വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയുടെ കവാടം തുറന്നുകൊടുത്ത് കേന്ദ്രസര്‍ക്കാര്‍ നടത്തിയ നിയമനിര്‍മാണവും ദേശീയ വിദ്യാഭ്യാസനയം 2020ഉം സൃഷ്ടിച്ചിരിക്കുന്ന ചരിത്രപരമായ മാറ്റങ്ങള്‍ അവസരങ്ങളോടൊപ്പം വെല്ലുവിളികളും ഉയര്‍ത്തുന്നു. ആഗോള വിദ്യാഭ്യാസകേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള ചുവടുമാറ്റമായി വിദേശ സര്‍വകലാശാലകളുടെ സാന്നിധ്യത്തെ ഭരണസംവിധാനങ്ങള്‍ വിശേഷിപ്പിക്കുന്നു. ആഗോള സംയോജനത്തിനും അക്കാഡമിക് മികവിനും അവസരങ്ങള്‍ നല്‍കുമെന്ന പ്രഖ്യാപനം നിലനില്‍ക്കുമ്പോഴും തുല്യത, പ്രവേശനം, താങ്ങാനാവുന്ന ഫീസ് ഉള്‍പ്പെടുത്തല്‍, ദേശീയ മുന്ഗണനകളുമായുള്ള പൊരുത്തപ്പെടല്‍, ഇന്ത്യയുടെ സാംസ്കാരിക, സാമൂഹ്യ പശ്ചാത്തലങ്ങള്‍, ഭാഷകള്‍, ഫെഡറല്‍ ഭരണസംവിധാനത്തിന്റെ പ്രത്യേകതകള്‍ എന്നീ തലങ്ങളില്‍ ആശങ്കകളും ശക്തമാണ്.
2023ലെ വിദേശ സര്‍വകലാശാലകള്‍ അനുവദിക്കുന്ന യുജിസി നിയമനിര്‍മാണത്തിനുമുമ്പ് 2022ല്‍ പുറപ്പെടുവിച്ച ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സെന്റര്‍ അഥോറിട്ടി ചട്ടങ്ങള്‍ പ്രകാരം ഗുജറാത്തിലെ ഗിഫ്റ്റി സിറ്റിയില്‍ മൂന്നു സര്‍വകലാശാലകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇവിടെ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്: ഉന്നതവിദ്യാഭ്യാസത്തെ അന്താരാഷ്ട്രവത്കരിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യമെന്ത്? ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ വിപണിയില്‍ വിദേശരാജ്യങ്ങള്‍ കടന്നുകയറുമ്പോഴുള്ള ആഘാതങ്ങളെന്ത്? ആര്‍ക്കുവേണ്ടിയാണ് വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ തുറക്കുന്നത്? ആര്‍ക്കാണ് വിദേശ സര്വകലാശാലകള്കൊണ്ട് വലിയ പ്രയോജനം ലഭിക്കുക? ഇന്ത്യയില്‍ പൊതു ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദേശ സര്‍വകലാശാലകള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികളും പ്രതിസന്ധികളുമെന്ത്? വിദേശസര്‍വകലാശാലകളുടെ വിദ്യാഭ്യാസവിപണിയിലെ വാണിജ്യനേട്ടങ്ങളെന്തെല്ലാം? -ഇവയെല്ലാം ഗൗരവതരമായ ചര്‍ച്ച ആവശ്യപ്പെടുന്ന ചോദ്യങ്ങളാണ്.
