Health
സീതപ്പഴത്തിൽ ധാരാളം ഊർജം അടങ്ങിയി രിക്കുന്നു. ക്ഷീണവും തളർച്ചയും പേശികളുടെ ശക്തിക്ഷയവും അകറ്റുന്നു. ഫലത്തിന്റെ മാംസളമായ, തരിതരിയായി ക്രീം പോലെയുളള ഭാഗം പോഷകസമൃദ്ധം. വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങൾ ധാരാളമടങ്ങിയ ഫലം. പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, സോഡിയം തുടങ്ങിയ ധാതുക്കളും അതിലുണ്ട്. ഫലത്തിനുളളിൽ പുഴു കാണപ്പെടാൻ സാധ്യതയുളളതിനാൽ കഴിക്കുംമുന്പു ശ്രദ്ധിക്കണം.
ആന്റിഓക്സിഡന്റുകൾ ധാരാളം
സീതപ്പഴത്തിന്റെ ആന്റി ഓക്സിഡന്റ് ഗുണം ചിലതരം കാൻസറുകൾ തടയുന്നതിനു സഹായകമെന്നു ഗവേഷകർ. സീതപ്പഴത്തിലുളള വിറ്റാമിൻ സിയും റൈബോഫ്ളാവിൻ എന്ന ആന്റി ഓക്സിഡന്റും ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. കാഴ്ചശക്തി മെച്ച ത്തിൽ നിലനിർത്തുന്നതിനു സഹായകം. വിറ്റാമിൻ സി ആന്റി ഓക്സിഡൻറാണ്. ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിൽ ആന്റി ഓക്സിഡന്റുകൾ നിർണായക പങ്കു വഹിക്കുന്നു. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. രോഗാണുക്കളെ തുരത്തുന്നു.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു സീതപ്പഴം ഗുണകരം. സീതപ്പഴത്തിൽ സോഡിയവും പൊട്ടാസ്യവും സംതുലിതം. അത് രക്തസമ്മർദ വ്യതിയാനങ്ങൾ നിയന്ത്രിതമാകുന്നതിനു സഹായകം. സീതപ്പഴത്തിൽ ഉയർന്ന തോതിൽ അടങ്ങിയ മഗ്നീഷ്യം ഹൃദയപേശികളുടെ ആരോഗ്യത്തിനു ഗുണപ്രദം. ഹൃദയാഘാത - സ്ട്രോക് സാധ്യതകൾ കുറയ്ക്കുന്നു.
സീതപ്പഴത്തിലുളള നാരുകളും നിയാസിൻ എന്ന ആന്റിഓക്സിഡൻറും ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ)കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോൾ(എച്ച്ഡിഎൽ) കൂട്ടുന്നതിനും സഹായകം. പ്രമേഹബാധിതർ സീതപ്പഴം കഴിക്കുന്നതു സംബന്ധിച്ചു കുടുംബ ഡോക്ടർ, ഡയറ്റീഷൻ എന്നിവരുടെ നിർദേശം സ്വീകരിക്കാവുന്നതാണ്.
പ്രായമായവരുടെ ആരോഗ്യത്തിന്
പ്രായമായവരുടെ ആരോഗ്യത്തിനു സീതപ്പഴം സഹായകം. സീതപ്പഴത്തിലുളള കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിനു സഹായകം. സീതപ്പഴത്തിൽ ഉയർന്ന തോതിൽ അടങ്ങിയ മഗ്നീഷ്യം ശരീരത്തിലെ ജലാംശം സംതുലനം ചെയ്യുന്നു. റുമാറ്റിസം, സന്ധിവാതം എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നു. പേശികളുടെ തളർച്ച കുറയ്ക്കുന്നതിനും സഹായകം.
കുടലിനു കരുതൽ
ദഹനക്കേടു മൂലമുളള ആരോഗ്യപ്രശ്നങ്ങൾക്കു പ്രതിവിധിയായാണു സീതപ്പഴം.ആമാശയവുമായി ബന്ധമുളള ആരോഗ്യപ്രശ്നങ്ങളായ നെഞ്ചെരിച്ചിൽ, അൾസർ, അസിഡിറ്റി, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സീതപ്പഴം ഗുണപ്രദം. ഇടത്തരം വലുപ്പമുളള ഒരു സീതപ്പഴത്തിൽ ആറു ഗ്രാം ഡയറ്ററി നാരുകളുണ്ട്. ഇത് ശരീരത്തിന് ഒരു ദിവസം ആവശ്യമായതിന്റെ 90 ശതമാനം വരും. മലബന്ധം അകറ്റുന്നതിനും നാരുകൾ സഹായകം.
സീതപ്പഴത്തിലെ നാരുകൾ കുടലുകൾക്കു സംരക്ഷണം നല്കുന്നു. വിഷമാലിന്യങ്ങൾ കുടലിൽ നിന്നു ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാനുളള സാധ്യത തടയുന്നു. കുടൽ, കരൾ എന്നിവയെ സംരക്ഷിക്കുന്നു.
( മരുന്ന് എന്ന രീതിയിലോ മരുന്നിനു പകരമായോ സീതപ്പഴം കഴിക്കുന്നതിനുമുൻപ് ഡോക്ടറുടെ നിർദേശം തേടണം)
NRI
ദോഹ: ഹൃദയാരോഗ്യം ഗൗരവമായി കാണുകയും ആവശ്യമായ മുന്കരുതല് നടപടികള് സ്വീകരിക്കുകയും ചെയ്താല് ഹൃദ്രോഗം മൂലമുള്ള പല അപകടങ്ങളും ഒഴിവാക്കാനും ജീവന് രക്ഷിക്കാനും കഴിയുമെന്ന് നസീം ഹെല്ത്ത് കെയറിലെ മുതിര്ന്ന കാര്ഡിയോളജിസ്റ്റ് ഡോ. രാധാകൃഷ്ണനും ഹമദ് മെഡിക്കല് കോര്പ്പറേഷനിലെ ഹാര്ട്ട് ഹോസ്പിറ്റല് കാര്ഡിയോതോറാസിക് അനസ്തേഷ്യ സിടിഐസിയു വിഭാഗം മേധാവി ഡോ. റഷീദ് പട്ടത്തും അഭിപ്രായപ്പെട്ടു.
ഹൃദയാരോഗ്യ സംരക്ഷണത്തില് സമൂഹതലത്തിലുള്ള ബോധവത്കരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ഇരുവരും പറഞ്ഞു. ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില് സംസാരിക്കുകയായിരുന്നു അവര്.
ഹൃദയസംബന്ധമായ രോഗങ്ങള് നേരത്തെ തിരിച്ചറിയുകയും അപകടസാധ്യതാ ഘടകങ്ങള് കണ്ടെത്തുകയും പ്രതിരോധ നടപടികള് സ്വീകരിക്കുകയും ചെയ്യുന്നതിന് സമൂഹത്തില് കൂടുതല് അവബോധം വളര്ത്തേണ്ടതുണ്ടെന്ന് ഡോ. രാധാകൃഷ്ണന് പറഞ്ഞു.
ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലെത്തിക്കുന്നതിനായി ലോക ഹൃദയദിനം ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെയും ലോക ഹൃദയ ഫെഡറേഷന്റെയും നേതൃത്വത്തില് സെപ്റ്റംബര് 29ന് ആചരിക്കുന്ന ലോക ഹൃദയദിനം ഹൃദ്രോഗ പ്രതിരോധത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും ജനങ്ങളില് അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രധാന വേദിയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് സംഭവിക്കുന്ന മരണങ്ങളില് വലിയൊരു പങ്കും ഹൃദയസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ടതാണെന്നത് വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതായി ഡോ. രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി. ഹൃദയാരോഗ്യത്തെക്കുറിച്ച് സമൂഹം കൂടുതല് ജാഗ്രത പുലര്ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹമദ് മെഡിക്കല് കോര്പ്പറേഷന്റെ ഹാര്ട്ട് ഹോസ്പിറ്റലിലെ കാര്ഡിയോതോറാസിക് അനസ്തേഷ്യ, സിടിഐസിയു വിഭാഗം മേധാവി ഡോ. റഷീദ് പട്ടത്ത് മുഖ്യപ്രഭാഷണം നടത്തി.
