ശാന്തൻപാറ: ശാന്തൻപാറ പേത്തൊട്ടിയിലും കാനനമൂപ്പിലും കാട്ടാനകൾ ജനവാസമേഖലയിൽ ഇറങ്ങിയതിനെത്തുടർന്ന് നാട്ടുകാർ ശാന്തൻപാറയിലെ ബോഡിമെട്ട് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. 20 ദിവസത്തിലധികമായി കാട്ടാനക്കൂട്ടങ്ങൾ പ്രദേശത്ത് കൃഷിയിടങ്ങളിലും ജനവാസമേഖലകളിലും ഇറങ്ങി കാർഷികവിളകൾ നശിപ്പിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഇന്നലെ രാവിലെ പേത്തൊട്ടിയിലെ ഒറ്റ സ്റ്റോറിന് സമീപം ഏഴു കാട്ടാനകൾ കൂട്ടമായി ഇറങ്ങിയതോടെ തൊഴിലാളികൾക്ക് ഏലത്തോട്ടങ്ങളിലേക്ക് പോകാൻ കഴിഞ്ഞില്ല. കാനനമൂപ്പിൽ ആറു കാട്ടാനകളുടെ കൂട്ടമാണ് എത്തിയത്. ശാന്തൻപാറ ടൗണിൽനിന്നു രണ്ടു കിലോമീറ്റർ അകലെ ചേരിയാറിലും കഴിഞ്ഞ ദിവസം ഈ കാട്ടാനക്കൂട്ടം എത്തിയിരുന്നു.
നിരവധി കർഷകരുടെ ഏക്കർ കണക്കിന് ഏലം കൃഷിയാണ് കാട്ടാനകൂട്ടങ്ങൾ ഇതുവരെ നശിപ്പിച്ചത്. സമീപകാലത്തൊന്നും കാനനമൂപ്പിലും ചേരിയാറിലും കാട്ടാനകൾ എത്തിയിരുന്നില്ല. അതിനാൽത്തന്നെ നാട്ടുകാർ ആശങ്കയിലാണ്.
കാട്ടാനക്കൂട്ടങ്ങളെ തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നലെ നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചത്.
ഏലത്തോട്ടങ്ങളിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളും ഉപരോധ സമരത്തിൽ പങ്കെടുത്തു. പൊതുപ്രവർത്തകരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്ന് ഇന്നുമുതൽ ചിന്നക്കനാൽ, മൂന്നാർ എന്നിവിടങ്ങളിൽനിന്നുള്ള ആർആർ സംഘങ്ങളെ എത്തിച്ചു കാട്ടാനകളെ ആനയിറങ്കൽ മേഖലയിലേക്ക് തുരത്താൻ തീരുമാനിച്ചു. ഇതോടെയാണ് രണ്ടു മണിക്കൂറിലധികം സമയം നീണ്ട ഉപരോധ സമരം അവസാനിപ്പിച്ചത്.
Tags : Forest Destruction