ഇന്ത്യയുടെ ആഗോള റാങ്കിംഗ്
ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്ത്യയുടെ ആഗോള റാങ്കിംഗ് സൂചിപ്പിക്കുന്നത് ദയനീയ പരാജയത്തിന്റെ ചിത്രമാണ്. ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2025-2026 ആഗോളതലത്തില്‍ മികച്ച 500 സര്‍വകലാശാലകളെ കണ്ടെത്തിയതില്‍ നാല് ഇന്ത്യന്‍ സര്‍വകലാശാലകള്‍ മാത്രമേ ഇടം നേടിയുള്ളൂ. അധ്യാപനം, ഗവേഷണം, ഉദ്ധരണികള്‍, അന്താരാഷ്ട്ര കാഴ്ചപ്പാടുകള്‍, വ്യവസായ സ്ഥാപനങ്ങളിലൂടെയുള്ള വരുമാനം എന്നിവയെല്ലാം ആഗോള റാങ്കിംഗ് നിര്‍ണയത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. ഗവേഷണഫലങ്ങളിലും ഉദ്ധരണികളിലും ആഗോളതലത്തില്‍ നാം പരാജയപ്പെടുന്നു. അധ്യാപനത്തില്‍ നാം മികവ് പുലര്‍ത്തുന്നത് നിഷേധിക്കുന്നില്ല. അതേസമയം, ഗവേഷണ ഫണ്ടിന്റെ കുറവും ഉദ്യോഗസ്ഥ നിയന്ത്രണങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവങ്ങളും ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നു. ഇതായിരിക്കാം ഇന്ത്യയിലേക്ക് കടന്നുവരുന്ന വിദേശ സര്‍വകലാശാലാ കാമ്പസുകളില്‍ ഗവേഷണം നിയമത്തിലൂടെത്തന്നെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ഗവേഷണാധിഷ്ഠിതമായ സമീപനങ്ങളുടെയും സന്നിവേശം, പ്രാദേശിക അക്കാദമിക് തലത്തിലും മത്സരക്ഷമതയ്ക്ക് അവസരം സൃഷ്ടിച്ച് സാംസ്കാരിക പുരോഗതിക്ക് ഇടനല്‍കുമോ? പരമ്പരാഗത ശൈലിയിലുള്ളതും കാലഹരണപ്പെട്ടതുമായ അധ്യാപനരീതിക്കും ശൈലിക്കും മാറ്റമുണ്ടാകാതെ ആഗോളതലത്തില്‍ ഇന്ത്യക്ക് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മുന്നേറാന്‍ സാധിക്കില്ലെന്ന് വൈകിയുള്ള തിരിച്ചറിവ് നല്ലതുതന്നെ. അടിസ്ഥാന മൂല്യങ്ങളില്‍നിന്ന് വ്യതിചലിക്കാതെ തദ്ദേശീയ സ്ഥാപനങ്ങള്‍ക്ക് പരമ്പരാഗത മാതൃകകളെ ചേര്‍ത്തുപിടിച്ച് ആധുനിക കാലഘട്ടത്തിലൂടെ സഞ്ചരിക്കാതെ നിലനില്‍പ്പില്ലെന്നും സൂചിപ്പിക്കാതെ തരമില്ല.
വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലേക്കു കടന്നുവരുമ്പോള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഗവേഷണാധിഷ്ഠിത സമീപനങ്ങളും സൃഷ്ടിക്കുന്ന സന്നിവേശം പ്രാദേശിക അക്കാദമിക് തലങ്ങളില്‍ സമഗ്രമാറ്റങ്ങള്ക്കിടവരുത്തിയേക്കാം. മാത്രമല്ല, പുതുതലമുറയ്ക്ക് ഇന്ത്യയില്‍ നിന്നുകൊണ്ടുതന്നെ ആഗോള സാധ്യതകളിലേക്കു കുതിച്ചുയരാനും ഒരുപക്ഷേ അവസരമൊരുങ്ങാം.
കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര ശൃംഖലകള്‍ ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലാ ബന്ധത്തിലൂടെ പുത്തന്‍ സാധ്യതകളുണ്ടാകാം. അന്തര്‍ദേശീയ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച മികച്ച ഫാക്കല്‍റ്റികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും ഗവേഷണ ഉത്പാദനം വര്‍ധിപ്പിക്കാനും സാധിച്ചാല്‍ ആഗോള റാങ്കിംഗില്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ ഉന്നതിയിലെത്തും. ഗവേഷണം, സഹകരണം, നവീകരണം എന്നിവയാല്‍ നയിക്കപ്പെടുന്ന ആഗോള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ വിദേശ സര്‍വകലാശാലകള്‍ക്കു കഴിയണം.
