കാസര്‍ഗോഡ്: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്കി കാസര്‍ഗോഡ് നഗരസഭ ബജറ്റ്. 143,02,09,322 വരവും 126,65,79,300 രൂപ ചെലവും 16,36,30,022 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്മാന് കെ.എം. ഹനീഫ് അവതരിപ്പിച്ചത്.
പ്രധാന പദ്ധതികള്‍
പുതിയ ബസ്സ്റ്റാന്‍ഡ് നവീകരണത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി.
മത്സ്യമാര്‍ക്കറ്റ് പുനര്‍നിര്‍മാണത്തിന് 10 കോടി.
വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണത്തിന് ഏഴുകോടി.
പഴയ ബസ്സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സില്‍ ഒഴിഞ്ഞുകിടക്കുന്ന രണ്ടു നിലകളിലെ കെട്ടിടമുറികള്‍ വാടകക്ക് നല്കാന് സജ്ജമാക്കും. അതിനായി ലിഫ്റ്റ് സൗകര്യമേര്‍പ്പെടുത്തും. ഏറ്റവും മുകളിലെ നിലയില്‍ പൊതുജനങ്ങള്‍ക്ക് താമസിക്കുന്നതിന് എസി ഡോര്‍മെറ്ററിയും ആധുനിക രീതിയിലുള്ള ടോയ്ലറ്റും സ്ഥാപിക്കും.
ഷീ ലോഡ്ജിന് സമീപം പാര്‍ക്കിംഗ് ആന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കാന്‍ നടപടി സ്വീകരിക്കും.
പാലികാ ഭവന് പുനരുദ്ധാരണം നടത്തി ഇതരജില്ലകളില്‍ നിന്നുള്ള വനിത ഉദ്യോഗാര്‍ഥികള്‍ക്ക് താമസ സൗകര്യമൊരുക്കും.
കാസര്‍ഗോഡ് നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നവരുടെ ദുരിതം അകറ്റുന്നതിനുമായി എംജി റോഡ്-ഫോര്‍ട്ട് റോഡ് മുതല്‍ മഡോണ റോഡ് ഭാഗം വികസിപ്പിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് ലിങ്ക് റോഡാക്കി മാറ്റും.
നഗരത്തിലെ പ്രധാന റോഡായ നായക്സ് റോഡ് വീതി കൂട്ടി പുനരുദ്ധാരണം നടത്തും.
മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ നവീകരിക്കും.
മുഴുവന്‍ വാര്‍ഡുകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് എട്ടുലക്ഷം വീതം.
ഡിറ്റിപിസിയുടെ സഹായ സഹകരണത്തോടെ തുരുത്തി, നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് മുന്‍വശം എന്നിവിടങ്ങളില്‍ വിനോദസഞ്ചാരഹബ്ബുകള് സ്ഥാപിക്കും.
മഡോണ സ്കൂളിന് സമീപം ഉപയോഗശൂന്യമായി കിടക്കുന്ന പാര്‍ക്ക് നവീകരിച്ച് വയോജനപാര്‍ക്ക് നിര്‍മിക്കും.
ബസ്സ്റ്റാന്‍ഡ് ക്രോസ് റോഡ് വാക്കിംഗ് സ്ട്രീറ്റായി മാറ്റാനുള്ള നടപടി.
വനിതകള്‍ക്ക് ജിംനേഷ്യം.
അണങ്കൂരിലെ വനിതാ പ്രീ മെട്രിക് ഹോസ്റ്റല്‍ പുതുക്കി പണിയും.
കാസര്‍ഗോഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കും.
തിരുവനന്തപുരം മാനവീയം വീഥിയുടെ മാതൃകയില്‍ വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡില്‍ മാനവീയം വീഥി നിര്‍മിക്കും. വഴിയാത്രക്കാര്‍ക്ക് ഫെന്‍സിംഗ്, കാസര്‍ഗോഡിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പൈതൃകങ്ങളും വിളിച്ചോതുന്ന ചിത്രങ്ങള്‍, ഓപ്പണ്‍ ലൈബ്രറി എന്നിവ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും.
