ന്യൂഡൽഹി: ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) നേരിടുന്ന ജീവനക്കാരുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് സേനയിൽ വിരമിച്ച അഗ്നിവീർമാരെ ഉൾപ്പെടുത്തണമെന്ന് ലെഫ്റ്റനന്റ് ഗവർണർ തരൺജിത് സിംഗ് സന്ധു. 22 പേരുടെ മരണത്തിനിടയാക്കിയ മാളവ്യ നഗർ തീപിടിത്ത ദുരന്തത്തിന് പിന്നാലെ ചേർന്ന ഡൽഹി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്.
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ആഭ്യന്തര മന്ത്രി ആശിഷ് സൂദ്, പിഡബ്ല്യുഡി മന്ത്രി പർവേഷ് സാഹിബ് സിംഗ്, ഡൽഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഡൽഹി ഫയർ സർവീസിൽ നിലവിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് വിരമിച്ച അഗ്നിവീറുകളെ ഉൾപ്പെടുത്തണമെന്ന് ലഫ്റ്റനന്റ് ഗവർണർ നിർദേശിച്ചതായി ലോക് നിവാസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡൽഹിയിൽ ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ് വേണമെന്നു നിർബന്ധമില്ലാത്തവ ഉൾപ്പെടെയുള്ള എല്ലാ ബഹുനില മന്ദിരങ്ങളിലും അഗ്നിശമന പ്രതിരോധ-സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കണമെന്ന ആഭ്യന്തര മന്ത്രി ആശിഷ് സൂദിന്റെ നിർദേശം യോഗം അംഗീകരിച്ചു. 2007-ലെ ഡൽഹി ഫയർ സർവീസസ് ആക്ടിലെ സെക്ഷൻ 32 പ്രാബല്യത്തിൽ മാറ്റം വരുത്താനാണ് ഈ നിർദേശത്തിലൂടെ തീരുമാനമായിരിക്കുന്നത്.
നിലവിൽ ഡൽഹിയിൽ 15 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള ബഹുനില മന്ദിരങ്ങൾക്കാണ് ഡൽഹി ഫയർ സർവീസസിൽ നിന്നുള്ള ഫയർ സേഫ്റ്റി എൻഒസി നിർബന്ധമാക്കിയിട്ടുള്ളത്. പുതിയ തീരുമാനത്തോടെ ഇതിലും കുറഞ്ഞ ഉയരമുള്ള കെട്ടിടങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാകും.
സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും എന്നാൽ ഇതിന്റെ പേരിൽ സാധാരണക്കാരെ ഉദ്യോഗസ്ഥർ പീഡിപ്പിക്കാൻ പാടില്ലെന്നും ലഫ്റ്റനന്റ് ഗവർണർ അറിയിച്ചു.