Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വി.എൻ. വാസവൻ. നാല് കോടി രൂപ സ്പോൺസർഷിപ്പ് വഴി കിട്ടിയെന്ന് അറിയാം. ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡാണ്. അയ്യപ്പസംഗമം കാരണമാണ് സ്വർണക്കൊള്ള പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പസംഗമം പൊളിക്കാൻ ഗൂഢാലോചന നടത്തിയത് യുഡിഎഫ് ആണ്. ശബരിമല സ്വർണക്കൊള്ള യുഡിഎഫിന് ബൂമറാങ്ങായി. ആഗോള അയ്യപ്പ സംഗമം പൊളിക്കാനാണ് ഉണ്ണികൃഷ്ണൻ പോറ്റി വെളിപെടുത്തൽ നടത്തിയത്. എന്നാൽ ചക്കിന് വച്ചത് കൊക്കിനു കൊണ്ടു. പണ്ട് ചെയ്തതെല്ലാം വെളിയിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വാസവൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങി എന്നുകരുതി കേസ് ഇല്ലാതാകുന്നില്ല. എസ്ഐടി അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ്. അന്വേഷണ റിപ്പോർട്ട് പുറത്തുവരുമ്പോൾ പോറ്റിയെ കേറ്റിയെ എന്ന് പാടിയവർക്ക് തിരിച്ചു പാടേണ്ടി വരുമെന്നും വാസവൻ കൂട്ടിച്ചേർത്തു.
Business
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ്വേർ സൊലൂഷൻസ് കന്പനിയായ ഡി ക്യൂബ് എഐ വികസിപ്പിച്ച ഇൻഫ്രാസ്ട്രക്ചർ മോണിറ്ററിംഗ് ഉപകരണമായ "ഡിമോൻ’ ന് ഭാരത സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു. 20 വർഷമാണു പേറ്റന്റിന്റെ കാലാവധി.
കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തനം സാധ്യമാകുന്ന പ്ലഗ് ആൻഡ് പ്ലേ ഉപകരണമാണ് "ഡിമോൻ’. ഇഎസ്പി 32 അടിസ്ഥാനമാക്കിയുള്ള പ്ലഗ് ആൻഡ് പ്ലേ ഉപകരണമായ ഡിമോൻ ഇൻഫ്രാസ്ട്രക്ചർ മോണിറ്ററിംഗിനൊപ്പം സൈബർ സുരക്ഷയും ഉറപ്പാക്കുന്ന സംവിധാനമാണ്. ഇതു വൈറസ് ആക്രമണ സാധ്യതകളെ ഇല്ലാതാക്കുന്നു. എഐയും സാങ്കേതികവിദ്യകളും ഉപയോഗിച്ച് റിമോട്ട് മോണിറ്ററിംഗും നിരവധി ഉപകരണങ്ങളുടെ നിയന്ത്രണവും ഇതു സാധ്യമാക്കുന്നു.
ഡി ക്യൂബ് എഐ സിഇഒ ബിനൂപ് ലാൽ ആണ് ഈ ആശയം വികസിപ്പിച്ചത്. ചീഫ് ടെക്നിക്കൽ ഓഫീസർ ആർ. ഷാജു, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മനു മാധവൻ എന്നിവർ ചേർന്നാണ് ഉത്പന്നം വികസിപ്പിച്ചത്.
ആരോഗ്യമേഖല, ബാങ്കിംഗ്, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമായ ഈ സംവിധാനം പരന്പരാഗത മോണിറ്ററിംഗ് സംവിധാനങ്ങളെ അപേക്ഷിച്ചു ചെലവുകുറഞ്ഞ ഉപകരണമാണ്.
2019ൽ പ്രവർത്തനമാരംഭിച്ച ഡി ക്യൂബ് എഐക്ക് യുഎസ്എ, യുകെ, യുഎഇ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്.
District News
പാലക്കാട്: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി, മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേകം ശ്രദ്ധചെലുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ജില്ലയിൽ നിർമാണം പൂർത്തീകരിച്ച കല്ലടിക്കോട് പോലീസ് സ്റ്റേഷൻ ഉൾപ്പെടെ സംസ്ഥാനത്തെ 13 പോലീസ് സ്റ്റേഷനുകളുടെയും റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷന്റെയും തിരുവനന്തപുരം കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും മറ്റു ചില മന്ദിരങ്ങളുടെയും ശിലാസ്ഥാപനകർമവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തിൽ പോലീസ് സേനയുടെ അടിസ്ഥാന സൗകര്യങ്ങളിൽ വന്ന മാറ്റങ്ങൾ പരിശോധിച്ചാൽ പുരോഗതി ബോധ്യമാകും.
സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതുതായി നിർമിക്കപ്പെടുന്ന എല്ലാ പോലീസ് സ്റ്റേഷനുകളും ജനസൗഹൃദപരമായ പ്രവർത്തനങ്ങൾക്കാണ് രൂപകല്പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കല്ലടിക്കോട് പോലീസ് സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയിൽ കെ. ശാന്തകുമാരി എംഎൽഎ അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്ഠൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി എന്നിവർ മുഖ്യാതിഥികളായി. തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അരുൾ ബി. കൃഷ്ണ വിശിഷ്ടാതിഥിയായി.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ, കരിന്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, തച്ചന്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, കാരാകുറുശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത്, ജില്ലാ പഞ്ചായത്ത് മെംബർ ബീന ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സുഹത ഷമീർ, വാർഡ് മെംബർ സി.കെ മുഹമ്മദ് മുസ്തഫ, ജില്ലാ പോലീസ് മേധാവി അജിത് കുമാർ, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എസ്. ഷംസുദ്ദീൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ. വിജയകുമാർ, മണ്ണാർക്കാട് ഡിവൈഎസ്പി എം. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.