തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജനകീയ കാമ്പയിനായ നിര്‍മലം പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരസഭയുടെ ഔദ്യോഗിക ഭാഗ്യചിഹ്നമായ കൊച്ചു
കൊച്ചി: മാലിന്യമുക്ത കൊച്ചിക്കായി നഗരസഭ നടത്തുന്ന ഇടപെടലുകള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി കെ.എം. ഷാജി. മാലിന്യമുക്തവും ശുചിത്വപൂര്‍ണവുമായ കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജനകീയ കാമ്പയിനായ നിര്‍മലം പദ്ധതിയുടെ കൊച്ചി നഗരസഭ തല ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന എല്ലാ ജനക്ഷേമ പദ്ധതികളെയും ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന നഗരസഭയുടെ സമീപനം അഭിനന്ദനാര്‍ഹമാണ്. അത് കൊച്ചിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്നു. മാലിന്യം കുറയ്ക്കുക, ഉറവിടത്തില്‍ തന്നെ മാലിന്യം തരംതിരിക്കുക, ശാസ്ത്രീയമായി സംസ്കരിക്കുക, ശുചിത്വം ജീവിതശൈലിയാക്കുക എന്നിവയാണ് കാന്പയിന്റെ പ്രധാന ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. ഈ ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിനായി നഗരസഭ നടത്തുന്ന കാമ്പയിന് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മലം ജനകീയ കാമ്പയിന് പുതുയുഗ ശുചിത്വ കേരളത്തിന് വഴിയൊരുക്കും. കേവലം ഒരു പേരിന് വേണ്ടിയുള്ള പദ്ധതിയല്ലിത്. കൃത്യമായ തുടര്‍ പ്രവര്‍ത്തനങ്ങളും വിലയിരുത്തലുകളും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. അഞ്ചുവര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഈ പ്രചാരണത്തിലൂടെ മാലിന്യമുക്ത കേരളത്തിന് കൂടുതല്‍ കരുത്ത് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി നഗരസഭാ മേയര്‍ വി.കെ. മിനിമോള്‍ അധ്യക്ഷത വഹിച്ചു.
കൊച്ചിയുടെ ശുചിത്വ അംബാസഡറും ചലച്ചിത്രതാരവുമായ ടിനി ടോമും ചടങ്ങില്‍ സന്നിഹിതനായിരുന്നു. അദ്ദേഹത്തെ ചടങ്ങില്‍ മന്ത്രി കെ.എം.ഷാജി ആദരിച്ചു. ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ഉമ തോമസ്, ദീപക് ജോയ് തുടങ്ങിയ ജനപ്രതിനിധികളും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. നിര്‍മലം കാമ്പയിനോട് അനുബന്ധിച്ച് കൊച്ചി നഗരസഭയുടെ ഔദ്യോഗിക ഭാഗ്യചിഹ്നമായി കൊച്ചു എന്ന മുയലിനെ മന്ത്രി കെ.എം. ഷാജി പ്രകാശനം ചെയ്തു.
നഗരസഭയിലെ ഓരോ വാര്‍ഡിലെയും നിര്‍മലം വോളണ്ടിയര്‍മാരുടെ പ്രഖ്യാപനവും നിര്‍മലം ക്ലബുകളുടെ ലോഗോ പ്രകാശവും ഉമ തോമസ് എംഎല്‍എ നിര്‍വഹിച്ചു.
നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീന ടീച്ചര്‍ കാമ്പയിന് വിശദീകരണം നടത്തി. ഡെപ്യൂടി മേയര്‍ വി.ആര്. സുധീര്‍, കോര്പ്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷാകൃത സുബ്രഹ്മണ്യന്, ടി.കെ. അഷറഫ്, ആന്റണി പൈനുതറ, പി.എം. നസീമ, കെ.എ. മനാഫ്, ജിസ്മി ജെറാള്‍ഡ്, നഗരസഭ സെക്രട്ടറി പി.എസ്. ഷിബു തുടങ്ങിയവരും കൗണ്‍സിലര്‍മാര്‍, ശുചിത്വ മിഷന് പ്രതിനിധികള്‍, നഗരസഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.