Editorial
സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും തീവ്രപരിചരണ മാനദണ്ഡങ്ങൾ രൂപീകരിക്കാനുള്ള റിപ്പോർട്ട് നൽകാത്തവരിൽ കേരളവുമുണ്ട്. ഐസിയുവിലെ അശ്രദ്ധയും അണുബാധയും പീഡനങ്ങളും വരെ വിവാദമാകുന്പോഴാണ് ഈ നന്പർ വൺ അനാസ്ഥ.
ആശുപത്രികളിലെ പൊതു തീവ്രപരിചരണ വിഭാഗങ്ങൾക്കും (ഐസിയു) ഹൃദ്രോഗ തീവ്രപരിചരണ വിഭാഗങ്ങൾക്കും (സിസിയു) രാജ്യവ്യാപകമായി മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിന് സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ പാലിക്കാത്ത കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതിയലക്ഷ്യ നോട്ടീസ് നൽകിയിരിക്കുകയാണ്.
ഐസിയുവിലെ അശ്രദ്ധയും അണുബാധയും പീഡനങ്ങളും വരെ വിവാദമാകുന്പോഴാണ് ഈ നന്പർ വൺ അനാസ്ഥ. ആരോഗ്യരംഗത്തെ മികവ് പ്രസംഗവിഷയമാക്കിയ നാം ഇക്കാര്യത്തിൽ സുപ്രീംകോടതി ആവശ്യപ്പെട്ട അടിസ്ഥാനജോലിപോലും ചെയ്തില്ലെന്നതു തെറ്റാണ്. അതു തിരുത്തിയില്ലെങ്കിൽ അക്ഷന്ത്യവ്യമാകും.
പൊതു-സ്വകാര്യ ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി തീവ്രപരിചരണത്തിനു നടപടിക്രമങ്ങൾ തയാറാക്കി ഈ മാസം അഞ്ചിനുള്ളിൽ റിപ്പോർട്ട് തയാറാക്കി നൽകാനായിരുന്നു ഓഗസ്റ്റ് 19ന് സുപ്രീംകോടതി ഉത്തരവിട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സെപ്റ്റംബർ 30ഉം റിപ്പോർട്ട് കൈമാറുന്നത് ഒക്ടോബർ അഞ്ചും എന്ന സമയപരിധിയും നിശ്ചയിച്ചു. അത് അവഗണിച്ചതിനാലാണ് കോടതി നടപടികളിലേക്കു കടന്നത്.
സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവം ഞെട്ടലോടെ കാണുന്നുവെന്നു പറഞ്ഞ കോടതി, വിഷയം വീണ്ടും പരിഗണിക്കുന്ന നവംബർ 20നകം കാരണംകാണിക്കൽ സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്ന് കോടതിയിൽ ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കോടതി നടപടിയെടുത്താലും ഇല്ലെങ്കിലും, ആരോഗ്യരംഗത്തു മുന്നിലുള്ള കേരളത്തെയും ഈ അപമാന പട്ടികയിൽ കയറ്റിയ ഉദ്യോഗസ്ഥർക്കെതിരേ സംസ്ഥാനം നടപടിയെടുക്കേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ പ്രതികരണവും പ്രധാനമാണ്.
ഐസിയു കേവലം അടച്ചിട്ട മുറിയല്ല. അതിനുള്ളിൽ ഗുരുതരാവസ്ഥയിലുള്ളതും മരണത്തോടു മല്ലടിക്കുന്നവരുമായ രോഗികളാണ്. പുറത്തു നല്ല വാർത്തകൾക്കായി ഊണും ഉറക്കവുമിളച്ചു കാത്തിരിക്കുന്ന ബന്ധുക്കളുമുണ്ട്. കൂട്ടിരിപ്പുകാർക്കു പോലും പ്രവേശനമില്ലാത്ത ഐസിയുവിന്റെ സംവിധാനങ്ങൾ ഡോക്ടർമാർക്കു മാത്രമല്ല, രോഗികൾക്കും സുരക്ഷിതമായിരിക്കണം. അന്നന്നു ഡ്യൂട്ടിയിലുള്ളവരുടെ മനോധർമം അനുസരിച്ചല്ല, കർശന മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കണം പ്രവർത്തനം.
ഐസിയുവിൽ പ്രവേശിപ്പിക്കൽ, ചികിത്സാച്ചെലവ്, വാർഡിലേക്കു മാറ്റൽ; ശുചിത്വനിലവാരം, ആധുനിക സംവിധാനങ്ങൾ, ചികിത്സയുടെ നടപടിക്രമങ്ങൾ, രോഗികൾക്കുള്ള പരിഗണന; ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരുടെ യോഗ്യത, പുറത്തു കൂട്ടിരിപ്പുകാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, വിവരം കൈമാറൽ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടതാണ്.