360 ഡിഗ്രി വ്യൂ പോയിന്റുള്ള തളങ്കര പടിഞ്ഞാര്‍ പാര്‍ക്ക് ടൂറിസം സ്പോട്ടാക്കി മാറ്റും. അവിടെ അമിനിറ്റി സെന്റര്‍, കിയോസ്ക്കുകള്‍, അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി ബോട്ട് സര്‍വീസ് എന്നിവ ആരംഭിക്കാന്‍ നടപടി.
ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെ നഗരത്തിലെ ഒറ്റത്തൂണ് പാലത്തിന് കീഴിലുള്ള സ്ഥലം പാര്‍ക്കിംഗ്, കിയോസ്ക്കുകള്‍, ഓപ്പണ്‍ ജിം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഗെയിം ഏരിയകള്‍ തുടങ്ങിയവ സ്വകാര്യ നിക്ഷേപകരുടെ സഹകരണത്തോടെയും നഗരസഭ സ്വന്തം നിലക്കും സ്ഥാപിക്കും.
കാസര്‍ഗോഡ് പ്രസ് ക്ലബ് റോഡിന് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം. അഹമ്മദിന്റെയും അണങ്കൂര്‍ ക്രോസ് റോഡിന് വിദ്യാഭ്യാസപ്രവര്ത്തകന് പ്രഫ. പി.കെ. ശേഷാദ്രിയുടെയും പേരു നല്‍കും.
വീടുകളുടെ മുന്‍വശത്ത് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാൻ കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്: നഗരസഭ പരിധിയിലെ വീടുകളുടെ ഗേറ്റിലും മുന്‍വശത്തുമായി സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ച് കാഞ്ഞങ്ങാട് നഗരസഭ ബജറ്റ്.
128,59, 39,157 രൂപ വരവും 110, 95,84,000 രൂപ ചെലവും 17,63,55,157 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍പേഴ്സണ്‍ ലത ബാലകൃഷ്ണന് അവതരിപ്പിച്ചത്.
പ്രധാന പദ്ധതികള്‍
പഴയ ബസ്സ്റ്റാന്‍ഡിനു മുന്‍വശം ഫുട്ട് ഓവര്‍ ബ്രിഡ്ജ്-രണ്ടുകോടി.
പുതിയ ടൗണ്‍ ഹാള്‍ കെട്ടിടം-രണ്ടുകോടി.
സയന്‍സ് പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക് നവീകരണം-75 ലക്ഷം.
ആലാമിപ്പള്ളി ബസ്സ്റ്റാന്‍ഡില്‍ വനിതകള്‍ക്ക് ജിംനേഷ്യം-30 ലക്ഷം, സ്ത്രീസൗഹൃദ ടോയ്ലറ്റ്-25 ലക്ഷം, ഷീ ലോഡ്ജ് നവീകരണം-രണ്ടുലക്ഷം, മുലയൂട്ടല്‍ കേന്ദ്രം സജ്ജമാക്കല്‍-ഒരുലക്ഷം.
വനിതകളുടെ കമ്യൂണിറ്റി കിച്ചണ്‍-10 ലക്ഷം.
വനിതകള്‍ക്ക് സംരഭകത്വ വികസന യൂണിറ്റുകളും അപ്പാരല്‍ പാര്‍ക്കും തുടങ്ങുന്നതിന് രണ്ടുലക്ഷം. പ്രാദേശിക ഉത്പാദനങ്ങളുടെ ഉത്പാദനം, വിപണനം, വയറിംഗ്, പ്ലംബിംഗ് എന്നിവയില്‍ പരിശീലനവും ലക്ഷ്യം.
മുഴുവന്‍ വാര്‍ഡുകളിലെയും തെരഞ്ഞെടുക്കപ്പെട്ട വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര-40 ലക്ഷം, 70 പിന്നിട്ട മുഴുവന്‍ അമ്മമാര്‍ക്കും ഓണക്കാലത്ത് ഓണക്കോടി.
