സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പെയും എർലിംഗ് ഹാലൻഡും സാദിയൊ മാനെയും നേർക്കുനേർ വരുന്നതാണ് ഫിഫ 2026 ലോകകപ്പിലെ ഗ്രൂപ്പ് ഐയുടെ ഹൈലൈറ്റ്. അതിൽ ഏറ്റവും ശ്രദ്ധേയം ഹാലണ്ടും എംബപ്പെയും തമ്മിലുള്ള പോരാട്ടമാണ്. ഇരുവരും നേർക്കുനേർ വന്ന മത്സരങ്ങളിൽ ഹാലൻഡിനാണ് നേരിയ എഡ്ജെങ്കിലും ലോകകപ്പിൽ കളി മാറും. ഫ്രാൻസും നോർവെയും ആഫ്രിക്കൻ ശക്തരായ സെനഗലും ഏഷ്യൻ പ്രതിനിധികളായ ഇറാക്കും ഉൾപ്പെടുന്ന ഗ്രൂപ്പിലെ കളികളിൽ തീപാറുമെന്നുറപ്പ്.
ഫ്രാൻസ്
മെസിക്കൊരു കപ്പെന്ന സ്ലോഗനിൽ ഖത്തറിൽ എംബപ്പെയുടെ കണ്ണീരിന് ഇമോഷണൽ വാല്യുവുണ്ടായില്ലെന്നത് നേര്. എന്നാൽ, കിലിയനും ഫ്രാൻസും പഴയതൊന്നും മറന്നിട്ടില്ല. കപ്പിൽ കുറഞ്ഞതൊന്നും ദിദിയെ ദേഷാംപ്സും കുട്ടികളും ആഗ്രഹിക്കുന്നില്ല, അർഹിക്കുന്നില്ല. ഈ ലോകകപ്പിലെ എണ്ണംപറഞ്ഞ ടീമിനെയാണ് ഫ്രഞ്ചുകാർ കളത്തിലിറക്കുന്നത്.
ബാലൺ ഡി ഓർ ജേതാവ് ഉസ്മാൻ ഡെംബെലെയും എംബപ്പെയും നയിക്കുന്ന മുന്നേറ്റനിര ലോകത്തിലെ ഏതൊരു പ്രതിരോധനിരയുടെയും പേടിസ്വപ്നമാണ്. ലൂക്കാസ് ഹെർണാണ്ടസ്, എൻഗോളോ കാന്റെ എന്നിങ്ങനെ നീളുന്നു ടീമിന്റെ താര സന്പത്ത്. നിലവിൽ ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ലേ ബ്ലൂസ് രണ്ടു വട്ടം (1998, 2018) കിരീടം ചൂടിയിട്ടുണ്ട്. 2006ലും 2022ലും ഫൈനലിസ്റ്റുകളായി.
സെനഗൽ
ആഫ്രിക്കൻ സിംഹങ്ങളായ സെനഗൽ യോഗ്യതാ റൗണ്ടിൽ തോൽവിയറിയാതെയാണ് മുന്നേറിയത്. 10 മത്സരങ്ങളിൽനിന്ന് 24 ഗോളുകൾ നേടിയ പപെ തിയോവിന്റെ സംഘം മൂന്നു ഗോളുകൾ മാത്രമാണ് വഴങ്ങിയത്. നാല് തവണയാണ് ലോകകപ്പിന് യോഗ്യത നേടിയത്. 2002ൽ ക്വാർട്ടറിൽ എത്തിയതാണ് മികച്ച നേട്ടം.
ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയെങ്കിലും ഫൈനലിലെ കൈവിട്ട കളികളുടെ പേരിൽ മൊറോക്കോയ്ക്ക് വിട്ടുകൊടുക്കേണ്ടിവന്നിരുന്നു. എന്നാൽ, ലോകഫുട്ബോളിലെ കരുത്തരാണ് സാദിയോ മാനെയുടെ ടീം. ഇലിമാൻ എൻഡിയെ, ജാക്സൺ, ക്യാപ്റ്റൻ കലിദോ കൂലിബാലി, എഡ്വാർഡ് മെൻഡി എന്നിവരാണ് പ്രധാന താരങ്ങൾ.
ഇറാക്ക്
രണ്ടാം തവണയാണ് ഇറാക്ക് ലോകകപ്പിൽ പങ്കെടുക്കുന്നത്. 1986 അരങ്ങേറ്റത്തിൽ ഗ്രൂപ്പിൽ ഏറ്റവും അവസാനക്കാരായാണ് മടങ്ങിയത്. ഇത്തവണ പ്ലേ ഓഫ് കളിച്ചാണ് ടിക്കറ്റെടുത്തത്. പ്രതിരോധമാണ് ഇറാക്കിന്റെ മെയിൻ. ശാരീരിക കരുത്തിൽ എതിരാളികളെ പിടിച്ചുനിർത്താനാവും ഗ്രഹാം ആർണോൾഡിന്റെ കുട്ടികൾ ശ്രമിക്കുക. ക്യാപ്റ്റൻ അയ്മേൻ ഹുസൈൻ, അലി അൽ ഹമാദി, അലി ജാസിം എന്നിവരാണ് പ്രധാനതാരങ്ങൾ.
നോർവെ
കാൽപ്പന്ത് കളത്തിൽ കെട്ടഴിഞ്ഞ കൊടുങ്കാറ്റാണ് എർലിംഗ് ഹാലൻഡ്. ഈ മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ കരുത്തിലാണ് 27 വർഷത്തിനുശേഷം നോർവെ ലോകകപ്പിനെത്തുന്നത്. ഇതിനു മുമ്പ് മൂന്ന് തവണ ലോകവേദിയിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. രണ്ട് തവണ പ്രീ ക്വാർട്ടറിലെത്തിയതാണ് മികച്ച നേട്ടം.
ഇത്തവണ ഇറ്റലി ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് യോഗ്യതാ റൗണ്ടിലെ എല്ലാകളിയും ജയിച്ചാണ് വരുന്നത്. ഹാലൻഡിനെ കൂടാതെ പ്ലേമേക്കർ മാർട്ടിൻ ഒഡെഗാർഡ്, അന്റോണിയോ നുസ, അലക്സാണ്ടർ സോർലോത് തുടങ്ങിയവരും നോർവെ സംഘത്തിന്റെ കരുത്താണ്. സ്റ്റെയ്ൽ സോൾബാകെനാണ് പരിശീലകൻ.