ഹൃദയത്തിന്റെ ഘടന, പ്രവര്ത്തനം, പ്രാധാന്യം എന്നിവ വിശദീകരിച്ച അദ്ദേഹം ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിന് കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ ജീവിതശൈലി എന്നിവ പിന്തുടരേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി.
ബോധവല്ക്കരണവും സമയബന്ധിതമായ ആരോഗ്യപരിശോധനകളും ആവശ്യമായ ചികിത്സയും ഹൃദയസംബന്ധമായ പല അപകടങ്ങളും നേരത്തെ തിരിച്ചറിയാനും നിയന്ത്രിക്കാനും സഹായിക്കുമെന്ന് ഡോ. റഷീദ് പട്ടത്ത് പറഞ്ഞു. ആധുനിക ചികിത്സാ സംവിധാനങ്ങളുടെ സാധ്യതകള് വിശദീകരിച്ച അദ്ദേഹം പ്രതിരോധത്തിനാണ് ഏറ്റവും കൂടുതല് പ്രാധാന്യം നല്കേണ്ടതെന്നും ഓര്മിപ്പിച്ചു.
ഹൃദ്രോഗം ഏത് പ്രായത്തിലും സംഭവിക്കാമെങ്കിലും മുപ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര് ഇടയ്ക്കിടെ ഹൃദയാരോഗ്യം വിലയിരുത്തുന്നതിനുള്ള പരിശോധനകള് നടത്തുന്നത് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.
ജീവിതശൈലിയില് ആരോഗ്യകരമായ മാറ്റങ്ങള് വരുത്തുകയും രോഗസാധ്യതാ ഘടകങ്ങള് നിയന്ത്രിക്കുകയും ചെയ്യുന്നത് ഹൃദയാരോഗ്യ സംരക്ഷണത്തില് നിര്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ചടങ്ങില് ന്യൂ ഗുഡ്വില് കാര്ഗോ മാനേജിംഗ് ഡയറക്ടര് മുഹമ്മദ് നൗഷാദ് അബു, ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ഷീല ഫിലിപ്പോസ്, നസീം ഹെല്ത്ത് കെയര് മാര്ക്കറ്റിംഗ് മാനേജര് സന്ദീപ് നായര്, കേരള എന്ട്രപ്രണേഴ്സ് ക്ലബ്ബ് പ്രസിഡന്റ് അസ്ഗറലി, ഡോം ഖത്തര് പ്രസിഡന്റ് ഉസ്മാന് കല്ലന് എന്നിവര് വിശിഷ്ടാതിഥികളായി പങ്കെടുത്തു.
Health
ഹൃദ്രോഗ ചികിത്സാരംഗത്ത് സമീപകാലത്തുണ്ടായ ഏറ്റവും വിപ്ലവകരമായ മുന്നേറ്റങ്ങളിലൊന്നാണ് കീഹോൾ ബൈപാസ് ശസ്ത്രക്രിയ അഥവാ മിനിമലി ഇൻവേസീവ് കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (എംഐസിഎസ്-സിഎബിജി).
പരമ്പരാഗത രീതിയിലുള്ള ബൈപാസ് ശസ്ത്രക്രിയയിൽ നെഞ്ചിന്റെ മധ്യഭാഗത്തുള്ള പ്രധാന അസ്ഥിയായ ഉരസ്താസ്ഥി (സ്റ്റെർനം) പൂർണമായി മുറിച്ച് മാറ്റിയാണ് ഹൃദയത്തിലെ രക്തധമനികളിലെ തടസങ്ങൾ നീക്കം ചെയ്തിരുന്നത്.
എന്നാൽ വാരിയെല്ലുകൾക്കിടയിലൂടെ മൂന്ന് മുതൽ നാല് ഇഞ്ച് വരെ മാത്രം വലിപ്പമുള്ള ചെറിയ മുറിവുണ്ടാക്കി ബൈപാസ് ശസ്ത്രക്രിയ പൂർത്തിയാക്കുന്ന അത്യാധുനിക ചികിത്സാരീതിയാണിത്.
സിംഗിൾ-വെസൽ, മൾട്ടി-വെസൽ കീഹോൾ ബൈപാസ് ശസ്ത്രക്രിയ: വ്യത്യാസങ്ങൾ എന്തെല്ലാം?
ആദ്യകാലങ്ങളിൽ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ഒരൊറ്റ പ്രധാന ധമനിയിൽ മാത്രം ബ്ലോക്കുള്ളവർക്കായിരുന്നു കീഹോൾ ശസ്ത്രക്രിയ പ്രധാനമായും ശുപാർശ ചെയ്തിരുന്നത്.
എന്നാൽ വൈദ്യശാസ്ത്ര രംഗത്തെ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയും വിദഗ്ധരായ കാർഡിയാക് സർജന്മാരുടെ നൈപുണ്യവും മൂലം ഇന്ന് ഒന്നിലധികം രക്തധമനികളിൽ ബ്ലോക്കുള്ളവർക്കും വിജയകരമായി ഈ ശസ്ത്രക്രിയ നിർവഹിക്കാൻ സാധിക്കുന്നുണ്ട്.
പൂർണമായും അത്യാധുനിക ഉപകരണങ്ങളുടെയും പ്രത്യേക കാമറകളുടെയും സഹായത്തോടെയാണ് മൾട്ടി-വെസൽ കീഹോൾ ശസ്ത്രക്രിയ നടത്തുന്നത്.
പരമ്പരാഗത ശസ്ത്രക്രിയയെ അപേക്ഷിച്ച് നെഞ്ചിലെ അസ്ഥികൾ മുറിക്കാത്തതിനാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കഠിനമായ വേദനയും രക്തസ്രാവവും വളരെ കുറവാണ്.
കൂടാതെ മുറിവുകളിൽ അണുബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്നതും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ (3-4 ദിവസത്തിനുള്ളിൽ) ആശുപത്രി വിട്ട് സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങിയെത്താം എന്നതും ഇതിന്റെ പ്രധാന ഗുണങ്ങളാണ്.
വയോധികർക്കും പ്രമേഹരോഗികൾക്കും ഇത് ഗെയിം-ചേഞ്ചർ ആകുന്നത് എന്തുകൊണ്ട്?
അണുബാധയ്ക്കുള്ള സാധ്യത വളരെ കുറവ്: പ്രമേഹരോഗികളിൽ വലിയ മുറിവുകളുണ്ടായാൽ അണുബാധ ഉണ്ടാകാനും അത് അസ്ഥികളിലേക്ക് പടരാനുമുള്ള സാധ്യത കൂടുതലാണ്. ചെറിയ മുറിവ് മാത്രം ആവശ്യമായി വരുന്ന കീഹോൾ രീതിയിൽ ഈ അപകടസാധ്യത ഇല്ലാതാകുന്നു.
വയസായവർ ശസ്ത്രക്രിയയ്ക്ക് ശേഷം ദീർഘകാലം കിടപ്പിലായാൽ ന്യൂമോണിയ, രക്തം കട്ടപിടിക്കൽ, കിടപ്പുരോഗങ്ങൾ എന്നിവയ്ക്ക് സാധ്യതയേറുന്നു.
കീഹോൾ ശസ്ത്രക്രിയ കഴിഞ്ഞ് 3-4 ദിവസത്തിനുള്ളിൽത്തന്നെ രോഗിക്ക് ആശുപത്രി വിടാനും വളരെ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കുന്നു.
കുറഞ്ഞ വേദനയും രക്തനഷ്ടവും: നെഞ്ചിലെ അസ്ഥികൾ മുറിക്കാത്തതിനാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കഠിനമായ വേദനയോ വലിയ തോതിലുള്ള രക്തസ്രാവമോ ഉണ്ടാകുന്നില്ല. പ്രായമേറിയ രോഗികളുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ വളരെയധികം കുറയ്ക്കുന്നു.
വേഗത്തിലുള്ള മുറിവുണങ്ങൽ: പ്രമേഹരോഗികളിൽ വലിയ മുറിവുകൾ ഉണങ്ങാൻ മാസങ്ങളെടുക്കുമ്പോൾ, കീഹോൾ ശസ്ത്രക്രിയയിലെ ചെറിയ മുറിവുകൾ ദിവസങ്ങൾക്കുള്ളിൽ പൂർണമായും ഉണങ്ങുന്നു.
ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയാം
ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി രക്തയോട്ടം തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉൾപ്പെടെയുള്ള ഗുരുതരമായ അവസ്ഥകൾ ഉണ്ടാകുന്നത്. രോഗലക്ഷണങ്ങൾ പ്രാരംഭഘട്ടത്തിൽത്തന്നെ തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും.
താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈകാതെ ഒരു ഹൃദ്രോഗ വിദഗ്ധന്റെ സേവനം തേടേണ്ടതാണ്:
നടക്കുമ്പോഴോ ശാരീരിക അധ്വാനത്തിൽ ഏർപ്പെടുമ്പോഴോ നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന ഭാരവും അമർത്തലും.
ലളിതമായ ദിനചര്യകളിൽ പോലും ഉണ്ടാകുന്ന കഠിനമായ ശ്വാസംമുട്ടൽ.
ഇടതുകൈ, കഴുത്ത്, താടി, പുറം ഭാഗം, വയറിന്റെ മുകൾഭാഗം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്ന വേദനയും അസ്വാസ്ഥ്യവും.
പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഉണ്ടാകുന്ന അമിതമായ തണുത്ത വേർപ്പും തളർച്ചയും.
ഇടയ്ക്കിടെ അനുഭവപ്പെടുന്ന തലകറക്കം, ക്രമരഹിതമായ നെഞ്ചിടിപ്പ്, ബോധക്ഷയം എന്നിവ.
അപകടസാധ്യതകളും പ്രധാന കാരണങ്ങളും
ധമനികളുടെ ഭിത്തികളിൽ കൊഴുപ്പും കാൽസ്യവും അടിയുന്ന അഥെറോ സ്ക്ലിറോസിസ് എന്ന അവസ്ഥയാണ് ബ്ലോക്കുകൾ രൂപപ്പെടുന്നതിന്റെ പ്രധാന കാരണം.
രോഗസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ താഴെ പറയുന്നവയാണ്:
മുൻകൂട്ടിയുള്ള പരിശോധനയുടെ പ്രാധാന്യം
ഹൃദ്രോഗ ലക്ഷണങ്ങൾ തുടക്കത്തിൽത്തന്നെ തിരിച്ചറിയുന്നത് അടിയന്തര ഹൃദയാഘാത സാധ്യതകളെ ഒഴിവാക്കാൻ സഹായിക്കും.
40 വയസ് കഴിഞ്ഞവരും രോഗസാധ്യതയുള്ളവരും കൃത്യമായ ഇടവേളകളിൽ ഹൃദയപരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്.
ഇസിജി, എക്കോ കാർഡിയോഗ്രാം, ട്രെഡ്മിൽ ടെസ്റ്റ് (ടിഎംടി) എന്നിവയിലൂടെ ഹൃദയത്തിന്റെ പ്രവർത്തനം വിലയിരുത്താം.
തുടർന്ന് ആവശ്യമെങ്കിൽ കൊറോണറി ആൻജിയോഗ്രാം വഴി രക്തധമനികളിലെ ബ്ലോക്കുകളുടെ എണ്ണവും കാഠിന്യവും കൃത്യമായി കണ്ടെത്താനാകും.
പ്രാരംഭഘട്ടത്തിൽത്തന്നെ തടസങ്ങൾ കണ്ടെത്തുന്നത് ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
ആരോഗ്യകരമായ ഹൃദയത്തിനായി
ഹൃദയാരോഗ്യം വീണ്ടെടുക്കുന്നതിനും രോഗങ്ങൾ തടയുന്നതിനും ദിവസേനയുള്ള ജീവിതശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
സമീകൃതാഹാരം ഉറപ്പാക്കുക: കൊഴുപ്പ്, സോഡിയം, മധുരം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുക. ധാരാളം പച്ചക്കറികൾ, പഴവർഗങ്ങൾ, നാരുകളടങ്ങിയ ധാന്യങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
ദിനചര്യയിൽ വ്യായാമം ഉൾപ്പെടുത്തുക: ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് എങ്കിലും മിതമായ വ്യായാമങ്ങളോ കായിക വിനോദങ്ങളോ ശീലമാക്കുക.
ലഹരിവർജ്ജനം ശീലമാക്കുക: ധമനികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന പുകവലിയും മദ്യപാനവും പൂർണമായും ഉപേക്ഷിക്കുക.
ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുക: പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ മരുന്നുകളിലൂടെയും കൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെയും നിയന്ത്രണവിധേയമാക്കുക.
മാനസിക സമ്മർദ്ദം കുറയ്ക്കുക: ധ്യാനം, യോഗ എന്നിവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ദിവസവും 7-8 മണിക്കൂർ സുഖകരമായ ഉറക്കം ഉറപ്പാക്കാനും ശ്രദ്ധിക്കുക.
ഹൃദ്രോഗത്തെക്കുറിച്ചും പരമ്പരാഗത ശസ്ത്രക്രിയകളുടെ സങ്കീർണ്ണതകളെക്കുറിച്ചുമുള്ള ഭയം മൂലം ചികിത്സ വൈകിപ്പിക്കരുത്.
സാങ്കേതികവിദ്യയുടെ മികവിൽ ലഭ്യമായിട്ടുള്ള കീഹോൾ ബൈപാസ് ചികിത്സാരീതി വയോധികർക്കും പ്രമേഹരോഗികൾക്കും സുരക്ഷിതവും ശാരീരിക ബുദ്ധിമുട്ടുകൾ കുറഞ്ഞതുമായ പുതുജീവിതമാണ് ഉറപ്പ് നൽകുന്നത്.
രോഗലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് സമയബന്ധിതമായി വൈദ്യസഹായം തേടുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കുകയും ചെയ്താൽ പ്രായഭേദമന്യേ ഏവർക്കും ഹൃദയാരോഗ്യം വീണ്ടെടുക്കാനും സന്തോഷകരമായ ജീവിതം നയിക്കാനും സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. അതുൽ എബ്രഹാം
സീനിയർ കൺസൾട്ടന്റ് കാർഡിയോ തൊറാസിക് & വാസ്കുലർ സർജറി
ആസ്റ്റർ മിംസ് കോട്ടക്കൽ.
Health
ഹൃദ്രോഗത്തെ നമ്പര് 1 നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കാം. ലോകമെമ്പാടുമുള്ള കണക്കുകള് അനുസരിച്ച് ഏകദേശം 18 ദശലക്ഷത്തിലേറെ ജീവന് ഹൃദ്രോഗം മൂലം വര്ഷംതോറും അപഹരിക്കപ്പെടുന്നുണ്ട്. എന്നാല് ഇതില് 80 ശതമാനത്തിലേറെ തടയാനാകും. അതുകൊണ്ടുതന്നെ ഹൃദ്രോഗം എങ്ങനെ തടയാം, ഹൃദയ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള അറിവുകൾ പ്രധാനമാണ്.
· പുകവലി ഉപേക്ഷിക്കുക
· ആരോഗ്യകരമായ ഭക്ഷണ രീതി
· കൃത്യമായ വ്യായാമം
· മാനസിക സമ്മര്ദം കുറയ്ക്കാനായി യോഗ, ധ്യാനം, വിനോദം
എന്നിവയില് ഏര്പ്പെടുക.
ആരോഗ്യകരമായ ഭക്ഷണരീതി
- പച്ചക്കറി, പഴങ്ങള് എന്നിവ ധാരാളമായി കഴിക്കുക.
- ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
- വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
വ്യായാമം
ദിവസത്തില് 30 - 40 മിനിട്ട്; ആഴ്ചയില് 5 ദിവസമെങ്കിലും വ്യായാമത്തിലേര്പ്പെടുക. അത് ഓട്ടമോ നടത്തമോ കളികളോ ആവട്ടെ. മാനസിക സംഘര്ഷം കുറയ്ക്കുന്നതിനായി മനസിന് സന്തോഷം തരുന്ന കാര്യത്തില് ദിവസത്തില് കുറച്ച് സമയമെങ്കിലും ഏര്പ്പെടുക.
