കൂത്താട്ടുകുളം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനായി ആശുപത്രിയിലേക്ക് നടന്നുപോകവെ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു.
കോൺഗ്രസ് മരങ്ങാട്ടുപിള്ളി ബ്ലോക്ക് മുൻ സെക്രട്ടറിയും മുൻ മണ്ഡലം പ്രസിഡന്റുമായ മുളയോലിക്കൽ സണ്ണി ജോൺ (64) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
ഭാര്യയുടെയും ബന്ധുക്കളുടെയും കൺമുന്നിലാണ് സണ്ണി അപകടത്തിൽപ്പെട്ടത്. വിവാഹത്തിനായി വിദേശത്തുനിന്ന് എത്തുന്ന മൂത്ത മകളെ കൊണ്ടുവരുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോകുന്നവഴിയാണ് ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനായി ആശുപത്രിയിലേക്കു പോയത്.
ദേവമാതാകുന്നിൻ മുകളിൽനിന്ന് എത്തിയ കാർ സണ്ണിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആശുപത്രി കോമ്പൗണ്ടിലേക്ക് തെറിച്ചുവീണ സണ്ണിക്ക് ഉടൻ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിയന്ത്രണംവിട്ട കാർ നിറുത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിൽ ഇടിച്ചാണു നിന്നത്. കാർ ഓടിച്ചിരുന്ന പൈക വിളക്കുമാടം പുത്തൻപുരയിൽ പ്രിൻസിനും അപകടത്തിൽപ്പെട്ട മറ്റു കാറിലുണ്ടായിരുന്ന തിടനാട് അരിമറ്റത്തിൽ ജോർജുകുട്ടി സെബാസ്റ്റ്യനും നിസാര പരിക്കേറ്റു.
സണ്ണി ജോണിന്റെ ഭാര്യ: ബിൽസി കാക്കൂർ നക്കര കുടുംബാംഗം. മക്കൾ: ആന്റിയ (നഴ്സ് റിയാദ്). അൽജോ സണ്ണി, അനിത സണ്ണി (നഴ്സിംഗ് വിദ്യാർഥി, മംഗളൂരു). മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിലെത്തിക്കും. സംസ്കാരം നാളെ 10.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന പള്ളിയിൽ.