കൊച്ചി: കൂടുമത്സ്യകൃഷി, അലങ്കാരമത്സ്യം വളര്‍ത്തല്‍, കല്ലുമ്മക്കായ കൃഷി, മൂല്യവര്‍ധിത ഉത്പാദനം തുടങ്ങി വിവിധ മേഖലകളില്‍ തീരദേശ വനിതകളെ സംരംഭകരാകാന്‍ സഹായിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സിഎംഎഫ്ആര്‍ഐ).
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെയുള്ള സിഎംഎഫ്ആര്‍ഐയുടെ സയന്‍സ് ടെക്നോളജി ഇന്നൊവേഷന് (എസ്ടിഐ) ഹബ്ബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേരളത്തിലെ എട്ടു ജില്ലകളിലായി 84 മൈക്രോ സംരംഭങ്ങളാണ് ആരംഭിച്ചത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും. ഈ പദ്ധതിയിലൂടെ 220 സ്ത്രീകളും ആറ് ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പടെ 469 പേര്‍ക്കു നേരിട്ട് പ്രയോജനം ലഭിച്ചു. കൂടാതെ ഏകദേശം 2,500 പേര്‍ക്കു പരോക്ഷമായ നേട്ടങ്ങളും പദ്ധതിവഴി ലഭിക്കുന്നുണ്ട്.
പദ്ധതിയുടെ അവലോകനമനുസരിച്ച് ഗുണഭോക്താക്കളുടെ കുടുംബവരുമാനത്തില്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് എസ്ടിഐ ഹബ്ബിനു നേതൃത്വം നല്കുന്ന ഡോ. വി. പി. വിപിന്‍ കുമാര്‍ പറഞ്ഞു.
സാങ്കേതികമികവും സംരംഭകശേഷിയും മെച്ചപ്പെടുത്തുന്നതിനായി എസ്ടിഐ ഹബ്ബിന്റെ കീഴില്‍ 141 പരിശീലന പരിപാടികള്‍ ഇതിനകം സംഘടിപ്പിച്ചു. മത്സ്യക്കൂട് നിര്‍മാണം, അക്വേറിയം ബിസിനസ്, സംയോജിത മത്സ്യകൃഷി, മത്സ്യവിത്ത് വിതരണം തുടങ്ങിയ മേഖലകളില്‍ പ്രഫഷണലുകളായി മാറിയവരുമുണ്ട്.
പരമ്പരാഗത തൊഴില്‍മേഖലകളില്‍ മാത്രം ഒതുങ്ങിനില്ക്കാതെ, മത്സ്യമേഖലയിലെ വിവിധരംഗങ്ങളില്‍ ഉത്പാദകരും സേവനദാതാക്കളും ബിസിനസ് ഉടമകളുമായി മാറാന്‍ ഈ പദ്ധതി സ്ത്രീകളെ സഹായിച്ചതായി സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
സിഎംഎഫ്ആര്‍ഐയുടെ അഗ്രികള്‍ച്ചറല്‍ ടെക്നോളജി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ സഹായത്തോടെ സാങ്കേതിക കൈമാറ്റം, പരിശീലനം, സംരംഭകത്വ മാര്‍ഗനിര്‍ദേശം, വിപണി സൗകര്യമൊരുക്കല്‍ എന്നിവ ചെയ്യുന്നുണ്ട്.