ഹൃദ്രോഗ കാരണങ്ങളായ പ്രമേഹം, അമിത രക്തസമ്മർദം, അമിത കൊളസ്ട്രോള് എന്നിവ ആഹാരക്രമം, വ്യായാമം എന്നിവയ്ക്കൊപ്പം ഡോക്ടറുടെ നിര്ദേശാനുസരണം മരുന്നുകള് ഉപയോഗിച്ചും നിയന്ത്രിക്കുക.
നെഞ്ചുവേദന അനുഭവപ്പെട്ടാല്
നെഞ്ചുവേദന അനുഭവപ്പെട്ടാല് പരിശോധനകള്ക്ക് വിധേയനാവുക. പെട്ടെന്നുണ്ടായ കടുത്ത നെഞ്ചുവേദനയ്ക്ക് ഇസിജിയിലെ വ്യതിയാനങ്ങള്ക്കനുസരിച്ച് ചിലപ്പോള് അടിയന്തരമായി ആന്ജിയോപ്ലാസ്റ്റി വേണ്ടിവന്നേക്കാം. അല്ലാത്തപക്ഷം ട്രോപോനിന് എന്ന രക്ത പരിശോധന ആദ്യഘട്ടത്തിലും ആവശ്യമെങ്കില് ട്രെഡ്മില് ടെസ്റ്റ്, എക്കോ കാര്ഡിയോഗ്രാഫി, ആന്ജിയോഗ്രാം മുതലായ പരിശോധനകളിലൂടെയും രോഗനിര്ണയം നടത്താനാവും.
ആധുനിക ചികിത്സ
മരുന്നുകള് കൂടാതെ ചിലര്ക്ക് ആന്ജിയോപ്ലാസ്റ്റി, ബൈപാസ് സര്ജറി എന്നിവയും ആവശ്യം വന്നേക്കാം. ശാസ്ത്രത്തോടൊപ്പം സാങ്കേതികവിദ്യയും പുരോഗമിക്കുന്നതനുസരിച്ച് അതിനൂതന ചികിത്സാരീതികള് ഇപ്പോള് ലഭ്യമാണ്. അതായത് ശസ്ത്രക്രിയ കൂടാതെ വാല്വ് മാറ്റി വയ്ക്കുന്നത് (TAVI), മുറിവില്ലാതെ പേസ്മേക്കര് വയ്ക്കുന്നത് (Leadless Pacemaker) തുടങ്ങിയവ ഇവയില് ചിലതാണ്. എന്നിരുന്നാലും അസുഖം വരാതെയുള്ള ഹൃദയസംരക്ഷണം തന്നെയാണ് ചികിത്സയേക്കാള് ഏറ്റവും ഉചിതവും ഉത്തമവും.
വിവരങ്ങൾ: ഡോ. രാജലക്ഷ്മി എസ്
MD, DM, FACC, FESC, FICC
സീനിയർ കൺസൾട്ടന്റ്
കാർഡിയോളജിസ്റ്റ്, എസ് യുറ്റി
ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
ധാരാളം വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഉറവിടമാണ് ഓറഞ്ച്. വിറ്റാമിൻ എ, ബി, സി, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങി നിരവധി പോഷകങ്ങൾ ഓറഞ്ചിലുണ്ട്.
170 ൽപ്പരം ഫൈറ്റോകെമിക്കലുകളും 60 ൽപ്പരം ഫ്ളേവനോയിഡുകളും അതിലുണ്ട്. ഇവയുടെ ആന്റി ഇൻഫ്ളമേറ്ററി(നീർവീക്കം തടയുന്നു), ആന്റി ഓക്സിഡൻറ് സ്വഭാവം രോഗങ്ങൾ തടയുന്നു. യുവത്വം നിലനിർത്തുന്നു. വിറ്റാമിൻ സിയാണ് ഓറഞ്ചിന്റെ ആരോഗ്യപരമായ സിദ്ധികൾക്ക് അടിസ്ഥാനം.
വിറ്റാമിൻ സി സപ്ലിമെൻറുകൾ കഴിക്കുന്നതിനേക്കാൾ ഫലപ്രദം ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നതാണെന്ന് ഒരു പഠനം പറയുന്നു. അപ്പോൾ ഓറഞ്ച് ജ്യൂസ് എത്രവേണമെങ്കിലും കഴിക്കാം എന്നു ധരിക്കരുത്. അമിതമായി ഓറഞ്ച് ജ്യൂസ് ശീലമാക്കിയാൽ പല്ലുകൾക്കു കേടുവരും. പല്ലിന്റെ ഇനാമലിനു കേടുവരു. ഓറഞ്ച് ജ്യൂസിലെ പഞ്ചസാരയുടെയും ആസിഡിന്റെയും സാന്നിധ്യമാണ് അതിന് ഇടയാക്കുന്നത്.
വിറ്റാമിൻ സി
ശരീരത്തിൽ നുഴഞ്ഞുകയറുന്ന രോഗാണുക്കളെ തുരത്തിയോടിക്കുന്നത് വെളുത്ത രക്താണുക്കളാണ്. വെളുത്ത രക്താണുക്കളുടെ ഉത്പാദനം കൂട്ടുന്നതിന് വിറ്റാമിൻ സി അവശ്യം. ഓറഞ്ച് ഉൾപ്പെടെയുളള സിട്രസ് ഫലങ്ങളിൽ വിറ്റാമിൻ സി ഇഷ്ടംപോലെ. വൈറസ് അണുബാധയിൽ നിന്നു സംരക്ഷണം നല്കുന്ന പോളിഫീനോൾസ് ഓറഞ്ചിൽ ധാരാളം.
ഓറഞ്ചിലടങ്ങിയ വിറ്റാമിൻ എ, ഫോളേറ്റ്, കോപ്പർ തുടങ്ങിയ പോഷകങ്ങളും ശരീരത്തിന് രോഗങ്ങളെ പൊരുതിത്തോൽപ്പിക്കാനുളള കരുത്തു സമ്മാനിക്കുന്നു. അതിനാൽ ഓറഞ്ചും ഓറഞ്ച്ജ്യൂസും ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം.
ചർമാരോഗ്യം മെച്ചപ്പെടുത്തുന്നു
ഓറഞ്ചിലുളള ആന്റി ഓക്സിഡൻറ് വിറ്റാമിൻ സി ചർമം ശുദ്ധമാക്കുന്നു. അമിതമായി വെയിലേൽക്കൽ, അന്തരീക്ഷ മലിനീകരണം എന്നിവ മൂലം ചർമത്തിനുണ്ടാകുന്ന കേടുപാടുകൾ തീർക്കുന്നതിനും വിറ്റാമിൻ സിയുടെ ആന്റി ഓക്സിഡന്റ് ഗുണം സഹായിക്കുന്നു. കൂടാതെ കൊളാജെൻ നിർമാണത്തിലും സഹായകം. ചർമത്തിന് ഇലാസ്തികത നല്കി ചുളിവുകളിൽ നിന്നു സംരക്ഷണം നല്കുന്നതിനും കൊളാജെൻ അവശ്യം.
കൊളസ്ട്രോൾ കുറയ്ക്കുമോ..?
ഓറഞ്ചിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്നതരം നാരുകളുണ്ട്. ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന കൊളസ്ട്രോൾ രക്തത്തിൽ കലരുന്നതിനുമുന്പ് അവയെ പിടികൂടി ശരീരത്തിൽ നിന്നു പുറന്തളളുന്നതിനു പെക്റ്റിൻ സഹായിക്കുന്നു.
ഓറഞ്ചിലുളള ഹെസ്പെരിഡിൻ(hesperidin) എന്ന ആന്റി ഓക്സിഡന്റ് കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ കുറയ്ക്കുന്നു. ഓറഞ്ച്ജ്യൂസിൽ അടങ്ങിയ ഫ്ളേവനോണുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഹൃദയത്തിന്റെ സുഹൃത്ത്
ഓറഞ്ചിലെ ആന്റി ഓക്സിഡൻറുകൾ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാണ് ഹൃദയാരോഗ്യത്തിന് കരുത്തുപകരുന്നത്. പ്രത്യേകിച്ചും വിറ്റാമിൻ സി എന്ന ആന്റി ഓക്സിഡന്റ് ആർട്ടറികളെ ഫ്രീ റാഡിക്കലുകളിൽ നിന്നു സംരക്ഷിക്കുന്നു.
