16 കിലോമീറ്റർ ദൂരത്തിൽ തൂക്കുവേലി സ്ഥാപിക്കുന്നതിന് അനുമതി
കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഓട്ടപ്പാലം, മണ്ടോപ്പാറ പ്രദേശങ്ങളിൽ ഉൾപ്പെടെ ജനവാസ കേന്ദ്രങ്ങളിൽ നേരിടുന്ന കാട്ടാന ശല്യത്തിന് പരിഹാരമാകുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിൽ കാട്ടാനകൾ ഇറങ്ങുന്ന നാലുമുതല്‍ ഒമ്പതുവരെ വാർഡുകളിലായി ജലസേചന വകുപ്പിന്റെ ഭൂമിയിലൂടെ 16 കിലോമീറ്റർ ദൂരത്തിൽ തൂക്കുവേലി സ്ഥാപിക്കുന്നതിന് അനുമതിയായി. കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര ഇടപെടലുകളും വി.ടി. സൂരജ് എംഎൽഎയുടെ ശ്രമഫലവുമാണ് നടപടിയായത്. ഈ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ മാസങ്ങളായി കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികളിറങ്ങി നിരന്തരം മനുഷ്യജീവനും സ്വത്തിനും കാർഷിക വിളകൾക്കും ഭീഷണിയായി തീർന്നിരുന്നു.
ഇതിനു പരിഹാരം കാണാൻ പെരുവണ്ണാമൂഴി ഡാമിന്റെ റിസർവോയർ അതിർത്തി പ്രദേശങ്ങളിലുള്ള ജലസേചന വകുപ്പിന്റെ ഭൂമിയിലൂടെ തൂക്കുവേലി സ്ഥാപിക്കാൻ കൃഷി വകുപ്പിന്റെ 1.6 കോടി രൂപ സർക്കാർ അനുവദിച്ച് ടെൻഡർ നടപടിയുമാക്കിയിരുന്നു. എന്നാൽ പദ്ധതി നടപ്പാക്കുന്നതിന് ജലസേചന വകുപ്പിന്റെ സാങ്കേതിക തടസം വിനയായി. ഡാം റിസർവോയറിലെ പരമാവധി ജലവിതാനത്തിന് മുകളിലായി തൂക്കുവേലി സ്ഥാപിക്കേണ്ടതും തൂക്കുവേലിയിൽ നിന്നും ഷോക്ക് ഏൽക്കാനുള്ള സാഹചര്യം ഒഴിവാക്കാനും പുതിയ അനുമതിയുടെ ഭാഗമായി നിര്‍ദേശിച്ചിട്ടുണ്ട്.
ജലവിതാനം ഉയരുന്ന സാഹചര്യത്തിൽ പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിക്കുന്ന കോൺക്രീറ്റ് പില്ലറുകൾ ജലനിരപ്പിന് മുകളിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും ഇത്തരം സാഹചര്യങ്ങളിൽ ഇതിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നുമുള്ള വ്യവസ്ഥയിലുമാണ് ജലസേചന വകുപ്പ് അനുമതി നൽകിയിരിക്കുന്നത്.