പനാജി: ഗോവയിൽ കാസിനോ ഉടമയ്ക്ക് നേരെ വെടിവയ്പ്പ്. കർണാടക സ്വദേശിയായ ശ്രീനിവാസ് നായക്കിന് നേരെയാണ് ആക്രമണം നടന്നത്. ശ്രീനിവാസ് നായക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പനാജിയിലെ നിയോ മജസ്റ്റിക് ഹോട്ടലിന് സമീപത്താണ് സംഭവം നടന്നത്.
ശ്രീനിവാസ് നായക് ഓഫീസിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറാൻ ശ്രമിക്കവേയാണ് ആക്രമണം നടന്നത്. കാത്തിരുന്ന രണ്ട് അക്രമികൾ ഇയാൾക്ക് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്തു. ആക്രമണം നടന്നയുടൻ ശ്രീനിവാസ് നായക് ഹോട്ടൽ ലോബിയിലേക്ക് പിന്മാറുകയും, ഒപ്പമുണ്ടായിരുന്ന അംഗരക്ഷകർ അക്രമികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. പിന്നാലെ അക്രമികൾ സമീപത്തെ ദേശീയപാത മുറിച്ചുകടന്ന് ഓടി രക്ഷപ്പെട്ടു.
വെടിവയ്പ്പിന്റെയും അക്രമികൾ രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ബിസിനസ് തർക്കങ്ങളാണ് സംഭവത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.