National
ബംഗളൂരു: യലഹങ്കയിലെ ഹോസ്റ്റലിന്റെ ഒമ്പതാം നിലയിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥി ലക്ഷ്യ മിശ്ര (19) യാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് അജ്നി കുമാർ മിശ്ര ആരോപിച്ചു.
ഹോസ്റ്റലിന്റെ ഒന്പതാം നിലയിയെ ജനലിലൂടെ ലക്ഷ്യ വീണുവെന്നാണ് അധികൃതർ അജ്നിയെ അറിയിച്ചത്. എന്നാൽ മൃതദേഹം കണ്ടപ്പോൾ അത്രയും ഉയരത്തിൽ നിന്നും വീണ് മരിച്ചതിന്റെ ആഴത്തിലുള്ള മുറിവുകളൊന്നും മകന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും ലക്ഷ്യ വീണ ജനൽ ഇടുങ്ങിയതായിരുന്നുവെന്നും അജ്നി പറഞ്ഞു.
അജ്നിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഒന്പതാം നിലയിലൂടെ ലക്ഷ്യ തനിച്ച് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാമെന്നും അധ്യാപകരെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിൽ സ്വകാര്യ സർവകലാശാലയിലെ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. മീററ്റിലെ മോഡിപുരം പ്രദേശത്താണ് സംഭവം.
ബിഹാറിലെ ഛപ്ര ജില്ല സ്വദേശിനിയായ പ്രിയ (20) ആണ് മരിച്ചത്. മൂന്നാം വർഷ ബിസിഎ വിദ്യാർഥിനിയായിരുന്നു പ്രിയ. സ്ഥാപനത്തിലെ തന്നെ വിദ്യാർഥിയായ സഹോദരനാണ് പ്രിയയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
സഹോദരൻ ഉടൻതന്നെ പ്രിയയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. വിവരം ലഭിച്ചതിനെത്തുടർന്ന് പല്ലവ്പുരം പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം പ്രിയയുടെ മുറി പരിശോധിച്ചു.
പ്രിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പല്ലവ്പുരം എസ്എച്ച്ഒ മഹേഷ് കുമാർ പറഞ്ഞു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് തോന്നുന്നതെന്നും എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ സ്വകാര്യ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയും പാട്ന സ്വദേശിയുമായ ലാവണ്യ പ്രതാപ് ആണ് മരിച്ചത്.
ശുചിമുറയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ലാവണ്യയുടെ സഹപാഠികൾ പോലീസിന് നൽകിയ മൊഴിയനുസരിച്ച്, അടുത്തിടെ നടന്ന പരീക്ഷകളിൽ ലാവണ്യ ഒരു വിഷയത്തിൽ പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്ന് വിദ്യാർഥിനി മാനസിക സമ്മർദത്തിലായിരുന്നുവെന്നും പറയുന്നു.
വിവരമറിഞ്ഞ ലാവണ്യയുടെ കുടുംബം ദുർഗാപുരിൽ എത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
കൊച്ചി: എറണാകുളത്ത് മെൻസ് ഹോസ്റ്റലിൽ നിന്നും നൈട്രാസെപാം ഗുളികകളും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഫൈസൽ നാസർ (33) എന്നയാളാണ് അറസ്റ്റിലായത്.
159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാം എംഡിഎംഎ എന്നിവയുമായി പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.
എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എം.എച്ച്. ഷിഹാബുദ്ദീൻ., പി.ജെ. ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സൈദ്.വി.എം, ബൈജു.എം എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.
National
ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ എംസിഎ വിദ്യാർഥി ജീവനൊടുക്കി. ജാർഖണ്ഡ് സ്വദേശിയായ കൃഷ്ണകാന്ത്(25) ആണ് മരിച്ചത്.
ഗ്രേറ്റർ നോയിഡയിലെ ഹോസ്റ്റലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാം വർഷ വിദ്യാർഥിയായിരുന്നു കൃഷ്ണകാന്ത്.
കൃഷ്ണ കാന്ത് ശനിയാഴ്ച കോളജിൽ പോയിരുന്നില്ല. പിന്നെ വരാമെന്ന് റൂംമേറ്റിനോട് പറഞ്ഞു. ഉച്ചകഴിഞ്ഞ്, കൃഷ്ണ കാന്തിന്റെ പിതാവ് റൂം മേറ്റിനെ വിളിച്ച് റൂമിലേക്ക് വേഗം ചെല്ലാൻ ആവശ്യപ്പെട്ടു.
ഇവർ ഹോസ്റ്റൽമുറിയിൽ എത്തിയെങ്കിലും വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവർ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ കൃഷ്ണകാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.