എൻഎബിഎച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് അൻഡ് ഹെൽത് കെയർ പ്രൊവൈഡേഴ്സ്), ഐപിഎച്ച്എസ് (ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്സ്) എന്നീ അംഗീകാരങ്ങളുള്ള ആശുപത്രികൾ അതിന്റേതായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടാകാം. പക്ഷേ, ഒരു സർട്ടിഫിക്കറ്റിൽ ആരോഗ്യരംഗം സുരക്ഷിതമാണെന്നു കരുതാനാകില്ല. അതുപോലെ, രണ്ടുമുറി നഴ്സിംഗ് ഹോമിലെ ഒറ്റമുറിയിൽ ഒന്നോ രണ്ടോ മോണിറ്ററുകൾ സ്ഥാപിച്ച് അതിനെ ഐസിയു എന്നു വിളിക്കുന്ന ആയിരക്കണക്കിന് ഉദാഹരണങ്ങളുമുണ്ട്.
രോഗികൾക്ക് നിശ്ചിത ചികിത്സ ലഭിക്കാനും ഐസിയുവിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകാനും രോഗികളുടെ ബന്ധുക്കൾക്കു സംശയമേതുമില്ലാതിരിക്കാനുമുള്ള നടപടിക്രമങ്ങൾ കാലാനുസൃതമായി ഉണ്ടാകേണ്ടതാണ്. കഴിഞ്ഞദിവസം, താമരശേരിയിൽ ഒന്പതു വയസുകാരിയുടെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമല്ലെന്നും ചികിത്സയിലെ പിഴവുകൊണ്ടാണെന്നും ആരോപിച്ച് കുട്ടിയുടെ പിതാവ് ഡോക്ടറെ ആക്രമിച്ചതു വിവാദമായിരുന്നു.
ആശുപത്രി അധികൃതരുടെ റിപ്പോർട്ട് മസ്തിഷ്കജ്വരമാണെന്ന് ആയിരുന്നെങ്കിലും ഇപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിരിക്കുന്നത്, ഇന്ഫ്ളുവന്സ എ അണുബാധ മൂലമുള്ള വൈറല് ന്യുമോണിയ മൂലമാണ് കുട്ടി മരിച്ചതെന്നാണ്. ഐസിയുകൾ അണുമുക്തമാണോ? ചികിത്സകർ ശുചിത്വ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടോ? യന്ത്രങ്ങൾ പ്രവർത്തനസജ്ജമാണോ? തുടങ്ങിയ കാര്യങ്ങൾ രോഗിയുടെ ജീവനുമായി ബന്ധപ്പെട്ടതാണ്. ശസ്ത്രക്രിയ കഴിഞ്ഞെത്തിയ രോഗിയെ ആശുപത്രി ജീവനക്കാർതന്നെ ലൈംഗികമായി ദുരുപയോഗിച്ച സംഭവങ്ങളുമുണ്ട്.
ആശുപത്രി ജീവനക്കാരെ ആക്രമിച്ച സംഭവങ്ങളിൽ നടപടിയുണ്ടാകുമെങ്കിലും രോഗിയുടെ ദുരൂഹമായ മരണങ്ങൾ പലപ്പോഴും ഡോക്ടർമാരുടെ നേതൃത്വത്തിൽ തയാറാക്കുന്ന റിപ്പോർട്ടുകളിൽ ഒതുങ്ങും. ഒട്ടുമുക്കാലും ചികിത്സാപ്പിഴവില്ലെന്ന വിശദീകരണം മാത്രമായിരിക്കും. ഐസിയുവിൽ സിസിടിവി സാധ്യമല്ലെങ്കിൽ പഴുതടച്ച മേൽനോട്ട ക്രമീകരണമുണ്ടാകണം.
ഐസിയു ചികിത്സയുടെ സാന്പത്തികവശവും നിരീക്ഷിക്കണം. സ്വകാര്യ ആശുപത്രികൾ ഐസിയുവിൽ കിടക്ക കാലിയാകുന്നതിനനുസരിച്ച് രോഗികളെ പ്രവേശിപ്പിക്കുന്നതും അപൂർവമല്ല. ആതുരസേവനം ലാഭസാധ്യതകൾ തുറക്കുകയും കൂടുതൽ കച്ചവടക്കാർ അതിലേക്ക് ആവേശപൂർവം എത്തുകയും ചെയ്യുന്നതിനാൽ കർശനമായ മാനദണ്ഡങ്ങൾ ആവശ്യമാണ്. ഐസിയുവിൽ രോഗിക്കായിരിക്കണം ഒന്നാം സ്ഥാനം.
