Tech
നാവിഗേഷൻ ആപ്പിൽ നിന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സെർച്ച് പ്ലാറ്റ്ഫോമിലേക്കുള്ള ഗൂഗിൾ മാപ്സിന്റെ വളർച്ചയാണ് ഇപ്പോൾ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ഗൂഗിളിന്റെ എഐ സാങ്കേതികവിദ്യയായ ജെമിനിയുടെയും ‘ആസ്ക് മാപ്സ്’ പോലുള്ള ഫീച്ചറുകളുടെയും പിന്തുണയോടെ, ഉപഭോക്താക്കൾക്കായി നേരിട്ട് ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനം ആപ്പിൽ ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ പൂർണ്ണതോതിൽ ലഭ്യമായിട്ടില്ല. യാത്രയിലായിരിക്കുമ്പോൾ പോലും ഉപഭോക്താവിന് കഴിക്കാൻ തോന്നുന്ന വിഭവങ്ങൾ മാപ്സിനോട് ആവശ്യപ്പെടാമെന്നും, പ്രാദേശിക റെസ്റ്റോറന്റുകൾ കണ്ടെത്തി മാപ്സ് തന്നെ ആ ഓർഡർ നൽകും. നിലവിൽ ഒരു റെസ്റ്റോറന്റ് കണ്ടെത്തിയ ശേഷം ഓർഡർ ചെയ്യാനായി മറ്റ് ഫുഡ് ഡെലിവറി ആപ്പുകളെ ആശ്രയിക്കേണ്ടി വരുന്ന രീതി ഇനി അവസാനിക്കും.
ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ചാറ്റ്ബോട്ട് എന്നതിനപ്പുറം, മനുഷ്യർക്ക് വേണ്ടി ജോലികൾ സ്വയം ചെയ്തുതീർക്കുന്ന ‘എഐ ഏജന്റുകൾ രൂപീകരിക്കാനുള്ള ഗൂഗിളിന്റെ വിപുലമായ പദ്ധതികളുടെ ഭാഗമാണിത്. കലണ്ടർ മാനേജ്മെന്റ്, അപ്പോയിന്റ്മെന്റ് ബുക്കിംഗ് എന്നിവയ്ക്കുശേഷം ദൈനംദിന ജീവിതത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ഫുഡ് ഓർഡറിംഗിലേക്ക് ജെമിനി എഐ കടക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ രീതിയിൽ സമയം ലാഭിക്കാൻ സഹായിക്കും.
ഗൂഗിൾ മാപ്സ് നേരിട്ട് റെസ്റ്റോറന്റുകളുമായി ബന്ധിപ്പിച്ചാണോ അതോ നിലവിലുള്ള തേർഡ് പാർട്ടി ഡെലിവറി സർവീസുകൾ വഴിയാണോ ഇത് സാധ്യമാക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല. കൂടാതെ, ഈ പ്രോസസ് പൂർണമായും ക്ലൗഡ് അധിഷ്ഠിതമാണോ അതോ ഡിവൈസിലുള്ള എഐ സാങ്കേതികവിദ്യയെ ആശ്രയിച്ചാണോ പ്രവർത്തിക്കുക എന്നതിലും വ്യക്തതയില്ല. പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചറുകൾ ചിലപ്പോൾ ഔദ്യോഗികമായി പുറത്തിറങ്ങാറില്ലെങ്കിലും, ഗൂഗിൾ തങ്ങളുടെ എകോസിസ്റ്റത്തിലേക്ക് ജെമിനിയെ വേഗത്തിൽ സംയോജിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഈ ഫീച്ചർ അധികം വൈകാതെ യാഥാർഥ്യമാകുമെന്നാണ് വിലയിരുത്തൽ.
Tech
ആപ്പിളും ഓപ്പൺഎഐയും തമ്മിലുള്ള രണ്ട് വർഷത്തെ പ്രത്യേക കരാർ പിൻവലിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സിരിയിൽ ഇനി ഒന്നിലധികം ചാറ്റ്ബോട്ടുകൾ ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ ഉൾപ്പെടുത്തുമെന്ന് ആപ്പിൾ.
ഐഒഎസ് 27ൽ അവതരിപ്പിക്കുന്ന പുതിയ എക്സ്റ്റൻഷൻ ഫീച്ചറിലൂടെ സിരിയെ ഒന്നിലധികം ചാറ്റ്ബോട്ടുകളുമായി ബന്ധിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുന്നു. ഓപ്പൺ എഐ മാത്രം ലഭിയമായിരുന്ന സിരിയിൽ ഇനി മുതൽ ഗൂഗിൾ ജെമിനി, ആന്ത്രോപിക് ക്ലോഡ് തുടങ്ങിയവ ലഭ്യമാകും.
ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്ന് തങ്ങൾക്കിഷ്ടപ്പെട്ട എഐ തെരഞ്ഞെടുക്കാനും സെറ്റിംഗ്സ് വഴി അത് നേരിട്ട് ക്രമീകരിക്കാനും സാധിക്കും. ഐഒഎസ് 27, ഐപാഡ് ഒഎസ് 27, മാക് ഒഎസ് 27 എന്നിവയിൽ ഈ ഫീച്ചർ ലഭ്യമാകും എന്നാണ് റിപ്പോർട്ട്.
ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ചാറ്റ്ബോട്ട് ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം ആപ്പിൾ ഇന്റലിജൻസ് ആൻഡ് സിരി സെക്ഷനിൽ പോയി അത് പ്രവർത്തനസജ്ജമാക്കാം.
