക്ക് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയും.
ഈ വിവരങ്ങള്‍ അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍, ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍ എന്നിവര്‍ പ്രാഥമികമായി പരിശോധിക്കുകയും അതത് സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫിസറുടെ കീഴിലുള്ള കാര്യാലയം ഇതിന് അംഗീകാരം നല്‍കുകയും ചെയ്യും.
ലക്ഷ്യം സാങ്കേതികതടസങ്ങൾ ഒഴിവാക്കൽ
വിഐപി മാര്‍ക്കിലൂടെ പ്രമുഖരായ വോട്ടര്‍മാര്‍ സ്വയമേ കരട് വോട്ടര്‍ പട്ടികയിലേക്ക് മാറും. എങ്കിലും വിവരങ്ങള്‍ തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ ഇവര്‍ക്കും സാധാരണക്കാരെപ്പോലെതന്നെ നോട്ടീസ് ലഭിക്കും.
തെരഞ്ഞെടുപ്പുകളില്‍ പ്രമുഖര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതില്‍ സാങ്കേതിക തടസങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പാക്കുകയാണ് പുതിയ ഫീച്ചറിലൂടെ കമ്മിഷന് ലക്ഷ്യമിടുന്നത്.