Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിൽനിന്ന് കൂടുമാറിയവർക്ക് ‘കൈ'കൊടുക്കുന്ന നിലപാടാണ് കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടികയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്തെ സിപിഎം നേതാവും കൊട്ടാരക്കരയിലെ മുൻ എംഎൽഎയുമായ ഐഷ പോറ്റിയാണ് ആദ്യം കോണഗ്രസിന് കൈകൊടുത്ത് കൂറുമാറിയത്. ഐഷ പോറ്റിയെ കൊട്ടാരക്കരയിലെ അങ്കത്തട്ടിൽ വീണ്ടുമിറക്കിയിരിക്കുകയാണ് കോൺഗ്രസ്.
ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ അട്ടിമറിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫായിരുന്ന എസ്. സുരേഷിനും വലിയ പരിഗണനയാണ് നൽകിയിരിക്കുന്നത്.
പാർട്ടി അംഗത്വമെടുത്ത സുരേഷിനെ വി.എസിന്റെ സ്വന്തം മലമ്പുഴയിൽ തന്നെയാണ് പോരിനിറക്കിയിരിക്കുന്നത്. വി.എസിന്റെ പിൻഗാമിയായി മലമ്പുഴയിൽ ചെങ്കൊടി പാറിച്ച എ. പ്രഭാകരനെ സുരേഷ് മലർത്തിയടിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
Kerala
നിന്റെ സഹോദരൻ നിന്നോടു തെറ്റ് ചെയ്താൽ നീയും അവനും മാത്രമായിരിക്കെ ആ തെറ്റ് അവനെ ബോധ്യപ്പെടുത്തുക. അവൻ നിന്നെ അനുസരിച്ചില്ലെങ്കിൽ, സകലത്തിന്റെയും ഓരോ വാക്കിന്റെയും സാക്ഷ്യത്തിനായി ഒരു മധ്യസ്ഥനെ കൂടെ കൊണ്ടുചെല്ലുക. അവൻ, അവനെയും അംഗീകരിച്ചില്ലെങ്കിൽ, സഭയോടു പറയുക. സഭയെപ്പോലും അംഗീകരിക്കാത്തവനെ നിന്റെ സ്നേഹക്കൂട്ടായ്മയിൽനിന്നു നീക്കി കളയാവുന്നതാണ്. - ബൈബിളിലെ അതിസുന്ദരമായ ഒരു വചനം. നോന്പുകാലത്ത് ഈ വചനത്തിനു സവിശേഷ തിളക്കമുണ്ട്.
സ്വാഭാവികമായി നമ്മുടെ മനസിൽ ഉണ്ടാകുന്ന ചിന്ത മറ്റൊന്നാണ്. വിട്ടുവീഴ്ചയില്ലാതെ കണിശബുദ്ധിയോടുകൂടി അനുരഞ്ജനപ്പെടാതെ നിൽക്കുന്ന വ്യക്തിയെ അനുരഞ്ജനപ്പെടുത്താൻ നമ്മൾ ആദ്യം ദൈവത്തോടു പറയണമെന്നതാണ് സ്വാഭാവികമായി മനുഷ്യൻ പൊതുവേ എടുക്കുന്ന ഒരു ആധ്യാത്മിക സമീപനം. എന്നാൽ, ഈ വചനം നമ്മോടു പറയുന്നത് എന്താണ്?
യേശുവിനു വേണമെങ്കിൽ, നിന്റെ സഹോദരൻ തെറ്റ് ചെയ്താൽ ദൈവത്തോട് ആ സങ്കടം പറഞ്ഞു പ്രാർഥിക്കണമെന്നു മാത്രം പറഞ്ഞാൽ മതിയായിരുന്നു. എന്നാൽ, മനുഷ്യൻ പരിശ്രമം നടത്താതെ എല്ലാം ദൈവത്തെ ഏൽപ്പിച്ചിട്ട് സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുന്നതിനെതിരേയുള്ള ഒരു നിലപാടാണ് ബൈബിൾ ഇവിടെ മുന്നോട്ടുവയ്ക്കുന്നത്.
