ജയ്പൂർ: സ്വന്തം പണം നഷ്ടപ്പെട്ടതിനെ തുടർന്ന് സ്കൂളിലെ വിദ്യാർഥിനികളുടെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തിൽ രാജസ്ഥാനിലെ ഗവൺമെന്റ് സ്കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്തു. രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ ബമൻവാസിന് സമീപമുള്ള ലിവാലി ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപിക സരസ്വതി മീനയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ചൊവ്വാഴ്ച അധ്യാപികയുടെ 1000 രൂപ നഷ്ടപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ പെൺകുട്ടികളാണ് പണം എടുത്തതെന്ന് സംശയിച്ച അധ്യാപിക ഇവരെ സ്വകാര്യമായി വിളിപ്പിച്ചു വസ്ത്രമുരിഞ്ഞ് പരിശോധന നടത്തുകയായിരുന്നുവെന്ന് രക്ഷിതാക്കളും വിദ്യാർഥികളും ആരോപിച്ചു. സംഭവം മാനസികമായി തളർത്തിയ പെൺകുട്ടികൾ വീട്ടിലെത്തി വിവരമറിയിച്ചതോടെ നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് ബുധനാഴ്ച സ്കൂളിന്റെ പ്രധാന കവാടം പൂട്ടി വൻ പ്രതിഷേധം നടത്തി.
സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ പ്രാഥമികമായി കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് രാജസ്ഥാൻ സിവിൽ സർവീസ് നിയമപ്രകാരം അധ്യാപികയെ സസ്പെൻഡ് ചെയ്തത്. വിഷയം സമയബന്ധിതമായി ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനും ഗൗരവത്തോടെ കൈകാര്യം ചെയ്യാതിരുന്നതിനും സ്കൂൾ പ്രിൻസിപ്പൽ മനോജ് കുമാർ മീനയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച അധ്യാപിക, വിദ്യാർഥിനികളെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും വസ്ത്രമുരിഞ്ഞു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അവകാശപ്പെട്ടു. സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.