പ്രതീകാത്മക ചിത്രം
റാഞ്ചി: ജാർഖണ്ഡിലെ ലോഹർദാഗയിൽ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന നാല് വിദ്യാർഥിനികൾക്ക് പാമ്പുകടിയേറ്റു. സംഭവത്തിൽ വർഷ ഒറോണെ (12) എന്ന വിദ്യാർഥിനി മരിച്ചു. മനീഷ് കുമാരി (14), ഫുൾമാനിയ ഒറാവോൺ (11), അനിഷ കുമാരി (11) എന്നിവർ ചികിത്സയിലാണ്. മനീഷ്, ഫുൾമാനിയ എന്നിവർ ഗുരുതരാവസ്ഥയിലാണ്.
സാംസിറ ഹയര്‍ സെക്കന്ററി റസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. ഹോസ്റ്റലിലെ ഒരു മുറിയിൽ ഉറങ്ങുകയായിരുന്ന വിദ്യാർഥിനികൾക്കാണ് കടിയേറ്റത്. ഹോസ്റ്റലിലുണ്ടായിരുന്ന അധ്യാപിക ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വർഷയുടെ ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞെത്തിയ കുട്ടികളുടെ കുടുംബാംഗങ്ങള്‍ വലിയ പ്രതിഷേധമാണ് ഹോസ്റ്റലിന് പുറത്ത് ഉയര്‍ത്തിയത്. നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. പോലീസെത്തിയാണ് ബന്ധുക്കളെ ശാന്തരാക്കിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.