തിരുവനന്തപുരം: കേരളത്തിൽ വിദേശ സർവകലാശാലകൾ തുടങ്ങാൻ അനുമതി നൽകാനുള്ള നിയമ പരിരക്ഷ ഉറപ്പാക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. വിദേശ സർവകലാശാലകൾ കേരളത്തിൽ ആരംഭിക്കാൻ അനുമതി നൽകുന്ന ബിൽ ഈ മാസം 30നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്കു വരും.
വിദേശ സർവകലാശാലകൾക്കു കേരളത്തിൽ പുതിയ സർവകലാശാല തുടങ്ങാനും നിലവിലുള്ള സർവകലാശാലകളോ കോളജുകളോ ഏറ്റെടുത്തു സർവകലാശാല തുടങ്ങാനും ഉന്നതവിദ്യാഭ്യാസ വകുപ്പു തയാറാക്കിയ ബില്ലിന്റെ കരടിൽ വ്യവസ്ഥ ചെയ്യുന്നു. കേരളത്തിൽ നിലവിലുള്ള സർവകലാശാലകളുമായി പാർട്ണർഷിപ്പ് അടിസ്ഥാനത്തിൽ വിദേശ സർവകലാശാലകൾ ഇവിടെ തുടങ്ങാനും വ്യവസ്ഥ ചെയ്യുന്നു.
വിദേശ സ്ഥാപനങ്ങൾ ഇവിടെ വന്നു പുതിയ സർവകശാലകൾ തുടങ്ങുന്നതിനു മുൻപ് ഈ സ്ഥാപനങ്ങൾ ട്രസ്റ്റായോ സ്ഥാപനമായോ കേരളത്തിൽ രജിസ്റ്റർ ചെയ്യണം. ട്രസ്റ്റ് രൂപവത്കരിച്ച ശേഷമേ വിദേശ സർവകലാശാലകൾക്കു കേരളത്തിൽ സർവകലാശാല തുടങ്ങാൻ നിയമത്തിൽ വ്യവസ്ഥയുള്ളൂ. സംസ്ഥാനവുമായുള്ള സ്ഥാപനത്തിന്റെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
രാഷ്ട്രപതി അടുത്തിടെ മടക്കി അയച്ച കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തു പാസാക്കിയ സ്വകാര്യ സർവകലാശാലാ ബില്ലിനു പകരം തയാറാക്കിയ പുതിയ ബില്ലിലാണ് വിദേശ സർവകലാശാലകൾക്കും കേരളത്തിൽ പരവതാനി വിരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്തു വിദേശ സർവകലാശാലകൾ വരുന്നതോടെ ഇവിടെനിന്നുള്ള കുട്ടികൾ ആധുനിക വിഷയങ്ങൾ പഠിക്കാനായി വിദേശത്തേക്ക് ഒഴുകുന്നതു തടയാൻ കഴിയുമെന്നാണു സർക്കാർ കണക്കുകൂട്ടൽ. മലയാളികളായ കുട്ടികൾക്കു വിദേശ സർവകലാശാലകളിൽ കേരളത്തിൽ പഠിക്കാൻ അവസരം ഒരുക്കുമെന്നു നേരത്തേ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. മന്ത്രി റോജി എം. ജോണും ഇക്കാര്യം ആവർത്തിച്ചിരുന്നു. കൂടാതെ, വിദേശ വിദ്യാർഥികളെ കേരളത്തിൽ എത്തിച്ചു പഠിപ്പിക്കാനും ഇതുവഴി വിദേശപണം കേരളത്തിന്റെ സന്പദ് വ്യവസ്ഥയിലേക്ക് എത്തിക്കാനും കഴിയുമെന്നും പറയുന്നു.
വരുന്ന മന്ത്രിസഭാ യോഗത്തിൽ വിദേശ സർവകലാശാല കേരളത്തിൽ തുടങ്ങുന്നതിന് അനുമതി നൽകുന്ന ബില്ലിന്റെ കരട് ചർച്ചയ്ക്കു വരും. മന്ത്രിസഭയിൽ ചർച്ച ചെയ്ത് ആവശ്യമായ മാറ്റം വരുത്തി ബില്ലിന്റെ കരടിന് അനുമതി നൽകും. തുടർന്ന് കരടു പ്രസിദ്ധീകരിക്കും. തുടർന്നാണ് നിയമസഭയുടെ പരിഗണനയ്ക്കു വരുന്നത്. വിദേശ സർവകലാശാലകൾ തുടങ്ങാനുള്ള നിർദേശത്തിനെതിരേ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്ത് എത്തുമെന്നാണു സൂചന.
എന്നാൽ, 2024ലെ പിണറായി സർക്കാരിന്റെ ബജറ്റിന്റെ വിദേശ സർവകലാശാലകൾ കേരളത്തിൽ തുടങ്ങുമെന്നു അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നതായി ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു. അന്നു വിവാദമായതിനു പിന്നാലെയാണു നിർദേശം ഉപേക്ഷിച്ചത്. തുടർന്നാണ് സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ അനുമതി നൽകുന്ന ബിൽ സഭയിൽ അവതരിപ്പിച്ചു പാസാക്കിയത്.