ഇന്നത്തെ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രി നടത്തിപ്പുകാരും ഡോക്ടർമാരും നഴ്സുമാരുമടക്കം ആരും നാളത്തെ രോഗികളാകാമെന്നതും മറക്കരുത്. ഈ റിപ്പോർട്ടിനുവേണ്ടി സുപ്രീംകോടതി ഇനിയും വടിയെടുക്കാൻ ഇടയാകരുത്.
Leader Page
ആരോഗ്യവകുപ്പിന്റെയും അനുബന്ധ വിഭാഗങ്ങളുടെയും വിശദമായ പഠനമാണ് അടിയന്തരാവശ്യം. ഒപ്പം, ജനങ്ങൾക്കുവേണ്ടി കേരള സർക്കാരിനു കീഴിലുള്ള ആരോഗ്യസേവനപ്രവർത്തനം പുനഃസംഘടിപ്പിക്കുന്നതിനുള്ള ഗൗരവമായ ശ്രമം ആരംഭിക്കുകയും വേണം. ഫലപ്രദമായ ഒരു മാനേജ്മെന്റ് ഇല്ലെങ്കിൽ, പൊതുജനങ്ങൾക്ക് ശരിയായ വൈദ്യസഹായമെന്നത് വിദൂരസ്വപ്നമായേക്കാം.
ബജറ്റിൽ അനുവദിച്ച ഫണ്ടിൽ ഗണ്യമായ കുറവുണ്ടായി. യഥാർഥത്തിൽ 400 കോടി രൂപ അനുവദിച്ചിരുന്നിടത്ത്, 145 കോടി രൂപ വെട്ടിക്കുറച്ച് 254.35 കോടി രൂപയാണ് ഒടുവിൽ നൽകിയത്. കൂടാതെ, സാമ്പത്തിക വർഷാവസാനത്തോടെ മെഡിക്കൽ കോളജുകളുടെ വികസനത്തിനായി അനുവദിച്ച 217 കോടി രൂപ 157 കോടിയായും കുറച്ചു. ഫണ്ട് കുറച്ചതിനാൽ പല പദ്ധതികളും നടപ്പാക്കാൻ കഴിഞ്ഞില്ല. ജില്ലാതല ജനറൽ ആശുപത്രികൾക്കുപോലും സമാനമായ അവസ്ഥ നേരിടേണ്ടിവന്നു. ഡോ. ഹാരിസ് പറഞ്ഞതനുസരിച്ച്, അഞ്ചു മാസംമുമ്പ് ശസ്ത്രക്രിയയ്ക്കാവശ്യമായ ഉപകരണങ്ങൾക്കായി മന്ത്രിക്ക് ഒരു പരാതി നൽകിയിരുന്നു.
പക്ഷേ, ഒരു നടപടിയും ഉണ്ടായില്ല. ഇത് രോഗികൾക്കു വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഗുരുതരമായ വിഷയമാണ്. ഈ പരാതിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അധികാരികളുടെ പക്കലുണ്ട്. ഉപകരണങ്ങൾ ലഭിച്ചില്ലെങ്കിൽ ശസ്ത്രക്രിയകൾ റദ്ദാക്കേണ്ടിവരും. പല കേസുകളിലും ഓർഡർ നൽകിയതിനുശേഷവും അതു ലഭിക്കാൻ മാസങ്ങളെടുക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങൾ രോഗികളെയും ഡോക്ടർമാരെയും ആശുപത്രികളെയും കുഴപ്പത്തിലാക്കും.
സിസ്റ്റത്തിന്റെ പരാജയമോ
സ്വകാര്യ ആശുപത്രികളെപ്പോലെ സർക്കാർ ആശുപത്രികളിൽ ആവശ്യമായ ഉപകരണങ്ങൾ ഉടനടി വാങ്ങാൻ കഴിയില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞത്. ഡോ. ഹാരിസ് ഉന്നയിച്ച പ്രശ്നം വിശദമായി പരിശോധിക്കും. ഇത് സിസ്റ്റത്തിന്റെ പരാജയമാണോ?
രോഗികൾക്ക് അടിയന്തരശ്രദ്ധ ആവശ്യമാണെന്ന് ഡോക്ടർമാർക്ക് തോന്നിയാൽ, സിസ്റ്റം സ്വയം തിരുത്തും. രോഗികളിൽനിന്നു പണം വാങ്ങാത്ത ഡോ. ഹാരിസ് അങ്ങനെയൊരു കഠിനാധ്വാനിയായ ഡോക്ടറാണെന്ന് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് മന്ത്രി പറഞ്ഞതാണ്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ബജറ്റ് വിഹിതം ഗണ്യമായി കുറയുകയും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനുള്ള അനുമതി വൈകുകയും ചെയ്താൽ, അത് ആശുപത്രിയുടെ പ്രതിച്ഛായയെയും ഡോക്ടർമാരുടെ മതിപ്പിനെയും മോശമായി ബാധിക്കും എന്നതാണ്.
