കൊച്ചി: മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിനെ കൊലപ്പെടുത്തുന്നതിനായി താൻ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി സംവിധായകനും മുൻ മേജറുമായ മേജർ രവി. 'ട്വന്റി ഫോർ ന്യൂസ്' പോഡ്കാസ്റ്റായ 'മൈൻഡ് യുവർ വേഡ്സിൽ'സംസാരിക്കവെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
സർവീസിൽ നിന്ന് വിരമിച്ച ശേഷവും ദാവൂദും മുംബൈ സ്ഫോടന പരമ്പരയും തനിക്ക് വലിയ വ്യക്തിപരമായ വേദനയായിരുന്നുവെന്നും, അങ്ങനെയാണ് അയാളെ വധിക്കാൻ ഒരു പദ്ധതി തയ്യാറാക്കിയതെന്നും മേജർ രവി വ്യക്തമാക്കുന്നു.
അക്കാലത്ത് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ നേരിൽ കണ്ടപ്പോൾ ഇക്കാര്യം ധരിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹം ആഭ്യന്തര മന്ത്രിയായപ്പോൾ തന്നെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയും, പദ്ധതിയുമായി മുന്നോട്ടുപോകാനും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പിന്തുണ ഉറപ്പുനൽകുകയും ചെയ്തു. ഒരു മലയാളിയായ ബിജെപി നേതാവും ഈ കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.
രണ്ട് വർഷത്തോളം നീണ്ടുനിൽക്കുന്ന വലിയൊരു പദ്ധതിയായിരുന്നു ഇത്. എന്നാൽ ഇതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് കോവിഡും ലോക്ക്ഡൗണും പ്രഖ്യാപിക്കുന്നത്. ഇതോടെ പദ്ധതി ഉപേക്ഷിക്കാൻ താൻ നിർബന്ധിതനാവുകയായിരുന്നുവെന്ന് മേജർ രവി വെളിപ്പെടുത്തി.