ഇവിടെ മൂന്നോ നാലോ ഘട്ടങ്ങളാണ് കാണുന്നത്. ഒന്ന് നിന്റെ സഹോദരൻ തെറ്റ് ചെയ്താൽ ആദ്യം നീ തന്നെ മുൻകൈയെടുത്ത് അവനെ ചെന്നു കണ്ട് ആ തെറ്റ് ബോധ്യപ്പെടുത്തണം. അതു ഫലവത്തായില്ലെങ്കിൽ സെക്കൻഡ് സ്റ്റെപ്പ് എന്താണ്? ചെന്ന്, ഒരു മധ്യസ്ഥനെ ഇതിൽ കൂട്ടാളിയാക്കുക. തെറ്റ് ചെയ്ത വ്യക്തി അവനെയും അംഗീകരിക്കുന്നില്ലെങ്കിൽ നിനക്കു സഭയോടു പറയാം. അപ്പോഴും ദൈവത്തോടു പറയാമെന്ന് പറയുന്നില്ല! അതിന്റെ അർഥം മനുഷ്യർ തമ്മിലുള്ള പല പ്രശ്നങ്ങളും മനുഷ്യർതന്നെ പ്രത്യേക താത്പര്യങ്ങൾ എടുത്തു പരിഹരിക്കണമെന്നതാണ്. ജീവിതത്തിൽ ആധ്യാത്മിക ഒളിച്ചോട്ടം ഇല്ലാതെ, വ്യക്തിപരമായി താത്പര്യങ്ങൾ എടുത്തുകൊണ്ടു നമ്മൾതന്നെ പരിഹരിക്കണം എന്നതാണ് മത്തായി 18:15-17ലെ വചനങ്ങളിൽ നിഴലിക്കുന്ന ദൈവതാത്പര്യം.
എളുപ്പവഴികൾ തേടിയാൽ
ഈ നിലപാട് ക്രിസ്തു അങ്ങോളം ഇങ്ങോളം തുടരുന്നതു കാണാം. ജീവിതത്തിൽ സത്യസന്ധമായി വിഷയത്തെ സമീപിക്കുന്നതിനു പകരം ദൈവത്തെ ജാമ്യം നിർത്തി എളുപ്പവഴികൾ തേടരുതെന്നുള്ള സൂചന ഇതിലുണ്ട്. ഇതേ നിലപാട് ഈശോ മറ്റു സ്ഥലങ്ങളിലും സാഹചര്യങ്ങളിലും ആവർത്തിക്കുന്നുണ്ട്, അതിൽ ഒന്ന് നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട് എന്ന ചോദ്യമാണ്. അയ്യായിരം പേർക്ക് അഞ്ച് അപ്പം എന്നു കേൾക്കുന്പോൾ അതൊരു വിരോധാഭാസമായി തോന്നിയേക്കാം. അതുകൊണ്ട് അപ്പസ്തോലന്മാർ തന്നെ പറയുന്നു, ഇതുകൊണ്ട് എന്താകാനാണ്?. പക്ഷേ, എന്നാലും ആ ചോദ്യം പ്രസക്തമാണ്. നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്? എല്ലാ വിഷയങ്ങളും ദൈവതിരുസന്നിധിയിൽ സമർപ്പിക്കുന്പോൾ കൈവശമുള്ളതിനെക്കുറിച്ചു സത്യസന്ധമായ ഒരു വിലയിരുത്തൽ നമുക്ക് ഉണ്ടാകണം.
നോമ്പുകാലത്ത്
നിങ്ങൾ ഒരു ഭവനം പണിയുംമുന്പേ ആദ്യം അടങ്കൽ തയാറാക്കണം, അതിനു ശേഷം പൂർത്തിയാക്കാനുള്ള തുക ഉണ്ടോയെന്ന് അന്വേഷിക്കണം. അല്ലെങ്കിൽ ഇടയ്ക്കു വച്ചു പണി നിന്നുപോയാൽ പണി ആരംഭിച്ചു പക്ഷേ, പൂർത്തിയാക്കാനായില്ല എന്നു മറ്റുള്ളവർ അധിക്ഷേപിച്ചേക്കാം. സത്യസന്ധമായി ജീവിതത്തെ സമീപിക്കുന്ന ആധ്യാത്മിക പരിചരണമാണ് ഈ നോന്പു കാലത്തു നമ്മൾ ചെയ്യേണ്ടത്. നമ്മൾ ചെയ്യേണ്ടതു ചെയ്യാതെ ദൈവത്തെക്കൊണ്ട് ചെയ്യിക്കാമെന്നു കാണിക്കുന്ന മാന്ത്രികമായ സമീപനം ആധ്യാത്മികതയുടെ ഭാഗമല്ല എന്ന സൂചനയാണ് നോന്പ് മുന്നോട്ടുവയ്ക്കുന്നത്.
Kerala
തിരുവനന്തപുരം: ഫ്ലോർ മില്ലിലെ ജോലിക്കിടെ യന്ത്രത്തിൽ യുവാവിന്റെ കൈ കുടുങ്ങി അപകടം. വട്ടിയൂർക്കാവിൽ ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം.