രക്തക്കുഴലുകൾക്കുള്ളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടാതെ തടയുന്നു. ഓറഞ്ചിലെ ഫൈറ്റോകെമിക്കലുകൾ ശരീരകോശങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും വഹിക്കുന്ന രക്തക്കുഴലുകളുടെ കരുത്തുകൂട്ടുന്നു.
ശരീരത്തിൽ ഹോമോസിസ്റ്റൈൻ എന്ന അമിനോആസിഡ് അധികമായാൽ ഹൃദയാഘാതത്തിനു സാധ്യതയേറും. ഓറഞ്ചിലുളള ഫോളേറ്റ്, വിറ്റാമിൻ ബി9 ഹോമോസിസ്റ്റൈനെ വിഘടിപ്പിച്ചു നീക്കുന്നു.
Health
കറികളിലും മരുന്നുകളിലും ഇവകളിൽ അല്ലാതെയും വെളുത്തുള്ളി തലമുറകളായി ഉപയോഗിച്ചുവരുന്നു. വെളുത്തുള്ളിയെക്കുറിച്ച് ആയുർവേദത്തിൽ കൃത്യമായ വിവരണങ്ങളുണ്ട്. തേളോ അതുപോലുള്ള മറ്റ് ജീവികളോ കീടങ്ങളോ കടിച്ചാൽ കടിച്ച സ്ഥലത്ത് വെളുത്തുള്ളിനീരു തേച്ചുപിടിപ്പിക്കുന്ന ശീലം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. വേദന കുറയുന്നതിനും വിഷം നിർവീര്യമാക്കുന്നതിനും വെളുത്തുള്ളിക്കു കഴിവുള്ളതായി നമ്മുടെ പൂർവികർ വിശ്വസിച്ചിരുന്നു.
ജലദോഷം കുറയും
അർശസ്, ജലദോഷം, അപസ്മാരം എന്നീ രോഗങ്ങൾ അനുഭവിക്കുന്നവരിൽ വെളുത്തുള്ളി നല്ല ഫലം ചെയ്യും എന്നു ചില വിവരണങ്ങളിൽ പറയുന്നുണ്ട്.
പ്രമേഹ പ്രതിരോധം
ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പുശേഖരം കുറയ്ക്കാൻ വെളുത്തുള്ളിക്കു കഴിവുണ്ട്. ശരീരത്തിൽ അമിതമായി ശേഖരിച്ചുവയ്ക്കുന്ന കൊഴുപ്പാണു പ്രമേഹം ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമായി വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും പുതിയ അറിവുകളിൽ പറയുന്നത്. അതുപ്രകാരം പ്രമേഹം
ഉണ്ടാകുന്നതു പ്രതിരോധിക്കാനുംവെളുത്തുള്ളിക്കു കഴിയണം.
ഫംഗസിനെതിരേ
വെളുത്തുള്ളിയിൽ നിരവധി രാസയൗഗികങ്ങൾ അടങ്ങിയിരിക്കുന്നു. ബാക്ടീരിയ, ഫംഗസ് എന്നീ രോഗാണുക്കൾ, കുടലിലെ വിരകൾ, കൃമികൾ എന്നിവയുടെ ശല്യം ഇല്ലാതാക്കാനും വെളുത്തുള്ളിക്കു കഴിയും. വെളുത്തുള്ളി വായിലിട്ടു ചവയ്ക്കുമ്പോൾ അതിന്റെ നീരിലുള്ള ഫൈറ്റോൺസൈഡ്സ് എന്ന ഔഷധവീര്യമുള്ള രാസഘടകം പുറത്ത് എത്തുകയും വായ്ക്കകത്തെ രോഗാണുക്കളുടെ വളർച്ച തടയുകയും ചെയ്യുന്നു. ഫംഗസ് വളർച്ചയും തടയും.
ഹൃദയസംരക്ഷണം
വയറിനകത്തും കുടലിലും ഉണ്ടാകുന്ന അണുബാധകൾ, സന്ധിവാത രോഗങ്ങൾ, വിശപ്പില്ലായ്മ, ദഹനക്ഷയം, ഹൃദ്രോഗങ്ങൾ, വൃക്കയിലെ കല്ല് എന്നീ പ്രശ്നങ്ങളിലെല്ലാം വെളുത്തുള്ളി ഔഷധമായി ഉപയോഗിക്കാവുന്നതാണ്.
നാട്ടറിവുകളിൽ...
വയറ്റുവേദനയും വയറുവീർപ്പും ഉണ്ടാകുമ്പോൾ വെളുത്തുള്ളിയും ഇന്തുപ്പും കൂടി ചവച്ചിറക്കിയാൽ ആശ്വാസം കിട്ടുമെന്നു നാട്ടറിവുണ്ട്. പൊണ്ണത്തടി കുറയ്ക്കാൻ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചതച്ച് അൽപം പാലിൽ ചേർത്തു കഴിക്കുന്നതു ഫലപ്രദം. കഫക്കെട്ടിനും ചുമയ്ക്കും വെളുത്തുള്ളി പരിഹാരമാണ്. കാൽ ടീസ്പൂൺ വെളുത്തുള്ളിനീര് രണ്ട് ടേബിൾ സ്പൂൺ പാലിൽ ചേർത്തു കഴിക്കാനാണു നിർദേശം. ചെവിവേദന ഉണ്ടാകുമ്പോൾ രണ്ടുതുള്ളി വെളുത്തുള്ളിനീര് ചെവിയിൽ ഒഴിച്ചാൽ വേദന കുറയും.
വെളുത്തുള്ളി ഔഷധമായി ഉപയോഗിക്കുന്നതു ഡോക്ടറുടെ ഉപദേശം അനുസരിച്ചായിരിക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393
Health
ഹൃദയാഘാതം ഉണ്ടാകുന്ന സാഹചര്യങ്ങളില് ഉടന് തന്നെ മെഡിക്കല് സഹായം തേടുന്നത് അത്യന്താപേക്ഷിതമാണ്. കാരണം, ഇത് ഹൃദയപേശികള്ക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാന് സഹായിക്കും. രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള മരുന്നുകള് നല്കുക, അടഞ്ഞ ഹൃദയധമനികള് തുറക്കുന്നതിനുള്ള ആൻജിയോപ്ലാസ്റ്റി അല്ലെങ്കില് ബൈപാസ് സർജറികള് തുടങ്ങിയവയാണ് ചികിത്സാരീതികളില് ഉള്പ്പെടുന്നത്.
ബയോ റിസോർബബിള് സ്റ്റെന്റ്
ഹൃദയസംരക്ഷണത്തില് അടുത്തകാലത്തായി ഏറെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒന്നാണ് ബയോ റിസോർബബിള് സ്റ്റെന്റുകള്. കാലക്രമേണ അലിഞ്ഞുപോകുന്ന തരത്തില് രൂപകല്പന ചെയ്തിട്ടുള്ള ഇവ ഹൃദയധമനികള്ക്ക് താത്കാലികമായി ഘടനാപരമായ സപ്പോര്ട്ട് നല്കുകയും ധമനികള് ചുരുങ്ങുന്നത് തടയാനുള്ള മരുന്ന് പുറപ്പെടുവിക്കുകയും ചെയ്യുന്നു.
മാറ്റങ്ങൾ ഉൾക്കൊള്ളാം
നീണ്ട ജോലിസമയവും ഹൃദയസംബന്ധമായ അസുഖങ്ങളും തമ്മിലുള്ള ബന്ധം, പരിഹരിക്കാനുള്ള ഒരു പ്രശ്നമായി മാത്രമല്ല കാണേണ്ടത്. ഇരുപത്തൊന്നാം നൂറ്റാണ്ടില് നാം എങ്ങനെ ജോലി ചെയ്യുന്നു, ജീവിക്കുന്നു, ജീവിതത്തില് അഭിവൃദ്ധി നേടുന്നു എന്നുള്ള കാര്യങ്ങള് പുനർവിചിന്തനം ചെയ്യാനുള്ള ഒരു അവസരമായി കൂടി കാണണം. ജോലിസ്ഥലം മുതല് വ്യക്തിഗത ആരോഗ്യ പരിപാലം വരെ, മെഡിക്കല് മുന്നേറ്റങ്ങള് മുതല് നഗരാസൂത്രണം വരെ, വ്യത്യസ്ത മേഖലകളില് മാറ്റങ്ങള് ഉള്ക്കൊള്ളാം. അതുവഴി വരുംതലമുറയ്ക്ക് ആരോഗ്യകരവും കൂടുതല് സംതൃപ്തവുമായ ജീവിതം വാഗ്ദാനം ചെയ്യാം.
