National
റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചി സ്വദേശിയായ മർച്ചന്റ് നേവി ക്യാപ്റ്റൻ ഹോർമുസ് കടലിടുക്കിനു സമീപം ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
ക്യാപ്റ്റൻ രാകേഷ് രഞ്ജൻ (43) ആണ് മാർച്ച് 18നു രണ്ടിനു മരിച്ചത്. സ്വകാര്യ കന്പനി കപ്പലായ എഎസ്പി ആവണ-ആർപിഎസ്എൽ-എംയുഎം-172 ൽ ഫെബ്രുവരി രണ്ടിനാണ് രഞ്ജൻ ചേർന്നത്.
പശ്ചിമേഷ്യൻ യുദ്ധം മൂലം ഫെബ്രുവരി 28 മുതൽ കപ്പൽ ഹോർമുസ് കടലിടുക്കിൽ കുടങ്ങിയിരിക്കുകയാണ്. രാകേഷ് രഞ്ജന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം ചെയ്യണമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് കുടുംബം അഭ്യർഥിച്ചു.
National
ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് കടക്കാൻ കൂടുതൽ എണ്ണ ടാങ്കറുകൾക്ക് ഇറാൻ അനുവാദം നല്‍കാത്ത സാഹചര്യത്തിൽ ചർച്ചകൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.
കഴിഞ്ഞ ദിവസം ഹോർമുസ് കടന്ന രണ്ടാമത്തെ ക്രൂഡ് ഓയിൽ ടാങ്കര്‍ മുംബൈയിലെത്തിയിരുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലും വഹിച്ചുള്ള ലൈബീരിയൻ പതാക വഹിക്കുന്ന സ്മിർണി എന്ന കപ്പലാണ് മുംബൈയിലെത്തിയത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതിനു പിന്നാലെ സുരക്ഷിതമായി ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ കപ്പലാണിത്. നേരത്തെ മാർച്ച് 11-ന് 'ഷെൻലോംഗ് സൂയസ്മാക്സ്' എന്ന കപ്പൽ മുംബൈയിലെത്തിയിരുന്നു.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നു. എണ്ണക്കപ്പലുകളെ ആക്രമിക്കുകയോ യുഎസിനും ഇസ്രയേലിനുമെതിരായ നീക്കങ്ങൾ തുടരുകയോ ചെയ്താൽ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ശക്തമായ മറുപടിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ രംഗത്തെത്തി. ഹോർമുസ് കടലിടുക്കിൽ ആക്രമണമുണ്ടായാൽ ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി.
ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് വഴിയാണ്. സംഘർഷം രൂക്ഷമായതോടെ നിലവിൽ ഈ വഴിയുള്ള ചരക്കുകപ്പൽ ഗതാഗതം നിലച്ചിരിക്കുകയാണ്.
വിതരണം തടസപ്പെടുമെന്ന ഭീതിയെത്തുടർന്ന് തിങ്കളാഴ്ച ആഗോള വിപണിയിൽ എണ്ണവില ബാരലിന് 120 ഡോളറിലെത്തി. ഇത് കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
National
ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തിന്റെയും അനുമതിയെ ആശ്രയിച്ചിട്ടില്ലെന്നു കേന്ദ്രസർക്കാർ. ഈ മാസം പോലും ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും റഷ്യ ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ വിതരണക്കാരാണെന്നും കേന്ദ്രസർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞു.
റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി ഇന്ത്യക്ക് 30 ദിവസത്തേക്ക് ഇളവ് അനുവദിച്ചതായുള്ള അമേരിക്കയുടെ പ്രസ്താവനയ്ക്കെതിരേ ഇന്ത്യയിൽ വലിയ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണു കേന്ദ്രത്തിന്റെ വിശദീകരണം.
ഇറാൻ -യുഎസ്- ഇസ്രയേൽ യുദ്ധം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെട്ടതിനാൽ ഏറ്റവും മത്സരാധിഷ്ഠിത വില വാഗ്ദാനം ചെയ്യുന്ന ഏതൊരു സ്രോതസിൽനിന്നും ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുമെന്ന് കേന്ദ്രം അറിയിച്ചു.
ഹോർമുസ് കടൽ റൂട്ടിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിലും ഇന്ത്യയുടെ ഊർജ വിതരണം സുരക്ഷിതവും സുസ്ഥിരവുമായി തുടരുന്നു. ഒന്നിലധികം ബദൽ വിതരണ മാർഗങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യ എണ്ണസ്രോതസുകളെ വൈവിധ്യവത്കരിച്ചു.
നിലവിൽ 27 മുതൽ 40 വരെ രാജ്യങ്ങളിൽനിന്നു അസംസ്കൃത എണ്ണ വാങ്ങുന്നുണ്ട്. ദേശീയ താത്പര്യം മുൻനിർത്തി ഏറ്റവും മത്സരാധിഷ്ഠിത നിരക്കുകൾ ലഭ്യമായിടത്തുനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുവെന്നും കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
ഹ്രസ്വകാല തടസങ്ങൾ കൈകാര്യം ചെയ്യാൻ 250 ദശലക്ഷം ബാരലിലധികം അസംസ്കൃത എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും ഇന്ത്യ സംഭരിച്ചിട്ടുണ്ടെന്ന് പത്രക്കുറിപ്പിൽ വിശദീകരിച്ചു. ഏഴോ എട്ടോ ആഴ്ചത്തെ ഉപഭോഗത്തിനു തുല്യമായ ബഫർ സ്റ്റോക്കാണിത്. ഇന്ത്യയുടെ മൊത്തം എണ്ണശുദ്ധീകരണശേഷി പ്രതിവർഷം 258 ദശലക്ഷം മെട്രിക് ടണ്‍ ആണെന്നും ഇതു നിലവിലെ ആഭ്യന്തര ആവശ്യകതയേക്കാൾ കൂടുതലാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
എന്നാൽ, ഗാർഹിക-പാചകവാതക സിലിണ്ടറുകളുടെ വില രാജ്യത്താകെ ഇന്നലെ ഏഴു ശതമാനം വർധിപ്പിച്ചത് വിപണിയിൽ ആശങ്ക ഉയർത്തി. ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി വാങ്ങുന്ന രാജ്യമാണ് ഇന്ത്യ.
ഇന്ത്യയിൽ വിതരണം ചെയ്യുന്ന പാചകവാതകത്തിന്റെ 90 ശതമാനത്തിലധികവും പശ്ചിമേഷ്യയിൽനിന്നാണു വാങ്ങുന്നതെന്ന് ഡാറ്റാ ഇന്റലിജൻസ് സ്ഥാപനമായ കെപ്ലർ പറയുന്നു.