ഇംഫാൽ: മണിപ്പുരിലെ കാമ്ജോംഗ് ജില്ലയിൽ വെടിയേറ്റ നിലയിൽ നാഗാവിഭാഗക്കാരുടെ നാലു മൃതദേഹങ്ങൾ കണ്ടെത്തി.
മ്യാൻമറിൽനിന്നുള്ള സായുധസംഘത്തിന്റെ ആക്രമണത്തിലാണ് നാലുപേരും കൊല്ലപ്പെട്ടതെന്നു സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. വരേഷിം ജാജോ, ഫാമി ജാജോ, ബെറ്റർസൺ ജാജോ, നിംഗ്തെം കഷക് എന്നിവരാണു കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
മ്യാൻമർ അതിർത്തിയിലെ പിലോംഗ് ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹങ്ങൾ കാമ്ജോംഗ് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
പുലർച്ചെ അഞ്ചംഗസംഘത്തിനുനേരെ സായുധസംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഘർഷത്തിനിടെ ഒരാൾ ഓടിരക്ഷപെട്ടു. ആക്രമണത്തെ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് അപലപിച്ചു. അക്രമികളെ ഉടൻ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.