സാമ്പത്തിക പ്രത്യാഘാതങ്ങള്‍
വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍നിന്ന് 2025ല്‍ 18 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് വിദേശത്തേക്ക് പഠനത്തിനായി കുടിയേറിയത്. റിസര്‍വ് ബാങ്ക് കണക്കുപ്രകാരം 2024ല്‍ 29,000 കോടി രൂപയാണ് വിദ്യാര്‍ഥി കുടിയേറ്റത്തിലൂടെ വിദേശത്തേക്ക് ഒഴുകിയത്. ഇവ മിക്കതും വായ്പകളിലൂടെയാണ്. ഇന്ത്യയുടെ വിദ്യാഭ്യാസവായ്പ ഒരു ലക്ഷം കോടി കവിഞ്ഞു. 10-17 ലക്ഷം വിലയുള്ള ബിരുദങ്ങള്‍ നേടാന്‍ പ്രതിവര്‍ഷം വന്‍തോതില്‍ പണം കടമെടുപ്പ് തുടരുമ്പോള്‍ അതിനനുസൃതമായ തൊഴില്‍ ലഭ്യമാകുന്നില്ലെന്ന വസ്തുതയും ചേര്‍ത്തുവായിക്കേണ്ടതാണ്. ഇന്ത്യയിലെത്തുന്ന വിദേശ സര്‍വകലാശാലാ കാമ്പസുകള്‍ വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ സാധ്യതകളും ഉറപ്പാക്കുന്നില്ലെങ്കില്‍ വന്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ രാജ്യം നേരിടേണ്ടിവരും. ബിരുദങ്ങളുടെ മൂല്യങ്ങളേക്കാള്‍ ബിരുദം നേടാനായി ഉയര്‍ന്ന ഫീസ് ഈടാക്കുന്നത് വന്‍ പ്രതിസന്ധി സൃഷ്ടിക്കും. ബിരുദവും അതു ലഭിക്കാന്‍ ചെലവായ ഫീസുമുള്പ്പെടെയുള്ള തുകയും തുടര്‍ന്ന് ലഭിക്കുന്ന തൊഴിലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്കയില്‍ 1.8 ട്രില്യണ്‍ ഡോളറിന്റെ വിദ്യാര്‍ഥി കടപ്രശ്നം സൃഷ്ടിച്ച ആഘാതം ഇന്ത്യക്കും പാഠമാകണം.
ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കുന്ന വിദേശ യൂണിവേഴ്സിറ്റികള്‍ക്ക് സ്വന്തമായി ഫീസ് നിശ്ചയിക്കാം. ഈ വിദ്യാഭ്യാസ കച്ചവടത്തിലൂടെ ലഭിക്കുന്ന ലാഭം സ്വന്തം രാജ്യത്തേക്കു കൊണ്ടുപോകാം. 2023ലെ നിയമത്തിലെ ഈ വ്യവസ്ഥകള്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. ഇന്ത്യയിലെ ചില മുന്‍നിര സ്വകാര്യ സര്‍വകലാശാലകള്‍ സാധാരണയായി പ്രതിവര്‍ഷം 8-12 ലക്ഷം വരെ ചില കോഴ്സുകള്‍ക്ക് ഫീസായി ഈടാക്കുന്നുണ്ട്. സമാനമായ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് വിദേശ യൂണിവേഴ്സിറ്റികള്‍ 15-20 ലക്ഷം രൂപ വരെ ഈടാക്കുമ്പോള്‍ വിദേശം എന്ന ബ്രാക്കറ്റിനായി ഇന്ത്യന്‍ വിദ്യാര്‍ഥികളെ പിഴിഞ്ഞെടുക്കുന്ന വന്‍തുകകള്‍ ന്യായീകരിക്കാവുന്നതല്ല.