എന്തായാലും, ഡോ. ഹാരിസിന്റെ ആവശ്യങ്ങൾ നാലംഗ വിദഗ്ധസമിതി പരിശോധിക്കും. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. ഡി. പദ്മകുമാർ, നെഫ്രോളജി വിഭാഗം മേധാവി ഡോ. ഗോമതി, കോട്ടയം സർക്കാർ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, യൂറോളജി വിഭാഗം മേധാവി ഡോ. രാജീവൻ അമ്പലത്തറക്കൽ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. കേടായ ലിത്തോക്ലാസ്റ്റ് പ്രോബ് കാരണം നാല് ശസ്ത്രക്രിയകൾ നടത്താൻ കഴിഞ്ഞില്ലെന്ന് ഡോ. ഹാരിസ് പരാതിപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷനിൽനിന്ന് റിപ്പോർട്ട് തേടി.
പ്രതിഷേധം ഫലിച്ചു
ഡോ. ഹാരിസിന്റെ പ്രതിഷേധത്തിന് ഗുണകരമായ പ്രതികരണമുണ്ടായി. ആവശ്യമായ ഉപകരണങ്ങൾ ആശുപത്രിയിലെത്തുകയും ശസ്ത്രക്രിയകൾ പുനരാരംഭിക്കുകയും ചെയ്തു. ജൂലൈ ഒന്നിന് ഹൈദരാബാദിൽനിന്ന് രണ്ട് യൂണിറ്റുകൾ എത്തി. വിഷയം പരിശോധിക്കാൻ നിയോഗിച്ച സമിതി പുതിയ ഉപകരണങ്ങൾ വാങ്ങേണ്ടത് അത്യാവശ്യമാണെന്നു കണ്ടെത്തുകയും ചെയ്തു.
കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷനും ഈ വിഷയത്തിൽ പ്രതിഷേധിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
അതേസമയം, ഡോ. ഹാരിസ് പ്രതികൂല റിപ്പോർട്ടുകളൊന്നുമില്ലാത്ത, ആത്മാർഥതയുള്ള സർക്കാർ ജീവനക്കാരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവനകൾ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തുള്ള കേരള ആരോഗ്യമേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കി. ചില പരാതികൾ ഉണ്ടായാൽ പോലും, നമ്മുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശത്രുക്കൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ അത് പരസ്യമാക്കരുത്.
ഇത്തരം കാര്യങ്ങൾ പരസ്യമാക്കുന്നത് സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് തെറ്റായ ചിത്രം നൽകും. എല്ലാം ശരിയാണെന്ന് ആർക്കും പറയാൻ കഴിയില്ല, എന്നാൽ കേരളത്തിലെ മെഡിക്കൽ കോളജുകളിൽ സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക ക്രമീകരണങ്ങൾ കാരണം ബുദ്ധിമുട്ടുള്ള കേസുകൾപോലും തൃപ്തികരമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇത് വിചിത്രം!
ഈ സംഭവങ്ങൾക്കുശേഷം ഡോ. ഹാരിസ് പത്ത് രോഗികളെ പരിശോധിച്ചു. അതിൽ ആറ് കേസുകളിലും പുതിയ ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്തു.ഡോ. ഹാരിസ് മാർച്ചിൽത്തന്നെ ഉപകരണങ്ങളുടെ കുറവ് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ആശുപത്രി അധികൃതർ ജൂൺ 19ന് മാത്രമാണ് പർച്ചേസ് ഓർഡർ നൽകിയതെന്നാണ് വിവരം. ഇത് വിചിത്രമായി തോന്നുന്നു.