സ്വദേശി ബിനു ലാൽ (29) ആണ് അപകടത്തിൽപ്പെട്ടത്. യന്ത്രത്തിനുള്ളിലേക്ക് അബദ്ധത്തിൽ കൈ കുടുങ്ങിയതോടെ നിലവിളിച്ച ബിനുലാലിനെ ഒപ്പം ജോലി ചെയ്തിരുന്നവർ മെഷീൻ ഓഫ് ചെയ്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കൈ മെഷീനിലുള്ളിലേക്ക് കുടുങ്ങിയിരുന്നതോടെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ഉടൻ തന്നെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഏകദേശം അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ യന്ത്രത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയാണ് യുവാവിന്റെ കൈ പുറത്തെടുക്കാനായത്.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനുവിന്റെ എല്ലിന് പൊട്ടലുണ്ട്.
Kerala
പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കു പിന്നാലെ വിദ്യാർഥിനിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇന്നു രക്ഷിതാക്കളുടെ മൊഴിയെടുക്കും. പല്ലശന സ്വദേശി വിനോദിന്റെ മകൾ വിനോദിനിക്കാണു (9) കൈ നഷ്ടമായത്.
ഇന്ന് രാവിലെ 10ന് ജില്ലാ മെഡിക്കൽ ഓഫീസിലാണു മൊഴിയെടുക്കുക. ഇന്നു ഹാജരാകണമെന്നറിയിച്ചു ജില്ലാ മെഡിക്കൽ ഓഫീസർ കുട്ടിയുടെ പിതാവിന് കത്തയച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 24നു വീട്ടുമുറ്റത്തു സഹോദരനൊപ്പം ഓടിക്കളിക്കുന്നതിനിടെയാണു വിനോദിനിയുടെ കൈക്കു വീണു പരിക്കേറ്റത്. എല്ലിനു പൊട്ടലുണ്ടായതിനെ തുടർന്നു ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പിന്നീടു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൈ മുറിച്ചു മാറ്റേണ്ടിവന്നു.
ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവാണു കുട്ടിയുടെ കൈ നഷ്ടമാകാൻ കാരണമെന്നു കുടുംബം പരാതി നൽകിയിരുന്നു.
National
പുതുച്ചേരി: പുതുച്ചേരിയിൽ തമിഴക വെട്രി കഴകം പാര്ട്ടിയുടെ പരിപാടിക്കിടെ പാർട്ടി നേതാവിന്റെ കൈയിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസ് ഉദ്യോഗസ്ഥ. ടിവകെയുടെ റാലി ആരംഭിച്ചതോടെ നേതാവ് ബസി ആനന്ദ് സംസാരിക്കാൻ മുന്നോട്ട് വന്ന്, 'സ്ഥലമുണ്ട്, അകത്തേക്ക് വരൂ' എന്ന് പറഞ്ഞ് ആളുകളെ ക്ഷണിപ്പോഴാണ് ഐപിഎസ് ഉദ്യോഗസ്ഥ മൈക്ക് പിടിച്ചുവാങ്ങിയത്.
ഐപിഎസ് ഉദ്യോഗസ്ഥ ഇഷാ സിംഗ് അദ്ദേഹത്തിന്റെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി പ്രസംഗം തടഞ്ഞു. 40 പേർ മരിച്ചു എന്ന് അവർ പറയുകയും അനുവദിച്ചതിലും അധികം ആളുകളെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് കർശനമായി അറിയിക്കുകയുമായിരുന്നു.
പുതുച്ചേരിയിലെ റാലിക്ക് കർശനമായ വ്യവസ്ഥകളാണുണ്ടായിരുന്നത്. അധികൃതർ റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കുകയും ആൾക്കൂട്ടത്തിന്റെ എണ്ണം പരിമിതപ്പെടുത്തുകയും തിക്കും തിരക്കും ഒഴിവാക്കാൻ ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയുള്ള പ്രവേശനവും നിർബന്ധമാക്കിയിരുന്നു.
പുതുച്ചേരിയിലെ ഉപ്പളം എക്സ്പോ ഗ്രൗണ്ടിൽ നടന്ന റാലിക്ക് 5,000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. സുരക്ഷാ ഭീഷണി വർധിപ്പിച്ചു റാലി വേദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഒരാളെ തോക്കുമായി പോലീസ് കസ്റ്റഡിയിലെടുത്തു. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇഷാ സിംഗ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ റാലിയിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.