എഐ സാങ്കേതികവിദ്യയിൽ പിന്നിലായിപ്പോയ ആപ്പിൾ, ഒരു പങ്കാളിയെ മാത്രം ആശ്രയിക്കുന്നതിന് പകരം എല്ലാവർക്കും അവസരം നൽകുന്ന രീതിയിലേക്കാണ് ഇപ്പോൾ മാറുന്നത്.
2026 ജനുവരിയിൽ ഗൂഗിളുമായി ആപ്പിൾ 100 കോടി ഡോളറിന്റെ കരാർ ഒപ്പുവച്ചതോടെ ജെമിനി മോഡലുകളെ ആപ്പിൾ ഉപകരണങ്ങളിൽ നേരിട്ട് ഉപയോഗിക്കാനുള്ള അധികാരം ആപ്പിൾ സ്വന്തമാക്കി.
Tech
കലിഫോർണിയ: എഐ പ്ലാറ്റ്ഫോമുകളായ ഗൂഗിളിന്റെ ജെമിനിയും ഒാപ്പൺ എഐയുടെ ചാറ്റ് ജിപിടി തമ്മിലുള്ള മത്സരത്തിൽ ഒരു പടി മുന്നിലെത്തി ജെമിനി. പുതിയ കണക്കുകൾ പ്രകാരം ജെമിനി 28 ശതമാനം വളർച്ച നേടി. അതേസമയം, ചാറ്റ് ജിപിടി അഞ്ചു ശതമാനം പിന്നോട്ടുപോയതായും റിപ്പോർട്ട് പറയുന്നു. ഈ രംഗത്തു ആധിപത്യം പുലർത്തിവന്ന ചാറ്റ് ജിപിടിക്ക് ജെമിനിയുടെ പുതിയ മോഡലാണ് വെല്ലുവിളി ഉയർത്തുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 2025 നവംബറിൽ ഗൂഗിൾ ജെമിനി-3 മോഡൽ അവതരിപ്പിച്ചതോടെ ജെമിനിയിലേക്കു കൂടുതൽ സന്ദർശകർ എത്തിത്തുടങ്ങിയതായി സിമിലർവെബ് കണക്കുകൾ സൂചിപ്പിക്കുന്നു.
വമ്പൻമാരുടെ മത്സരം
2025 ഡിസംബറിൽ മാത്രം ഗൂഗിൾ ജെമിനിയുടെ ഔദ്യോഗിക സൈറ്റിലെ ട്രാഫിക് മാത്രം ഏകദേശം 28 ശതമാനം വർധിച്ചു. ഇതേസമയം, ചാറ്റ് ജിപിടിയുടെ സൈറ്റിലെ ട്രാഫിക് ആറു ശതമാനം കുറയുകയും ചെയ്തു. അതേസമയം, യഥാർഥ കണക്കുകൾ പരിശോധിച്ചാൽ ചാറ്റ് ജിപിടി സന്ദർശകരുടെ എണ്ണത്തിൽ വളരെ മുന്നിലുമാണ്.
ഡിസംബറിൽ ചാറ്റ് ജിപിടിക്ക് 550 കോടി ന്ദർശനങ്ങൾ ലഭിച്ചപ്പോൾ ജെമിനിക്കു ലഭിച്ചത് 170 കോടി മാത്രമാണ്. ഡീപ്സീക്ക്, ഗ്രോക്ക്, പെർപ്ലെക്സിറ്റി , ക്ലോഡ് തുടങ്ങിയ മറ്റ് എഐ പ്ലാറ്റ്ഫോമുകളൊന്നും തന്നെ 40 കോടി സന്ദർശനങ്ങൾക്കു മുകളിൽ എത്തിയിട്ടില്ല. ചുരുക്കത്തിൽ, എഐ രംഗത്തു മത്സരം ജെമിനിക്കും ചാറ്റ്ജിപിടിക്കും ഇടയിലാണ്.
ഗൂഗിളിന്റെ തന്ത്രം
അതേസമയം, ഗൂഗിളിന്റെ തന്ത്രപരമായ മാർക്കറ്റിംഗ് നീക്കങ്ങളാണ് ജെമിനിയുടെ വളർച്ചയ്ക്കും സന്ദർശകരുടെ വർധനയ്ക്കും കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗൂഗിൾ സേർച്ച്, ആൻഡ്രോയ്ഡ് ഫോണുകൾ, ജി മെയിൽ, ഡോക്സ്, ഷീറ്റ്സ് എന്നിവയിലെല്ലാം ഗൂഗിൾ ജെമിനിയെ സംയോജിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കൾ പ്രത്യേകമായി ജെമിനി വെബ്സൈറ്റ് തുറക്കാതെതന്നെ തങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളിലൂടെ ജെമിനി എഐ സേവനം പ്രയോജനപ്പെടുത്തുന്നു. ചാറ്റ് ജിപിടി പ്രധാനമായും ആശ്രയിക്കുന്നത് ഉപഭോക്താക്കൾ നേരിട്ടു വെബ്സൈറ്റിലേക്കു വരുന്നതിനെയാണ്. ഗൂഗിളിന്റെ മാർക്കറ്റിംഗ് തന്ത്രങ്ങൾ ചാറ്റ് ജിപിടി ഉടമകളായ ഓപ്പൺ എഐ ക്യാമ്പിൽ ജാഗ്രതയുണ്ടാക്കിയിട്ടുണ്ട്. കമ്പനിക്കുള്ളിൽ കോഡ് റെഡ് സാഹചര്യത്തിനു സമാനമായ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചാറ്റ് ജിപിടിയെ കൂടുതൽ ബുദ്ധിശക്തിയുള്ളതും വേഗമുള്ളതുമാക്കുന്നതിലേക്കാണ് അവർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.