കോൺഗ്രസ് പ്രതിഷേധം
കോൺഗ്രസ് പാർട്ടി മെഡിക്കൽ കോളജുകൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധം ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ ആരോഗ്യമേഖലയിലെ തിരിച്ചടി പഠിക്കാൻ ഒരു യുഡിഎഫ് ഹെൽത്ത് കമ്മീഷനും രൂപീകരിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സയെയും ശസ്ത്രക്രിയകളെയും ഉപകരണങ്ങളില്ലാത്തത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും സത്യം പറഞ്ഞ ഡോ. ഹാരിസ് ധീരതയുടെ പ്രതീകമായി മാറിയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ആരോഗ്യമേഖലയിലെ സർക്കാരിന്റെ നിഷ്ക്രിയത്വം പുറത്തുകൊണ്ടുവരാൻ തിരിച്ചടി ഭയന്നു പലരും പരസ്യമായി മുന്നോട്ടു വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതിനുപകരം, സർക്കാർ ന്യായീകരണങ്ങളിലും പിആർ മാനേജ്മെന്റ് പരിപാടികളിലുമാണു ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിആർ ജോലികളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതാണ് ആരോഗ്യമേഖലയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളെ കൂടുതൽ കാലം ബുദ്ധിമുട്ടിക്കാൻ കഴിയില്ല. എല്ലാ സർക്കാർ ആശുപത്രികളിലും മരുന്നുകളുടെ കുറവ് ഗുരുതരമായ പ്രശ്നമാണ്. ആരോഗ്യമന്ത്രി പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. ആരോഗ്യമേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷം കേരള നിയമസഭയിൽ പറഞ്ഞതെല്ലാം ശരിയാണെന്നും തെളിഞ്ഞിരിക്കുന്നു. പ്ലാൻ ഫണ്ടും കുറയ്ക്കുകയാണെന്ന് സതീശൻ ആരോപിച്ചു.
സർക്കാർ ആശുപത്രികളിലെ ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സർക്കാർ ഉടനടി നടപടികൾ സ്വീകരിക്കണം. സ്വന്തം ആരോഗ്യപ്രശ്നങ്ങൾക്കായി സംസ്ഥാനത്തിനു പുറത്തുള്ള ആശുപത്രികളിലേക്കു പോകാൻ പൊതുജനങ്ങളെ നിർബന്ധിക്കരുത്.
Editorial
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്നു ഡോക്ടർ ചൂണ്ടിക്കാണിച്ചതും, പുറത്തുവരുന്ന മറ്റു സർക്കാർ ആശുപത്രികളിലെ പരിമിതികളുമൊക്കെ സർക്കാരിന്റെ വീഴ്ചയാണ്.
പക്ഷേ, അതു ചൂണ്ടിക്കാണിക്കുന്നവരോടുള്ള സർക്കാരിന്റെയും പാർട്ടിയുടെയും അസഹിഷ്ണുതയോടെയുള്ള പ്രതികരണങ്ങൾ ജനാധിപത്യത്തെക്കുറിച്ചുള്ള അവസരവാദങ്ങളെ തുറന്നുകാണിക്കുന്നു. കാരണം, യുപിയിലെ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ഇല്ലാതിരുന്നതിനാൽ കുട്ടികൾ മരിച്ചതിൽ യോഗി സർക്കാരിനെ വിമർശിച്ച ഡോ. കഫീൽഖാന്റെ സഹജീവിസ്നേഹത്തെ പിന്തുണച്ചവരെയൊന്നും ഇപ്പോൾ കാണാനില്ല.
അതേ സഹജീവി സ്നേഹം പ്രകടിപ്പിച്ച കേരളത്തിലെ ഒരു ഡോക്ടർ തന്റെ പ്രതികരണം പ്രഫഷണൽ ആത്മഹത്യയായിപ്പോയെന്നു വിലപിക്കുന്നു. സ്വന്തം സർക്കാരിലൊഴികെ മറ്റെല്ലായിടത്തും നടപ്പാക്കാനുള്ളതാണ് ജനാധിപത്യമെന്നത് അവസരവാദമാണ്. കേരളത്തിലെ ആരോഗ്യരംഗം ഇന്ത്യയിൽത്തന്നെ മികച്ചതാണെന്നതിൽ ആർക്കും സംശയമില്ല. പക്ഷേ, അത് അടുത്തയിടെ കൈവരിച്ച നേട്ടമല്ല.
ജനങ്ങളുടെയും മാധ്യമങ്ങളുടെയും, ഓരോ കാലത്തെയും പ്രതിപക്ഷത്തിന്റെയും ജാഗ്രതയ്ക്ക് അതിൽ പങ്കുണ്ട്. മാറിമാറി വന്ന സർക്കാരുകളുടെ വീഴ്ചകളെ ചൂണ്ടിക്കാണിച്ച ആ ജനാധിപത്യ പ്രതികരണബോധമാണ് കേരളത്തെ പലതിലും മുന്നിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വകുപ്പിൽ ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന് വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസൻ ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് വിവാദം തുടങ്ങിയത്.
അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത, രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത, രോഗികളോടു മാത്രം പ്രതിബദ്ധതയുള്ള ഡോക്ടർ ഹാരിസിനെ തള്ളിപ്പറയാൻ സർക്കാരിന് എളുപ്പമല്ലായിരുന്നു. അതുകൊണ്ട് ഒരടി പിന്നോട്ടു മാറി; ഉപകരണങ്ങൾ ആശുപത്രിയിലെത്തി. പക്ഷേ, തൊട്ടുപിന്നാലെ രണ്ടടി മുന്നോട്ടുവന്ന്, ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു.
