സുൽത്താൻ ബത്തേരി: ചീരാൽ-പഴൂർ-നന്പ്യാർകുന്ന് പ്രദേശങ്ങളിൽ വന്യജീവി ഭീഷണി തുടരുന്നതിനിടെ പുലി വീണ്ടും വളർത്തുമൃഗത്തെ ആക്രമിച്ചു.
നന്പിക്കൊല്ലി പഴൂരിൽ അന്പലക്കര കുഞ്ഞന്റെ ആടിനെയാണ് പുലി കൊന്ന് പാതിഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. രാവിലെ കൂട്ടിലേക്കെത്തിയപ്പോഴാണ് കുടുംബാംഗങ്ങൾ ആടിനെ ചത്ത നിലയിൽ കണ്ടെത്തിയത്.
കൂട്ടിലിൽ കെട്ടിയിരുന്ന ആടിനെ പുലി പുറത്തേക്ക് വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആക്രമണത്തിന്റെ അടയാളങ്ങളും കാല്പാടുകളും പ്രദേശത്ത് വ്യക്തമായിരുന്നു. തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പ്രദേശം മേപ്പാടി റേഞ്ച് പരിധിയിലായതിനാൽ തുടർനടപടികൾ അവിടുത്തെ ഉദ്യോഗസ്ഥരാണ് സ്വീകരിക്കേണ്ടതെന്ന് അറിയിച്ചു.
തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വളരെ സമീപത്തുള്ള പ്രദേശം പോലും കിലോമീറ്ററുകൾ അകലെയുള്ള മേപ്പാടി റേഞ്ചിന് കീഴിലാക്കിയതിനെതിരേ നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു. വന്യജീവി ആക്രമണം ഉണ്ടാകുന്ന സമയങ്ങളിൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ വൈകാൻ കാരണം ഫോറസ്റ്റ് സ്റ്റേഷൻ അകലെ ആയതിനാലാണെന്നും നാട്ടുകാർ ആരോപിച്ചു.
ദിവസങ്ങൾക്കു മുന്പ് ചീരാൽ മുത്താശക്കുഴിയിൽ കടുവ പോത്തിനെ കൊന്ന് പാതിഭക്ഷിച്ച സംഭവം ആശങ്ക സൃഷ്ടിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിക്കുകയും രാത്രികാല നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കടുവയെ കണ്ടെത്താനാകാത്തത് ജനങ്ങളിൽ ഭീതി വർധിപ്പിക്കുകയാണ്. ഒരാഴ്ചയായി ചീരാൽ, പഴൂർ, നന്പ്യാർ, മുത്താശക്കുഴി, തോട്ടാമൂല മേഖലകളിൽ വന്യജീവി സാന്നിധ്യം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് പ്രദേശത്തെ ഭീതിയിലാക്കുകയാണ്.
കുട്ടികളെ സ്കൂളിലേക്കും സ്ത്രീകളെ ജോലിസ്ഥലങ്ങളിലേക്കും ഒറ്റയ്ക്ക് അയയ്ക്കാൻ കുടുംബങ്ങൾ മടിക്കുകയാണ്.കഴിഞ്ഞ ദിവസങ്ങളിലായി വിവിധ സംരക്ഷണ നടപടികൾ വനംവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. ചീരാൽ മുത്താശക്കുഴി മേഖലയിലും പഴൂർ ഭാഗങ്ങളിലുമായി നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. കൂടാതെ രാത്രികാല പട്രോളിംഗും വനപാലകരുടെ പരിശോധനയും വർധിപ്പിച്ചു. വന്യജീവികളുടെ സഞ്ചാരപാതകൾ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.വീടുകൾക്കും തൊഴുത്തുകൾക്കും സമീപം സോളാർ വേലികൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രിയിൽ വളർത്തുമൃഗങ്ങളെ സുരക്ഷിതമായി അടച്ചുറപ്പുള്ളയിടങ്ങളിൽ പാർപ്പിക്കണമെന്നും വനവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വന്യജീവിയെ പിടികൂടാൻ ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. വന്യജീവി ശല്യത്തിന് സ്ഥിരപരിഹാരം കാണാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമാണ്.