അബുദാബി: സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഞായറാഴ്ച ദേവാലയാങ്കണത്തില്‍ നടക്കും. രാവിലെ 7.30ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം കൊയ്ത്തുത്സവ പരിപാടികൾ ആരംഭിക്കും.
പൊതുപരിപാടിയും സ്റ്റാളുകളുടെ ഉദ്ഘാടനവും വൈകുന്നേരം 3.30ന് നടക്കും. സംവിധായകനും നടനുമായ ജോണി ആന്റണി, ഗായകൻ കെ.ജി. മാർക്കോസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ആറ് മുതൽ കലാപരിപാടികൾക്ക് തുടക്കം കുറിക്കും. ഗായകൻ കെ.ജി. മാർക്കോസും "റോക്ക് പേപ്പർ സിസേഴ്സ്' ടീമും ചേർന്നാണ് സംഗീത പരിപാടി ഒരുക്കുക. സ്ഫടികം ടീം അവതരിപ്പിക്കുന്ന ശിങ്കാരി മേളവും നടക്കും.
നാടൻ ഭക്ഷണശാലകൾ, വിനോദങ്ങൾ, പച്ചക്കറി സസ്യ വില്പന ശാലകൾ, തുണിത്തരങ്ങൾ, ഗൃഹോപയോഗ സാധനങ്ങൾ എന്നിവയടങ്ങുന്ന സ്റ്റാളുകൾ ഒരുക്കും. യുഎഇയുടെ ഈ വർഷത്തെ പ്രധാന ആശയമായ ഇയർ ഓഫ് ഫാമിലിയും ഗ്രോയിംഗ് ഇൻ യൂണിറ്റി എന്ന ആപ്തവാക്യവുമാണ് കൊയ്ത്തുത്സവം 2026ന്റെ പ്രധാന പ്രമേയമാക്കിയിരിക്കുന്നത്.
കത്തീഡ്രൽ വികാരി ഫാ. ഗീവർഗീസ് മാത്യു, സഹവികാരി ഫാ. നിതിൻ മാത്യു, ട്രസ്റ്റി സാം ജി. ഡാനിയേൽ, സെക്രട്ടറി സന്തോഷ് ജോർജ്, ജോയിന്റ് ഫിനാൻസ് കൺവീനർ അജു തങ്കച്ചൻ, ജോയിന്റ് ജനറൽ കൺവീനർ ബിജോ വർഗീസ്, മീഡിയ കൺവീനർ സനു ജോൺ ജേക്കബ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.