വിദേശ സര്‍വകലാശാലകളുടെ ഉയര്‍ന്ന ഫീസ് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ സ്വകാര്യ സര്‍വകലാശാലകളും ഫീസ് ഉയര്‍ത്തി വിദ്യാഭ്യാസവിപണിയില് മത്സരം വന്നാല്‍, ഇന്ത്യന്‍ യുവത്വത്തിന്റെ ഭാവിയാണ് പന്താടപ്പെടുന്നത്. സമ്പന്നര്‍ക്കുള്ള ഉന്നതവിദ്യാഭ്യാസമല്ല, കഴിവും പ്രാപ്തിയുമുള്ള സാധാരണക്കാരായ മിടുക്കര്‍ക്ക് അത് ലഭ്യമാക്കാനുള്ള സാഹചര്യമാണ് ജനാധിപത്യ സര്‍ക്കാര്‍ ഒരുക്കേണ്ടത്. സ്വന്തം ബ്രാന്‍ഡ് നിലനിര്‍ത്തുന്നതിനോടൊപ്പം സ്വന്തം രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ ആത്മാവിനെ ഇന്ത്യയുടെ മണ്ണില്‍ പുനഃപ്രതിഷ്ഠിക്കാന്‍ വിദേശ സര്‍വകലാശാലകള്‍ക്കാകണം. ആഗോള കാഴ്ചപ്പാടോടുകൂടി ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ മാനദണ്ഡങ്ങളുയര്ത്താന് സാധിക്കണം. അതിനായി അന്താരാഷ്ട്ര ഇന്റേണ്ഷിപ്പുകളുണ്ടാകണം. ആഗോളതലത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചു ഫാക്കല്റ്റികള് എത്തണം. ഗവേഷണ മേഖലകള്‍ സജീവമാക്കണം. അര്‍ഥവത്തായ ക്രെഡിറ്റ് ട്രാന്സ്ഫറുകളുണ്ടാകണം. ക്ലാസ് മുറികള്‍ക്ക് ആഗോള കാഴ്ചപ്പാടുകള്‍ നല്കുന്ന വ്യക്തമായ നിര്വചനങ്ങളുണ്ടാകണം. ആഗോള തൊഴില്‍രംഗത്ത് മത്സരിച്ചു ജയിക്കാനുള്ള അറിവും കഴിവും ഇന്ത്യയുടെ പുതുതലമുറയ്ക്ക് പകര്‍ന്നേകണം. രാജ്യാന്തരതലത്തില്‍ ശോഭിക്കാനുതകുന്ന വ്യക്തിത്വ വികസനവും സൃഷ്ടിക്കപ്പെടണം. ഇന്ത്യയുടെ സംസ്കാരവും പൈതൃകവും പാരമ്പര്യവും ലോകത്തിനുമുമ്പില്‍ വിളിച്ചറിയിക്കാന്‍ വിദേശയൂണിവേഴ്സിറ്റികളുടെ കടന്നുവരവിനാകണം.
ബ്രെയിന്‍ ഡ്രെയിന്‍ അവസാനിക്കുമോ?