മെഡിക്കൽ ചെക്കപ്പ് ഒഴിവാക്കരുത്
പതിവായി ചെക്കപ്പുകള് നടത്തുന്നതിലൂടെ അപകട ഘടകങ്ങളായ ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോള് എന്നിവ സാധാരണനിലയില് നിലനിർത്താൻ സാധിക്കും.
വിവരങ്ങൾ: ഡോ. രാജശേഖർ വർമ, സീനിയർ കൺസൾട്ടന്റ്,
ഇന്റർവെൻഷണൽ കാർഡിയോളജി, ആസ്റ്റർ മെഡിസിറ്റി, കൊച്ചി.
Health
തൊഴില് സംബന്ധമായ സമ്മർദം വർധിക്കുന്നതും സ്വയം പരിചരണത്തില് അലംഭാവം കാട്ടുകയും ചെയ്യുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള് വർധിക്കാന് കാരണമാകും. ചെറിയ തോതിലുള്ള മാനസിക സമ്മർദം പോലും ഹൃദയപേശികളിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുകയും തന്മൂലം ഹൃദയത്തിന് വേണ്ടത്ര തോതില് ഓക്സിജന് കിട്ടാതെ വരികയും അത് പിന്നീട് പക്ഷാഘാതം പോലെയുള്ള രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും. ദീർഘനേരം ജോലി ചെയ്യുന്പോൾ ഹൃദയാരോഗ്യത്തിന് ആവശ്യമായ വ്യായാമത്തിനും മറ്റും സമയം കണ്ടെത്താന് സാധിക്കാതെ വരും.
ഉറക്കമില്ലായ്മയും ഹൃദയാരോഗ്യവും തമ്മിൽ
ശരീരം അനങ്ങാതെയുള്ള ജീവിതശൈലി ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇതിന്റെ മറ്റൊരു പാർശ്വഫലമാണ് ഉറക്കമില്ലായ്മ. ഇത് മനസിനും ശരീരത്തിനും വേണ്ടത്ര വിശ്രമം ഇല്ലാതാക്കും. ഉറക്കത്തിനിടയില് ഹൃദയം അതിന്റെ ഉച്ചസ്ഥായിയില് പ്രവർത്തിക്കുന്നതിനാല് ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഹാനികരമാണ്.
അനാരോഗ്യകരമായ ഭക്ഷണശീലം...
മോശമായ ഭക്ഷണശീലം, കലോറി കൂടിയ ഭക്ഷണം, മധുരപദാർഥങ്ങള് തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകളും അമിതവണ്ണം ഉണ്ടാക്കുന്നതിനൊപ്പം ഹൃദയരോഗ്യത്തേയും സാരമായി ബാധിക്കും.
ഹൃദയാരോഗ്യത്തിന് എന്തു ചെയ്യണം?
ദൈർഘ്യമേറിയ ജോലി സമയത്തിന്റെ പശ്ചാത്തലത്തില് ഹൃദയസംബന്ധമായ അസുഖങ്ങള് തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും സ്വയം പരിചരണത്തില് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
* ജീവിത ശൈലിയില് മാറ്റങ്ങള് വരുത്തുന്നത് ഹൃദയാഘാതം തടയാന്
സഹായിക്കും.
*പുകവലിയും മദ്യത്തിന്റെ ഉപയോഗവും നിർത്തുക
* മതിയായ ഉറക്കം നേടുക
* സമീകൃതാഹാരം ശീലമാക്കാം.
* വ്യായാമത്തില് ഏർപ്പെടുക
വിവരങ്ങൾ: ഡോ. രാജശേഖർ വർമ, സീനിയർ കൺസൾട്ടന്റ്,
ഇന്റർവെൻഷണൽ കാർഡിയോളജി, ആസ്റ്റർ മെഡിസിറ്റി, കൊച്ചി.
Health
തൊഴില് സംബന്ധമായ വിജയത്തിനായുള്ള അശ്രാന്ത പരിശ്രമം നടത്തുന്ന ഈ കാലഘട്ടത്തില് ആരോഗ്യപരിപാലനം പലപ്പോഴും മറന്നുപോകുന്ന ഒന്നാണ്. ദീർഘനേരം ജോലി ചെയ്യുന്നതും ഹൃദയസംബന്ധമായ അസുഖങ്ങളും തമ്മിലുള്ള ബന്ധം ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്.
ചെറുപ്പക്കാരായ പ്രൊഫഷണലുകള് ഉയർന്ന മത്സരാന്തരീക്ഷത്തില് കൂടുതല് നേട്ടങ്ങള്ക്കായി പരിശ്രമിക്കുന്നതിനാല് കൂടുതല് സമയം ജോലി ചെയ്യുകയും കടുത്ത സമ്മർദം നേരിടുകയും ചെയ്യുന്നു. ജോലിയിലെ ഉയർച്ചയ്ക്കും നേട്ടങ്ങള്ക്കുമായി ജോലി ചെയ്യുന്ന യുവതലമുറയുടെ ചുമലില് പ്രതീക്ഷയുടെ അമിത ഭാരം കുന്നുകൂടുകയും ചെയ്യുന്നു. സമയത്തിനും കടുത്ത സമ്മർദത്തിനും എതിരേയുള്ള ഓട്ടത്തിലുമാണിവര്.
തൊഴിലിടങ്ങളിലെ സമ്മർദങ്ങൾ
മാനസിക സമ്മർദവും മാനസികാരോഗ്യവും സംബന്ധിച്ച ജിഒക്യൂഐഐ ഇന്ത്യാ ഫിറ്റ് റിപ്പോർട്ട് 2023 അനുസരിച്ച് 24 ശതമാനം ഇന്ത്യക്കാരും നീണ്ട ജോലി സമയം, തൊഴില് സുരക്ഷയുടെ അഭാവം, കുറഞ്ഞ വേതനം, തൊഴില് രംഗത്തെ കടുത്ത മത്സരം തുടങ്ങിയ പ്രശ്നങ്ങളാല് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.
ഈ സമ്മർദപൂരിതമായ ചുറ്റുപാടുകള്ക്കിടയില് സൂക്ഷ്മമായതും എന്നാല് ഏറെ ഉത്കണ്ഠ ഉണ്ടാക്കുന്നതുമായ ഒരു വസ്തുത ഒളിഞ്ഞിരിപ്പുണ്ട്, ചെറുപ്പക്കാർക്കിടയിലെ ഹൃദ്രോഗങ്ങള്. വിജയത്തിന്റെ യഥാർഥ വിലയും അത് അടുത്ത തലമുറയുടെ ഹൃദയത്തിന് സൃഷ്ടിക്കുന്ന അപകടവും വളരെ ഗൗരവത്തോടെ പ്രൊഫഷണലുകള് നോക്കിക്കാണേണ്ട ഒന്നാണ്.
മാനസിക സമ്മർദവും ഹൃദയരോഗങ്ങളും തമ്മിൽ...
കോർട്ടിസോള് എന്ന ഹോർമോണില് നിന്നാണ് മാനസിക സമ്മർദവും ഹൃദയസംബന്ധമായ അസുഖങ്ങളും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. മാനസികസമ്മർദത്തെ തുടർന്ന് ശരീരം ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് കോർട്ടിസോള്.
ദീർഘകാലമായുള്ള മാനസിക സമ്മർദം മൂലം കോർട്ടിസോള് ഉയർന്ന അളവില് ഉത്പാദിപ്പിക്കപ്പെടുകയും അത് രക്തസമ്മർദം, കൊളസ്ട്രോള്, ട്രൈ ഗ്ലിസറൈഡ്സ്, ബ്ലഡ് ഷുഗര് എന്നിവ ഉയരാന് കാരണമാകുകയും ചെയ്യും. ഇവയൊക്കെ ഹൃദയധമനികളില് കൊഴുപ്പ് അടിഞ്ഞുകൂടാനും പിന്നീട് ഹൃദയാഘാതത്തിനും കാരണമാകും.