നേതാവിന്റെ താത്പര്യം അറിഞ്ഞു മാത്രം ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്ന പാർട്ടിക്കാരെല്ലാം പിന്നാലെ മൂന്നടി മുന്നോട്ടു വരുന്നതാണു കണ്ടത്. ഇനിയാരെങ്കിലും എത്ര ഗതികെട്ടാലും ജനപക്ഷത്തു നിൽക്കുമോ? കോട്ടയം മെഡിക്കൽ കോളജിൽ ഇന്നലെ ആശുപത്രിക്കെട്ടിടം തകർന്ന് സ്ത്രീ മരിച്ചത് സർക്കാർ എന്തെങ്കിലും ചെയ്തിട്ടാണോ എന്നല്ല, എന്തെങ്കിലും ചെയ്യാതിരുന്നിട്ടാണോ എന്നാണു ചോദിക്കേണ്ടത്.
എങ്കിൽ അതേയെന്ന് ഉത്തരം പറയേണ്ടിവരും. കാരണം, കെട്ടിടം നിലവിൽ ഉപയോഗിക്കാത്തത് ആയതിനാൽ ആരും കുടുങ്ങിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പറഞ്ഞത്. അത് അവർക്ക് ഉദ്യോഗസ്ഥരിൽനിന്നു കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം. പക്ഷേ, അതന്വേഷിക്കണം. മരിച്ച സ്ത്രീയുടെ, ചികിത്സയിലുള്ള മകൾ പറഞ്ഞപ്പോഴാണ് തെരച്ചിൽ നടത്തിയതും കണ്ടെത്തിയതും. അപ്പോഴേക്കും രണ്ടര മണിക്കൂർ വൈകിയിരുന്നു.
ഒരു ജീവൻ പൊലിഞ്ഞു. തീർന്നില്ല, തകർന്നുവീഴാനിടയുള്ള ആ പഴഞ്ചൻ കെട്ടിടത്തിൽ പ്രവേശനം നിഷേധിച്ച് ഒരു ബോർഡുപോലും സ്ഥാപിച്ചിരുന്നില്ലെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞത്. അതുകൊണ്ട് രോഗികളും ഒപ്പമുള്ളവരുമൊക്കെ അവിടത്തെ ശുചിമുറിയുൾപ്പെടെ ഉപയോഗിച്ചിരുന്നു. അതെ, ഉദ്യോഗസ്ഥർ ചെയ്യേണ്ടതു ചെയ്യാതിരുന്നതിന്റെ ഫലമാണ് ഇന്നലത്തെ മരണം.
കെടുകാര്യസ്ഥതയുടെ ഈ സിസ്റ്റത്തെയാണ് തിരുവനന്തപുരത്തെ ഡോ. ഹാരിസും ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞദിവസത്തെ ദീപിക മുഖപ്രസംഗത്തിന്റെ തലക്കെട്ട് ആവർത്തിക്കുകയാണ്, സിസ്റ്റം ശരിയല്ലെങ്കിൽ ആരുടെ കുഴപ്പമാണ്?സർക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് അതിനെ വിമർശിക്കുന്നതു ശരിയാണോയെന്ന ചോദ്യവും ഗൗരവമുള്ളതാണ്.
ഒരു പാർട്ടിയുടെയോ സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ ഭാഗമായിരുന്നുകൊണ്ട് അതിനെ അനാവശ്യമായി പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നയാളെ പുറത്താക്കുന്നതുപോലെയല്ല, ജനാധിപത്യസർക്കാരിനെ വിമർശിക്കുന്നത്. സിസ്റ്റത്തിന്റെ മറ്റെല്ലാ വഴികളും അടഞ്ഞപ്പോൾ ജനങ്ങളുടെ കഷ്ടപ്പാട് സഹിക്കാനാവാതെയാണ് ഡോ. ഹാരിസ് പൊതുസമൂഹത്തിൽ തുറന്നുപറഞ്ഞത്. അദ്ദേഹം പറഞ്ഞതു ശരിയായിരുന്നെന്നു തെളിഞ്ഞു.
ഉപകരണങ്ങൾ ലഭ്യമാക്കിയതോടെ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. മറ്റെല്ലാ വഴികളും അടഞ്ഞിട്ടും ഒന്നും മിണ്ടാതെ സിസ്റ്റത്തിന്റെ ആനുകൂല്യങ്ങളും പറ്റി അലസനായിരുന്നെങ്കിൽ ഡോ. ഹാരിസ് സിസ്റ്റത്തിന്റെ നല്ലപിള്ളയാകുമായിരുന്നു. അത്തരമാളുകളും വിധേയരുമാണ് ഈ സിസ്റ്റത്തെ ഇവിടെയെത്തിച്ചത്. പക്ഷേ, അദ്ദേഹം ജനപക്ഷത്തു നിൽക്കാൻ ഒരു നിമിഷത്തേക്ക് സിസ്റ്റത്തെ മറന്നു.