ഇന്ത്യ ആഗോള വിദ്യാഭ്യാസ കേന്ദ്രമായി മാറുമ്പോള്‍ ഇന്ത്യയില്‍നിന്നുള്ള പുതുതലമുറയുടെ ഉന്നതപഠനവും തൊഴിലും ലക്ഷ്യംവച്ചുള്ള വിദേശ യൂണിവേഴ്സിറ്റികളിലേക്കുള്ള ഒഴുക്ക് അവസാനിക്കുമെന്ന അവകാശവാദമാണ് കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇവിടെയാണ് ആവാസവ്യവസ്ഥയുടെ പ്രാധാന്യം ഉയര്‍ത്തപ്പെടുന്നത്. ഇന്ത്യയിലെ പുതുതലമുറയുടെ രാജ്യാന്തര പഠന കുടിയേറ്റത്തെയും പഠനാനുഭവങ്ങളെയും ഒരു കാമ്പസ് ലോഗോയുടെ പരിധിക്കുള്ളില്‍ മാത്രം കണ്ടുകൊണ്ട് നിര്‍വചിക്കരുത്. വിദേശരാജ്യങ്ങളിലെ കോഴ്സും പഠനവും പോലെ ഇവരെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന ഘടകം ചുറ്റുമുള്ള ആവാസ വ്യവസ്ഥയുമാണ്. ഇതില്‍നിന്നാണ് ജീവിതം കരുപ്പിടിപ്പിക്കുന്ന ആത്മവിശ്വാസവും പൊരുത്തപ്പെടലും വിമര്‍ശനാത്മകചിന്തയും രൂപപ്പെടുന്നതും വളരുന്നതും. അതിനാല്‍തന്നെ വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലെത്തിയതുകൊണ്ട് ഇന്ത്യയില്‍നിന്ന് വിദേശത്തേക്കു പോകുന്ന പുതുതലമുറയുടെ ഒഴുക്കിനെ തടയാമെന്ന ന്യായവാദം വിജയിക്കണമെന്നില്ല. ഈ അന്താരാഷ്ട്ര ആവാസവ്യവസ്ഥ ഇന്ത്യയിലെ നഗരങ്ങളിലുമില്ലെന്നുള്ളത് ഓര്‍മിക്കണം.
ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകമെമ്പാടും വിവിധ യൂണിവേഴ്സിറ്റികളുടെ 333ലധികം ബ്രാഞ്ച് കാമ്പസുകളുണ്ട്. ഒട്ടേറെ കാമ്പസുകള്‍ ഇതിനോടകം ആരംഭിച്ച് പ്രവേശനത്തിലും സാമ്പത്തികത്തകര്‍ച്ചയിലും ബുദ്ധിമുട്ടി അടച്ചുപൂട്ടുകയോ വില്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ആഗോളതലത്തില്‍ പ്രശസ്തമായ സര്‍വകലാശാലകള്‍ക്ക് മികച്ച പാഠ്യപദ്ധതി പകര്‍ത്താന്‍ കഴിയും. എന്നാല്‍ സംസ്കാരം, നെറ്റ്വര്ക്കുകള്, ഗ്ലോബല്‍ ഇമ്മേഴ്സന്റെ ഭാഗമായ വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക സേവനം, സാംസ്കാരിക വിനിമയം എന്നിവയില്‍ വിജയിക്കണമെന്നില്ല. ഇന്ത്യയിലേക്ക് ആഗോളതലത്തില്‍ പ്രശസ്തമായ ഒരു സര്‍വകലാശാല എത്തിയതുകൊണ്ട് വിദേശരാജ്യത്തെ പൂര്‍ണമായ അനുഭവം പുനര്നിര്മിക്കപ്പെടണമെന്നില്ല. ചുരുക്കത്തില്‍, വിദേശ സര്‍വകലാശാലകള്‍ വന്നതുകൊണ്ടു മാത്രം ഇന്ത്യയില്‍നിന്നുള്ള ബുദ്ധിയുള്ള യുവത്വത്തിന്റെ വിദേശരാജ്യങ്ങളിലേക്കുള്ള പലായനം അവസാനിക്കണമെന്നുമില്ല.
എത്തിയവര്‍ ആരൊക്കെ?