വിവരങ്ങൾ: ഡോ. രാജശേഖർ വർമ, സീനിയർ കൺസൾട്ടന്റ്,
ഇന്റർവെൻഷണൽ കാർഡിയോളജി, ആസ്റ്റർ മെഡിസിറ്റി, കൊച്ചി
Health
ദഹനക്കേടും വയറുവേദനയുമൊക്കെ ഉണ്ടാകുമ്പോൾ ഇഞ്ചിയും ഉപ്പും ചേർത്തു ചതച്ചതു കഴിക്കുമായിരുന്നു പഴമക്കാർ. ആമാശയ സ്തംഭനം ഒഴിവാക്കാൻ ഇഞ്ചി ഫലപ്രദം; ആമാശയവ്യവസ്ഥയിലെ പേശികൾ അയവുളളതാക്കാൻ സഹായകം. ഗ്യാസ് നിറഞ്ഞ് വയറു വീർത്തുവരുന്നതു തടയുന്നു. ദഹനം സുഗമമാക്കുന്നതിനു ഭക്ഷണശേഷം ഇഞ്ചി കഴിച്ചാൽ മതി. ഭക്ഷ്യവിഷബാധ തടയുന്നതിനും ഇഞ്ചി ഫലപ്രദമെന്നു പഠനങ്ങൾ പറയുന്നു.
വിറ്റാമിൻ എ, സി, ഇ, ബി കോംപ്ലക്സ്; ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുന്പ്, കാൽസ്യം; ആന്റിഓക്സിഡൻറായ ബീറ്റാ കരോട്ടിൻ തുടങ്ങിയ പോഷകങ്ങളും ഇഞ്ചിയിൽ ധാരാളം.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ
കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഇഞ്ചി ഗുണപ്രദമെന്നു പഠനങ്ങൾ. രക്തസമ്മർദം നിയന്ത്രിതമാക്കുന്നു. ഹൃദയരോഗങ്ങൾക്ക് ഇടനല്കുന്ന രക്തം കട്ടിയാകൽ തടയുന്നതിനും ഇഞ്ചി ഫലപ്രദം. ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുന്നു. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. ഇഞ്ചിയിൽ ധാരാളമായി അടങ്ങിയ പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് ഉത്തമം. അതിൽ അടങ്ങിയ മാംഗനീസ് ഹൃദയം, രക്തക്കുഴലുകൾ എന്നിവയുടെ ആരോഗ്യം സംരക്ഷിക്കുന്നു. ദൈനംദിന ആഹാരക്രമത്തിൽ ഇഞ്ചിക്കും ഇടം നല്കിയാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താമെന്നു ചുരുക്കം.
പ്രമേഹനിയന്ത്രണത്തിന്
രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിതമാക്കുന്നതിന് ഇഞ്ചി ഫലപ്രദം. ഒരു ഗ്ലാസ് ചെറു ചൂടുവെളളത്തിൽ ഒരു ടീ സ്പൂണ് ഇഞ്ചിനീരു ചേർത്ത് രാവിലെ വെറുംവയറ്റിൽ പതിവായി കഴിക്കുന്നതു രക്തത്തിലെ പഞ്ചസാര നിയന്ത്രിതമാക്കുന്നതിനു ഗുണപ്രദം. പ്രമേഹ അനുബന്ധ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കുന്നതിനും ഇഞ്ചി സഹായകം. പ്രമേഹബാധിതരുടെ ഞരന്പുകളുടെ ആരോഗ്യസംരക്ഷണത്തിനും ഇഞ്ചി ഗുണപ്രദം. പക്ഷേ, ഹൃദയസംബന്ധമായ രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം തുടങ്ങിയവയ്ക്കു മരുന്നുകൾ കഴിക്കുന്നവർ ചികിത്സകന്റെ അറിവോടെ മാത്രമേ ഇഞ്ചി പതിവായി ഉപയോഗിക്കാവൂ.
ഇഞ്ചി ചേർത്ത ചായ
ഇഞ്ചിയിലുളള ആന്റിഓക്സിഡൻറുകൾ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിനു സഹായകം. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം പകരുന്നതിനു ഗുണപ്രദം. ചായ ശീലമുള്ളവർ യാത്രയ്ക്കു പുറപ്പെടും മുന്പ് ഇഞ്ചി ചേർത്ത ചായ കഴിച്ചാൽ യാത്രയ്ക്കിടയിൽ മനംപിരട്ടലിനും ഛർദിക്കുമുളള സാധ്യത കുറയ്ക്കാം. ഇഞ്ചി നിരവധി രോഗങ്ങൾക്കു മരുന്നായി ഉപയോഗിക്കാമെന്ന് വിവിധ പഠനങ്ങൾ പറയുന്നു.
തൊണ്ടവേദന കുറയ്ക്കാൻ
സ്വാഭാവിക വേദനസംഹാരിയാണ് ഇഞ്ചി. തൊണ്ടവേദനയും മറ്റ് അസ്വസ്ഥതകളും അകറ്റുന്നതിനു സഹായകം. ജലദോഷത്തെ തുടർന്നുണ്ടാകുന്ന ചുമ അകറ്റുന്നതിന് ഇഞ്ചി ഗുണപ്രദം. ശ്വാസകോശങ്ങളിൽ തങ്ങിനിൽക്കുന്ന കഫം ഇളകി പുറത്തുപോകുന്നതിന് ഇഞ്ചി സഹായകം. ഇഞ്ചി ചതച്ചു നീരെടുത്ത് അതിൽ തേൻ ചേർത്തു കഴിച്ചാൽ ചുമയുടെ ആക്രമണം തടയാം.
ചതച്ച ഇഞ്ചിയിൽ തേൻ ചേർത്തു കഴിച്ചാലും നന്ന്. ചതച്ച ഇഞ്ചിയും ഉപ്പും ചേർത്തു തിളപ്പിച്ചതു ചെറു ചൂടോടെ കവിൾക്കൊണ്ടാൽ ചുമയും തൊണ്ടവേദനയും പന്പകടക്കും. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിന് ഇഞ്ചി ഗുണപ്രദം.അതിനാൽ പനി, ജലദോഷം, വിറയൽ എന്നിവയുടെ ചികിത്സയ്ക്കും സഹായകം. വൈറസ്, ഫംഗസ്, വിഷമാലിന്യങ്ങൾ എന്നിവയ്ക്കെതിരേ പ്രവർത്തിക്കാനുളള ശേഷി ഇഞ്ചിക്കുണ്ട്.
പനി കുറയ്ക്കുന്നതിനും സഹായകം. പനിയുളളപ്പോൾ ഇഞ്ചി ദിവസവും പലതവണ കഴിക്കുന്നതു ശരീരത്തിലെ വിഷമാലിന്യങ്ങൾ പുറന്തളളുന്ന പ്രവർത്തനങ്ങൾക്കു (ഡീടോക്സിഫിക്കേഷൻ) സഹായകം. ചതച്ച ഇഞ്ചി ചേർത്തു വെളളം തിളപ്പിച്ച് ആവി കൊളളുന്നതു പനിയുമായി ബന്ധപ്പെട്ട മൂക്കടപ്പും കഫക്കെട്ടും മറ്റു ലക്ഷണങ്ങളും ഒഴിവാക്കുന്നതിനു ഫലപ്രദം.
കാൻസർ സാധ്യത കുറയ്ക്കാൻ
അണ്ഡാശയ കാൻസർ ചികിത്സയ്ക്ക് ഇഞ്ചി ഫലപ്രദമാണെന്നു മിഷിഗണ് സർവകലാശാല നടത്തിയ പഠനങ്ങൾ പറയുന്നു. കൊളോ റെക്റ്റൽ കാൻസർ കോശങ്ങളുടെ വളർച്ചയുടെ തോതു കുറയ്ക്കുന്നതിന് ഇഞ്ചി ഗുണപ്രദമെന്നു മിനെസോട്ട സർവകലാശാലയുടെ പഠനം വ്യക്തമാക്കുന്നു.