ഇത് ജനാധിപത്യത്തിൽ കുറ്റമാണോയെന്ന ചർച്ച തുടരേണ്ടതുണ്ട്. 2018ൽ യുപി സർക്കാരിന്റെയും സിസ്റ്റത്തിന്റെയും വീഴ്ചകൾ ചൂണ്ടിക്കാണിച്ചപ്പോൾ, “സഹജീവികളോടുള്ള സ്നേഹമാണ് ഡോ. കഫീൽഖാനെപ്പോലുള്ളവർക്ക് എല്ലാറ്റിലും വലുത്”എന്നു പറഞ്ഞ മുഖ്യമന്ത്രിയും അദ്ദേഹത്തെ പിന്തുണച്ചവരുമൊക്കെ ഡോ. ഹാരിസിനു നേർക്ക് ഒളിഞ്ഞും മറഞ്ഞും അന്പെയ്യുന്പോൾ കേരളം തലകുനിക്കുന്നതിലും ഒന്നാംനന്പറാകുകയാണ്.
ജനാധിപത്യത്തെ പാർട്ടിക്കൊടികളിൽ കെട്ടിയിടുന്നത് ഇത്തരം അവസരവാദങ്ങളാണ്. അത്തരം അവസരവാദ പ്രതിബദ്ധതയും വിധേയത്വവും ജനാധിപത്യത്തിന്റെ ഭാഗമേയല്ല. പറഞ്ഞുപറഞ്ഞ് ഡോ. ഹാരിസിന്റേതു വിശുദ്ധ പാപങ്ങളാണെന്നു സമർഥിക്കുന്നത് രാഷ്ട്രീയമായിരിക്കാം; ആടിനെ മറ്റു ജീവികളാക്കുന്നതുപോലെ. പക്ഷേ, അതിനു റാൻ മൂളലല്ല പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ഉത്തരവാദിത്വം.
Editorial
സർക്കാർ ആശുപത്രികളെ ആരും ഒന്നടങ്കം ആക്ഷേപിക്കുന്നില്ല. അവിടെ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് ഏറെനാളായി മാധ്യമങ്ങളും പ്രതിപക്ഷവും പറഞ്ഞുമടുത്തത് ഒരു പ്രമുഖ ഡോക്ടർകൂടി വിളിച്ചുപറഞ്ഞു എന്നേയുള്ളൂ.
അതും കൈക്കൂലിയോ ലാബുകളിൽനിന്നോ സ്കാനിംഗ് സെന്ററുകളിൽനിന്നോ കമ്മീഷനോ മരുന്നുകന്പനികളിൽനിന്നു പാരിതോഷികങ്ങളോ വാങ്ങാത്ത ഒരു ഡോക്ടർ! അദ്ദേഹം സത്യസന്ധനാണെന്നും പ്രശ്നം സിസ്റ്റത്തിന്റേതാണെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ഒന്പതുകൊല്ലമായി ഈ സിസ്റ്റത്തിനു മുകളിൽ ആരാണ് ഇരിക്കുന്നത്?
തിരുവനന്തപുരം മെഡിക്കല് കോളജിലെ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസനാണ് സർക്കാർ ആശുപത്രികളുടെ ദയനീയാവസ്ഥയിൽ സഹികെട്ട് ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. “വെള്ളിയാഴ്ച യൂറോളജി വിഭാഗത്തിലെ നാല് ശസ്ത്രക്രിയകളാണ് ഉപകരണങ്ങളില്ലാത്തതിനാൽ മുടങ്ങിയത്.
രോഗികളെക്കൊണ്ട് പുറത്തുനിന്ന് ഉപകരണങ്ങൾ വാങ്ങിപ്പിക്കുകയാണ്. ശസ്ത്രക്രിയകൾ അനന്തമായി നീളുന്നു. മറുവശത്ത്, പരിഹരിക്കാൻ താത്പര്യമില്ലാത്ത ഉദ്യോഗസ്ഥർ, നിയമങ്ങളുടെ നൂലാമാലകൾ എന്നിവ. ഓഫീസുകൾ കയറിയിറങ്ങി ചെരിപ്പു തേഞ്ഞു. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങൾ വിശദീകരിച്ചും മടുത്തു. ഒരു പരിഹാരവുമില്ലാതെ വന്നതോടെയാണ് പൊതുജനങ്ങളോടു തുറന്നുപറഞ്ഞത്.