2025 നവംബര്‍ ഒന്നുവരെ 18 വിദേശ സര്‍വകലാശാലകള്‍ക്കാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതെങ്കില്‍ ഇവയില്‍ മൂന്നെണ്ണം ഇതിനോടകം കാമ്പസ് തുറന്ന് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ഓസ്ട്രേലിയ (7), യുകെ (9), ഇറ്റലി (1), യുഎസ്എ (1) എന്നീ രാജ്യങ്ങളില്‍നിന്ന് ലോകറാങ്കിംഗില്‍ 500ല്‍ താഴെയുള്ളവരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ലോകരാഷ്ട്രങ്ങളില്‍ യുകെയും ഓസ്ട്രേലിയയുമാണ് പ്രധാനമായും ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസം ലക്ഷ്യംവയ്ക്കുന്നതെന്നതാണ് ഏറെ ശ്രദ്ധേയം. ഇന്ത്യ-യുകെ വ്യാപാരക്കരാറില്‍ യുകെ നിക്ഷേപം ആകര്‍ഷിക്കുന്ന മേഖലകളില്‍ വിദ്യാഭ്യാസവും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര വിദ്യാഭ്യാസം 2022ല്‍ യുകെയിലേക്ക് 32 ബില്യണ്‍ പൗണ്ടിലധികം കയറ്റുമതി വരുമാനം നേടി. അതില്‍ ഒരു ബില്യണ്‍ അന്താരാഷ്ട്ര കാമ്പസുകളില്‍നിന്നാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ഏകദേശം നാലു കോടിയോളം സര്‍വകലാശാലാ വിദ്യാര്‍ഥികളുണ്ട്. പൊതുവിദ്യാഭ്യാസരംഗത്ത് കുട്ടികളുടെ എണ്ണം കുറയുമ്പോഴും സര്‍വകലാശാലാ വിദ്യാഭ്യാസത്തില്‍ യുവതലമുറയുടെ എണ്ണം കൂടുന്നതാണ് കണക്കുകള്‍. കാലക്രമേണ ഏഴു കോടിയിലേക്ക് ഇതുയരാം. ഇതാണ് വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയെ ലക്ഷ്യംവയ്ക്കുന്നതിന്റെ കാരണങ്ങളിലൊന്ന്.
വിവിധ രാജ്യങ്ങള്‍ പുത്തന്‍ നിയമനിര്‍മാണങ്ങളിലൂടെ വിദേശകുടിയേറ്റത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഭാവിയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് വിദേശ യൂണിവേഴ്സിറ്റികള്‍ ഇന്ത്യന്‍ വിപണിയില്‍ നേരിട്ടിടപെടുന്നത് കൂടുതല്‍ പ്രതീക്ഷ നല്കുന്നു. വിദേശത്തു പോയി പഠിക്കുന്ന സാമ്പത്തികഭാരം ഒഴിവാക്കാമെന്നും അതേസമയം, വിദേശ യൂണിവേഴ്സിറ്റികള്‍ നല്കുന്ന വിദഗ്ധ വിദ്യാഭ്യാസം ഇന്ത്യക്കു ലഭ്യമാകുമെന്നും സര്‍ക്കാര്‍ പറയുന്നു. ഇന്ത്യയില്‍ ട്യൂഷന് ഫീസ് മാത്രമാണ് പ്രധാന ചെലവ്. മികച്ച വിദേശ അധ്യാപകരുടെ സേവനം ഇന്ത്യയില്‍ ലഭ്യമാകുമെന്നും അവകാശവാദമുണ്ട്. ചുരുക്കത്തില്‍, വിദ്യാര്‍ഥികള്‍ക്ക് വിദേശത്തു പോകാതെ അന്താരാഷ്ട്ര പാഠ്യപദ്ധതിയും അധ്യാപനവും ആകര്‍ഷിക്കുന്നു. ഒരു അന്താരാഷ്ട്ര വിദ്യാഭ്യാസ ഹബ്ബായി ഇന്ത്യ ഉയര്‍ത്തപ്പെടുന്നു. കാലക്രമേണ വിദേശ വിദ്യാര്‍ഥികളും ഇന്ത്യയിലെത്തുന്നു. വിദേശത്ത് പഠിക്കാനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ അവസരമൊരുങ്ങുമ്പോള്‍ ഇന്ത്യയില്‍നിന്നു വിദേശത്തേക്കുള്ള പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കപ്പെടുകയും ചെയ്യും. ക്ലാസ് റൂം പഠനം, ഫീല്‍ഡ് വര്‍ക്ക്, കമ്മ്യൂണിറ്റി ഇടപെടല്‍, ഗവേഷണ അധിഷ്ഠി