കുടലിലെ കാൻസർ സാധ്യത കുറയ്ക്കുന്നതിനും ഇഞ്ചി ഏറെക്കുറെ ഫലപ്രദം. ശ്വാസകോശം, സ്തനം, ചർമം, പ്രോസ്റ്റേറ്റ്, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന കാൻസറുകൾ തടയുന്നതിനും ഇഞ്ചി ഗുണപ്രദമാണെന്നു വിവിധ പഠനങ്ങൾ സൂചന നല്കുന്നു.
പ്രായമായവർക്കും..
നീർവീക്കവും വേദനയും തടയുന്ന ഇഞ്ചിയുടെ സ്വഭാവം ഗൗട്ട്, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട വേദന കുറയ്ക്കുന്നതിനു സഹായകം. (സന്ധികൾ, പേശികൾ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനു സഹായകം.) കാൽമുട്ടിൽ ഓസ്റ്റിയോ ആർത്രൈറ്റിസുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഇഞ്ചിയുടെ സത്ത് ഫലപ്രദമെന്നു പഠനം. ഇഞ്ചി ചേർത്തു പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതും അഭികാമ്യം.
മൈഗ്രേൻവേദനയിൽ നിന്ന് ആശ്വാസമേകാൻ ഇഞ്ചി ഗുണപ്രദമെന്നു ഗവേഷണങ്ങൾ സൂചന നല്കുന്നു. ശരീരത്തിന്റെ മെറ്റബോളിക് നിരക്ക് കൂട്ടുന്നതിനും ഇഞ്ചി ചേർത്ത ഭക്ഷണം സഹായകം. (നാം കഴിക്കുന്ന ഭക്ഷണം യഥാവിധി ദഹിച്ച് ഉൗർജമായി മാറുന്ന പ്രവർത്തനങ്ങളാണ് മെറ്റബോളിസം എന്നറിയപ്പെടുന്നത്). ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു സഹായകം. ഇഞ്ചിയിലുളള ക്രോമിയം, മഗ്നീഷ്യം, സിങ്ക് എന്നീ പോഷകങ്ങൾ രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നതിനു സഹായകം. വീട്ടമ്മമാരുടെ കൈയെത്തും ദൂരത്ത് ഒരു കഷണം ഇഞ്ചി ഉണ്ടാവണം. വീട്ടാവശ്യത്തിനുളള ഇഞ്ചി അടുക്കളത്തോട്ടത്തിൽ ജൈവരീതിയിൽ കൃഷി ചെയ്താൽ അത്രയും നന്ന്. (രോഗങ്ങളുള്ളവർ മരുന്ന് എന്ന രീതിയിൽ ഇഞ്ചി കഴിക്കുന്നതിനുമുന്പ് ഒരു ഡോക്ടറുടെ നിർദേശം തേടണം)
Health
ഹൃദ്രോഗമുണ്ടാക്കുന്നതിൽ ഏറ്റവും അപകടകാരിയെന്ന് പരക്കെ മുദ്രകുത്തപ്പെടുന്ന കൊളസ്ട്രോൾ ഹാർട്ടറ്റാക്കുണ്ടാകുന്ന 40-50 ശതമാനം പേരിലും സാധാരണ നിലയിലായിരിക്കുമെന്നതാണ് വസ്തുത. പക്ഷേ, ഹൃദ്രോഹം തടയാനും അറ്റാക്ക് വീണ്ടും വരുന്നത് പ്രതിരോധിക്കാനും എല്ലാ വൈദ്യശാസ്ത്രസംഘടനകളും ഉന്നം വയ്ക്കുന്നത് രക്തത്തിലെ എൽഡിഎൽ കോളസ്ട്രോൾ പരമാവധി കുറയ്ക്കാനാണ്.
കൊളസ്ട്രോൾ കുറവായിട്ടും...
നവജാത ശിശുക്കളിൽ എൽഡിഎൽ 25 മില്ലിഗ്രാം/ സെഡിലിറ്ററാണ്. അതുകൊണ്ട് നവജാതർക്ക് ഹൃദയാഘാതമേ ഉണ്ടാകില്ല എന്ന് വാദിക്കുന്നു. അപ്പോൾ ഹൃദ്രോഗത്തെ ഒഴിവാക്കാൻ എൽഡിഎൽ എത്രത്തോളം കുറയാമോ അത്രയും നന്ന് എന്നു പലരും വാദിക്കുന്നു. പക്ഷേ, കൊളസ്ട്രോൾ കുറവായിട്ടും അറ്റാക്ക് ഉണ്ടാകുന്നതോ?
ബയോ സൂചകങ്ങൾ
ഈ സാഹചര്യത്തിലാണ് ഹൃദ്രോഗസാധ്യത മുൻകൂട്ടി തിരിച്ചറിയാൻ ബയോസൂചകങ്ങളുടെ പ്രസക്തി കടന്നുവരുന്നത്. ഹൃദയധമനികളിലെ പരോഷമായ ജനിതകാവസ്ഥയുടെ പ്രാധാന്യം എത്രത്തോളമുണ്ട്്? കോശങ്ങളുടെ വീക്കത്തോടെ സജീവമാകുന്ന സി റിയാക്ടീവ് പ്രോട്ടീൻ, ഇന്റർലുക്കിൻ -6, ഫോസ്ഫോ ലിപ്പെയ്സ് എ രണ്ട്, ഓക്സീകരിക്കപ്പെട്ട എൽഡിഎൽ, നൈട്രോ തൈറോസിൻ, ലൈപ്പോപ്രോട്ടീൻ - എ, ഡി -ഡൈമർ, ഹോമോസിസ്റ്റീൻ, മൂത്രത്തിലെ മൈക്രോ ആൽബുമിൻ, ബിഎൻപി., ട്രോപോണിൻ തുടങ്ങിയ സൂചകങ്ങളെല്ലാം ഭാവിയിലുണ്ടാകാൻ പോകുന്ന ഹൃദയാഘാതം കണ്ടുപിടിക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കുന്നു.
പലതും അജ്ഞാതം!
ഹാർട്ട് അറ്റാക്കുണ്ടാക്കുന്നത് പല മാനസിക - ശാരീരിക - ജനിതക ഉദ്ദീപനപ്രക്രിയയിലെ അവസാന അധ്യായമായിട്ടാണ്. ഇനിയും അനാവരണം ചെയ്യപ്പെടാത്ത പല അജ്ഞാത ഘടകങ്ങളും ഈ രോഗാതുരതക്കു പിന്നിൽ ഉത്തേജകമാകുന്നു.
ആർക്കൊക്കെ അറ്റാക്ക് വരും ആർക്കു വരില്ല എന്നു കൃത്യമായി പറയാൻ എളുപ്പമല്ല. ഒന്നും ഒന്നും രണ്ട് എന്ന് കണക്കു കൂട്ടുന്നതുപോലെ ഈ നിഗൂഢ പ്രതിഭാസത്തെ നിർവഹിക്കുക സാധ്യമല്ല.
വൈദ്യപരിശോധന
അപകടങ്ങൾ ഉണ്ടാകുന്പോൾ മാത്രം കണ്ണുതുറക്കുന്നവരാണു നമ്മൾ. അമിതമായ വർക്ക്ഔട്ടുകൾക്കു മുന്പ് വൈദ്യപരിശോധന ചെയ്യണം. അമിത രക്തസമ്മർദമുണ്ടോയെന്നു കണ്ടെത്തി അത് ക്രമപ്പെടുത്തണം.
* കൊളസ്ട്രോൾ പരിധിക്കുള്ളിൽ നിർത്തണം. വേണ്ടിവന്നാൽ സ്റ്റാറ്റിൻ മരുന്നുകൾ കഴിച്ച് എൽഡിഎൽ 50 ൽ താഴെയാക്കണം.
* നെഞ്ചിലെ അസ്വാസ്ഥ്യം, ഇസിജിയിൽ വ്യതിയാനങ്ങൾ, പാരന്പര്യപ്രവണത, ആപത്ഘടകങ്ങളുടെ സാന്നിധ്യം ഇവയേതെങ്കിലുമുണ്ടെങ്കിൽ സിടി, ആൻജിയോഗ്രാഫി ചെയ്തു നോക്കണം; പ്രത്യേകിച്ച് കഠിന വ്യായാമങ്ങൾ ചെയ്യുന്നതിനു മുന്പ്.
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി എറണാകുളം