കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
"ഇത് ഒരു കുന്പിൾ തടിയുടെ വേരായിരുന്നു. ഈ വേരു കണ്ടപ്പോൾത്തന്നെ ഇതിൽനിന്ന് യേശുക്രിസ്തുവിന്റെ തിരുമുഖം കൊത്തിയെടുക്കാൻ കഴിയും എന്ന് എനിക്കു മനസിലായി.'' തടിയിൽ കൊത്തിയെടുത്ത യേശുക്രിസ്തുവിന്റെ അതിമനോഹരമായ മുഖം ഉയർത്തിപ്പിടിച്ച് സംസാരിക്കുന്നത് പ്രശസ്തശില്പി പി.പി. സാബു ആണ്. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ശ്രദ്ധിച്ച, "കല്ലൂസ് അന്പിളി സുരേഷ്' എന്ന പേരുള്ള ഒരു യുട്യൂബ് ചാനലിൽ വന്ന ഈ വീഡിയോ ആരെയും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു! ചേർത്തല പട്ടണക്കാട്, കാവിൽ സെന്റ് മൈക്കിൾസ് സ്കൂുളിന് എതിർവശത്താണ് ഈ വിദഗ്ധ ശില്പിയുടെ പണിശാല! സാധാരണക്കാർ നോക്കുന്പോൾ വെട്ടിപ്പൊളിച്ച് വിറകുകൊള്ളിയാക്കാൻ മാത്രം കൊള്ളാവുന്ന ഉണക്കവേരുകളിലും മരമുട്ടികളിലുമൊക്കെ ഈ ശില്പിയുടെ കണ്ണു പതിയുന്പോൾ, ദൈവത്തിന്റെ മുഖഭാഷ കാണുന്നുവെങ്കിൽ, മറ്റ് പല ഉപയോഗവസ്തുക്കളുടെയും ആശയരൂപം തെളിയുന്നുവെങ്കിൽ, അതിൽ എന്തോ അത്ഭുതമുണ്ട്.
വിരൂപമായ മരമുട്ടി ആദ്യം കൈയിലെടുത്ത ആ ശില്പിക്ക് അതിൽനിന്ന് യേശുക്രിസ്തുവിന്റെ രൂപം ഉണ്ടാക്കാൻ കഴിയും എന്നു വെളിപ്പെട്ടത് ഒരു പ്രത്യേക നിമിഷത്തിലാണ്. ആ നിമിഷമാണ് ശില്പിയുടെ സർഗാത്മകതയുടെ ഉറവയുണരുന്ന സമയം! ആ വേരുകൊണ്ട്, അദ്ദേഹത്തിന് യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ മുഖവും ഉണ്ടാക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ, തന്റെ കൈയിൽകിട്ടിയ തടിവേരുകൊണ്ട് താൻ തന്റെ ദൈവത്തിന്റെ മുഖമാണ് കൊത്തുന്നത് എന്ന ശില്പിയുടെ തീരുമാനമാണ് സുപ്രധാനമായി മാറിയത്.
പ്രിയ കൂട്ടുകാരേ, ഇവിടെ തെളിയുന്ന രണ്ടു ജീവിത ദർശനങ്ങൾ, നിങ്ങൾക്കും സ്വീകരിക്കാവുന്നതാണ്. ശില്പി ഞാനും മരമുട്ടി എന്റെ ജീവിതവും എന്നതാണ് ഒന്നാമത്തെ ജീവിത ദർശനം. നാമോരോരുത്തരുടേയും കൈയിൽ നമ്മുടെ ജീവിതം ഒരു മരമുട്ടിപോലെ നൽകപ്പെട്ടിരിക്കുകയാണ്. എന്റെ ജീവിതംകൊണ്ട് ഞാൻ എന്തായിത്തീരണം എന്നത് എന്റെ വെളിപാടാണ്, ഉൾക്കാഴ്ചയാണ്. എന്റെ സാധ്യതകളും പരിമിതികളും തിരിച്ചറിഞ്ഞ്, എനിക്ക് ആയിത്തീരാൻ കഴിയുന്നതിന്റെ പരമാവധി മികച്ച ജീവിത തലത്തിലേക്ക് എന്നെ രൂപപ്പെടുത്തണമെങ്കിൽ എനിക്ക് എന്നെപ്പറ്റിത്തന്നെ അഗാധമായ ധ്യാനം, പഠനം, കഠിനാധ്വാനം, വിലയിരുത്തൽ എല്ലാം ആവശ്യമാണ്.
രണ്ടാമത്തെ ദർശനം, ഞാൻ മരമുട്ടിയും ശില്പി എന്റെ മാതാപിതാക്കളും അധ്യാപകരും എന്നതാണ്! ശില്പിയായ സാബുവിനോട് മരമുട്ടി ഒരിക്കലും പറഞ്ഞില്ല, തന്നെ എന്താക്കണം എന്ന്. കൈപ്പുണ്യമുള്ള ശില്പിയുടെ സർഗനൈപുണ്യത്തിനും വരം ലഭിച്ച വിരൽവഴക്കങ്ങൾക്കും സ്വയം അർപ്പിച്ച് ശില്പിയുടെ മനസിലെ ശില്പം ആയിത്തിരുന്നതിന്റെ ആത്മവ്യഥയെ തന്റെ വിദ്യാഭ്യാസത്തിന്റെ ആത്മകഥയാക്കി, മരത്തടി കാത്തുകിടന്നു! തന്റെ ശരീരത്തിൽ വീഴുന്ന ഉളിവീഴ്ചകൾ, ശില്പിയുടെ കൈപ്പിഴയായി കണ്ടില്ല, പകരം അത് ശില്പവൈഭവത്തിന്റെ കരവിരുതായി തിരിച്ചറിഞ്ഞ്, ഗുരുവിന്റെ ശിക്ഷണത്തിനായി കാത്തിരുന്നു!
കൂട്ടുകാരേ, ഇന്ന് മാതാപിതാക്കളേയും ഗുരുജനങ്ങളേയും പല വിദ്യാർഥികളും നിന്ദിക്കുകയും ശിക്ഷണം നിരസിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, നല്ല ശില്പമായി മാറുന്ന മരമുട്ടിക്ക് ശില്പിയുടെ തട്ടും മുട്ടും വെട്ടും ചീന്തലുമൊന്നും സ്വീകരിക്കാൻ വൈമുഖ്യങ്ങളില്ല! വ്യവസ്ഥകളില്ല! ഗുരുകൃപാവൈഭവങ്ങൾക്കു മുന്നിൽ ഓരോ വ്യക്തിയും നടത്തുന്ന സ്വയം സമർപ്പണത്തിലൂടെയാണ് നമ്മൾ അതിശയിപ്പിക്കുന്ന ശില്പമായി മാറുന്നത്. മറുമൊഴി പറയാത്ത മരമുട്ടികളിൽ ഗുരുമിഴിയുഴിയുന്പോൾ, തിരുവഴി തെളിയും എന്നത് സത്യമാണ്. എല്ലാ വിദ്യാർഥികളിലും ഗുരുമിഴിയുഴിയട്ടെ, തിരുവഴി തെളിയട്ടെ!
സസ്നേഹം,
സ്വന്തം കൊച്ചേട്ടൻ