വിദേശ വിദ്യാഭ്യാസ പ്രതിസന്ധികള്‍
യുകെയിലെ ഉന്നതവിദ്യാഭ്യാസ മേഖല ഇന്ന് അസ്ഥിരമായ ഒരു അന്തരീക്ഷത്തിലാണ്. സാമ്പത്തിക പ്രതിസന്ധി, വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ്, അതിജീവനത്തിനായി നടത്തിയ ചെലവുചുരുക്കല്‍ എന്നിവ പല സ്ഥാപനങ്ങളെയും അടച്ചുപൂട്ടലിലെത്തിച്ചിരിക്കുന്നു. യൂണിവേഴ്സിറ്റീസ് യുകെ എന്ന 141 യുകെ സര്‍വകലാശാലകളുടെ കൂട്ടായ്മ പങ്കുവച്ച സര്‍വേ പ്രകാരം 49 ശതമാനം സ്ഥാപനങ്ങള്‍ പല കോഴ്സുകളും നിര്‍ത്തലാക്കി; 18 ശതമാനം പല ഡിപ്പാര്‍ട്ട്മെന്റുകളും പൂട്ടിക്കെട്ടി.
2022ല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള യുകെ വീസകള്‍ 1.39 ലക്ഷമായിരുന്നു. 2023ല്‍ 1.20 ലക്ഷം. 2024ല്‍ 88,732. സര്‍ക്കാര്‍ നിയന്ത്രണങ്ങളും ഈ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകളിലെ മുരടിപ്പും യുകെ ആകര്‍ഷണം നഷ്ടപ്പെടുത്തുന്നു. യുകെയില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിക്ക് അവിടെ രണ്ടുവര്‍ഷം ജോലിചെയ്യാന്‍ അനുവദിക്കുന്ന ഗ്രാജുവേറ്റ് വീസ കാലാവധി 18 മാസമാക്കുന്ന നയരേഖയും ഇരുട്ടിലായി. കോവിഡ് കാലഘട്ടത്തിനുശേഷം യുകെയും ഓസ്ട്രേലിയയും ഉന്നതവിദ്യാഭ്യാസരംഗത്ത് നേരിട്ട മറ്റൊരു പ്രതിസന്ധി ചൈനീസ് വിദ്യാര്‍ഥികളുടെ വരവിലെ കുറവാണ്. ചൈനയില്‍നിന്ന് പുതിയവര്‍ ഈ രാജ്യങ്ങളിലേക്ക് വന്നില്ലെന്നു മാത്രമല്ല നിലവിലുണ്ടായിരുന്നവര്‍ മടങ്ങിയെത്തിയതുമില്ല. വിവിധ സര്‍വകലാശാലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനുള്ള ഒരു പ്രതിവിധികൂടിയാണ് ഓസ്ട്രേലിയ, യുകെ സര്‍വകലാശാലകളുടെയും ഇന്ത്യയിലേക്കുള്ള കടന്നുവരവിന്റെ ലക്ഷ്യം. ഇന്ത്യയില്‍ കാമ്പസുകള്‍ സജീവമാക്കുന്നതിനോടൊപ്പം സ്വന്തം രാജ്യത്തെ മാതൃ കാമ്പസിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്‍സിയായും ഇവര്‍ക്ക് പ്രവര്‍ത്തിക്കാം. ഒന്നുറപ്പാണ്. വിദേശ സര്‍വകലാശാലകളുടെ ഇന്ത്യന്‍ കാമ്പസില്‍ പഠിച്ചു എന്ന കാരണത്താല്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് ജോലി ലഭിക്കാന്‍ വഴിയൊരുക്കണമെന്നില്ല.