ഇന്നുവരെ കൈക്കൂലിയോ കമ്മീഷനോ വാങ്ങിയിട്ടില്ല. അതിലൊരു വിഷമവുമില്ല. ജോലി രാജിവച്ചു പോയാലോ എന്നാണ് ആലോചിക്കുന്നത്.” ഇതായിരുന്നു കുറിപ്പുകളുടെ ചുരുക്കം. എല്ലാ വിഭാഗത്തിലും പ്രശ്നങ്ങളുണ്ടെന്നും പല വകുപ്പ് മേധാവിമാരും അത് തുറന്നു പറയാത്തത് ഭയംകൊണ്ടാണെന്നും പിന്നീട് അദ്ദേഹം പറഞ്ഞു. തനിക്കും ആദ്യഘട്ടത്തില് ഭയമുണ്ടായിരുന്നുവെങ്കിലും രോഗികളോടുള്ള കടപ്പാടും കടമയും ഓർത്തപ്പോള് ആ ഭയത്തിന് അർഥമില്ലെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാൽ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവച്ചതെന്നും ഹാരിസിന്റേതു വൈകാരിക പ്രതികരണമാണെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നുമാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) പറഞ്ഞത്. ഈ വൈകാരികപ്രകടനം, വർഷങ്ങളായി രോഗികളും ബന്ധുക്കളും പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ ആവർത്തിച്ചു നടത്തിക്കൊണ്ടിരിക്കുകയാണ്. ആർക്കെതിരേയൊക്കെ നടപടിയെടുക്കും?
ആരോഗ്യമന്ത്രിയാകട്ടെ എല്ലാം സിസ്റ്റത്തിന്റെ കുഴപ്പമാണെന്നാണ് പറയുന്നത്. “സർക്കാർ ആശുപത്രികളെ ഒന്നടങ്കം ആക്ഷേപിക്കരുത്. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം കൂടി. 1600 കോടിയാണ് സർക്കാർ സൗജന്യ ചികിത്സയ്ക്കായി ചെലവഴിക്കുന്നത്.” ആരോഗ്യരംഗം മാത്രമല്ല, പരിഹരിക്കാനായിട്ടില്ലാത്ത തെരുവുനായ ആക്രമണം, പേവിഷബാധ, വന്യജീവി ആക്രമണങ്ങളിൽ ആവർത്തിക്കുന്ന മരണങ്ങൾ, വനംവകുപ്പിന്റെ അതിക്രമങ്ങൾ എല്ലാം സിസ്റ്റത്തിന്റെ പരാജയമാണ്.
ആ സിസ്റ്റം മികച്ചതാക്കി ജനക്ഷേമം നടപ്പാക്കാനുള്ള ഉത്തരവാദിത്വമേറ്റവർ പതിറ്റാണ്ടോളം ഭരിച്ചിട്ടു പറയുകയാണ് സിസ്റ്റം ശരിയല്ലെന്ന്. ആ സിസ്റ്റത്തിലെ ഒരാളായ ഡിഎംഇയാകട്ടെ കാര്യങ്ങൾ തുറന്നുപറഞ്ഞ ഡോ. ഹാരിസിന്റേതാണ് പ്രശ്നമെന്നു പറയുന്നു.
പക്ഷേ, സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധിയും പരാജയപ്പെട്ട സിസ്റ്റവും അതു തിരുത്താനാകാത്ത ഭരണവുമാണ് ആരോഗ്യവകുപ്പിന്റെ രോഗകാരണമെന്നു ജനങ്ങളും കരുതുന്നു. അല്ലെങ്കിൽ യഥാർഥ കാരണം സർക്കാർ വെളിപ്പെടുത്തണം. ഉപകരണക്ഷാമം ഒരു വർഷം മുന്പേ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നെന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്.
മരുന്നുക്ഷാമം ഉൾപ്പെടെ ആരോഗ്യരംഗത്തെ പരാധീനതകളെക്കുറിച്ച് മുന്നറിയിപ്പുതന്ന രോഗികളെയും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും തള്ളിയതുപോലെയല്ല, ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളെ കൊള്ളണം. കാരണം, അദ്ദേഹം അകത്തുള്ളയാളാണ്. അഴിമതിയില്ലാത്ത, മനുഷ്യസ്നേഹമുള്ള, കഠിനാധ്വാനിയായ ഡോക്ടറാണ് അദ്ദേഹം. ആവശ്യത്തിനു മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊക്കെ ഉണ്ടായാൽ കേരളത്തിന്റെ ആരോഗ്യരംഗത്തെ കിടക്കയിൽനിന്ന് എഴുന്നേൽപ്പിക്കാവുന്നതേയുള്ളൂ.