വയോജനങ്ങള്‍ക്ക് പകല്‍വീട്, ഹാപ്പിനസ് പാര്‍ക്ക്-10 ലക്ഷം, അറ്റാച്ച്ഡ് ടോയ്ലറ്റോടുകൂടിയ മുറി-10 ലക്ഷം, കട്ടില്-8.70 ലക്ഷം.
അമൃതമിത്ര പദ്ധതിയില്‍ മുഴുവന്‍ വീടുകളിലെയും കുടിവെള്ളസ്രോതസുകള്‍ പരിശോധിക്കും.
കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും നഗരത്തിലേക്ക് പ്രവേശനകവാടം.
നഗരത്തിലെ മുഴുവന്‍ തട്ടുകടകളെയും ഏകോപിപ്പിച്ച് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഫുഡ്കോര്‍ട്ട്.
ശ്രീകൃഷ്ണമന്ദിരം റോഡിന്റെ ഇരുവശവും ഫ്രൂട്ട്സ് സ്ട്രീറ്റ്.
പാദരക്ഷ തൊഴിലാളികളുടെ തൊഴിലിടങ്ങള്‍ മെച്ചപ്പെടുത്തി ഒരുസ്ഥലത്ത് ഏകോപിപ്പിക്കും.
പഴയ ബസ്സ്റ്റാന്‍ഡില്‍ ഡിജിറ്റ്ഡിസ്പ്ലേ ബോര്‍ഡുകള്‍ ഒരുക്കി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം.
മുനിസിപ്പല്‍ ഗസ്റ്റ് ഹൗസ് സ്ഥാപിക്കാന്‍ നടപടി.
കേരകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ മുഴുവന്‍ വീടുകളിലും ചെന്തെങ്ങിന്റെ തൈ വിതരണം.
വിമര്‍ശനവുമായി പ്രതിപക്ഷം
ബജറ്റിനെതിരെ വിമര്‍ശനവുമായി യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍. കൊട്ടിഘോഷിച്ചു തുടങ്ങിയ ഷീ ലോഡ്ജ് ആര്‍ക്കും പ്രയോജനപ്പെടാതെ നശിക്കുകയാണെന്നും അമ്മയും കുഞ്ഞും ആശുപത്രി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഇല്ലാത്തതിനാലാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നും മുസ്ലിം ലീഗ് കൗണ്‍സിലര്‍ എം.പി. ജാഫര്‍ ആരോപിച്ചു.
ഒരു ഡയാലിസിസ് സെന്റര്‍ ആരംഭിക്കാന്‍ നഗരസഭയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേവലം വാചകകസര്‍ത്ത് മാത്രമാണ് ഈ ബജറ്റെന്നും ഇത് അംഗീകരിക്കുകയെന്നത് ഒരു ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമൃതമിത്ര ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അഭിമാനത്തോടെ നടപ്പിലാക്കുന്ന നഗരസഭ ഭരണസമിതി കേന്ദ്ര അവഗണനയെന്ന പരാതി ആവര്‍ത്തിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി കൗണ്‍സിലര്‍ എം. പ്രശാന്ത് പറഞ്ഞു.
കെ-സ്മാര്‍ട്ടിനെക്കുറിച്ച് ബജറ്റ് വാചാലമാകുമ്പോഴും ഇതു സാധാരണകകാര പ്രയാസത്തിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലിസി ജേക്കബ് പറഞ്ഞു. കാഞ്ഞങ്ങാടിന്റെ പാര്‍ക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയും ഗതാഗതകുരുക്കും പരിഹരിക്കാനുള്ള പദ്ധതികളൊന്നും ബജറ്റിലിലില്ല. ഭിന്നശേഷി കുട്ടികളെയും ബജറ്റ് അവഗണിച്ചെന്ന് അവര്‍ ആരോപിച്ചു.
Tags : nattu vishesham Kasaragod focuses infrastructure