അവസരങ്ങള്‍ പാഴാക്കരുത്
കേരളം വിദേശ സര്‍വകലാശാലകളുടെ പരിഗണനാ പട്ടികയില്‍പോലും ഇല്ലാത്തതും നിര്‍ഭാഗ്യമാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിനായി വിവിധ രാജ്യങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും ഒഴുകുന്നത് കേരളത്തില്‍നിന്നാണെന്നും ഓര്‍ക്കണം. വിദ്യാഭ്യാസമേഖലയെക്കുറിച്ച് കേരളം ഊറ്റംകൊള്ളുമ്പോഴും, ഭരണത്തിലിരിക്കുന്നവരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും മക്കള്‍ കേരളത്തില്‍ പഠിക്കുന്നില്ലെന്നുള്ളതു വസ്തുതയാണ്. സംസ്ഥാനത്തെ കലാലയ അന്തരീക്ഷം കലുഷിതമാക്കുന്ന കലാപങ്ങളും രാഷ്ട്രീയ കൈകടത്തലുകളും ഉദ്യോഗസ്ഥ ധാര്‍ഷ്ട്യവും സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിൽ വന്പ്രഹരമാണേല്പിക്കുന്നത്.
കേരളത്തിലെ വിവിധ സര്‍വകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യാന്തര യൂണിവേഴ്സിറ്റികളുമായി ഇതിനോടകം വിവിധ തലങ്ങളില്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്തെ മികവുറ്റ പല സ്ഥാപനങ്ങളും വിവിധ രാജ്യാന്തര യൂണിവേഴ്സിറ്റികളുമായി കരാറിലേര്‍പ്പെട്ട് സംയുക്ത പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നുണ്ട്. ഇന്ത്യയിലേക്കു കടന്നുവരുന്ന വിദേശ യൂണിവേഴ്സിറ്റികള്‍ പലതും നേരിട്ട് വലിയ അടിസ്ഥാനസൗകര്യനിക്ഷേപം നടത്താന്‍ നിലവില്‍ സാധ്യതയില്ല. അതിനാല്‍തന്നെ സംസ്ഥാനത്തെ പല സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ കാമ്പസുകളിലേക്ക് ഇവരെ ഉള്‍പ്പെടുത്താനാവും. ഈ സാധ്യതകള്‍ പരമാവധി നേടിയെടുക്കാന്‍ കേരളത്തിലെ എൻജിനിയറിംഗ് കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്വയംഭരണ കോളജുകള്ക്കെങ്കിലുമാകണം. ഇതനുസരിച്ചുള്ള അന്തര്‍ദേശീയ കാഴ്ചപ്പാടുകളും ലെയ്സണിംഗും സജീവമാക്കണം. വിദ്യാഭ്യാസരംഗത്ത് ആഗോള മത്സരം സജീവമാകുമ്പോള്‍ അവസരങ്ങള്‍ തേടിയെത്തുമെന്നു കരുതി അടങ്ങിയിരിക്കാതെ, ആഗോള സാധ്യതകള്‍ നമുക്കു കണ്ടെത്താനാകണം. ഈ ചിന്തയില്‍, ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉത്തരവുകളിറക്കി ഉണരുന്നില്ലെങ്കില്‍ വരാനിരിക്കുന്നത് നിലവിലുള്ള വിദ്യാഭ്യാസത്തകര്‍ച്ചയുടെ ആഴത്തിലുള്ള അധഃപതനമായിരിക്കും.
(കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് എക്സിക്യൂട്ടീവ് സെക്രട്ടറിയും കേരള ചേംബര്‍ ഓഫ് കോളജസ് വൈസ് ചെയര്‍മാനുമാണ് ലേഖകന്‍)