മുംബൈ: ബോംബെ ഐഐടിയിലെ രണ്ടാംവർഷ ബിടെക് വിദ്യാർഥി സഹിൽ വാകോഡെയുടെ മരണത്തിൽ ഉത്തരവാദികൾക്കെതിരേ നടപടിയും നീതിയും ആവശ്യപ്പെട്ട് കാമ്പസിലെ വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.
കഴിഞ്ഞ 15 ദിവസമായി തുടരുന്ന പ്രതിഷേധ സമരങ്ങൾക്കൊടുവിലാണ് വിദ്യാർഥികൾ നിരാഹാരസമരത്തിലേക്കു കടന്നത്. സ്ഥാപന അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും വിഷയത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
ഐഐടി ഡയറക്ടറുടെ രാജിയും സമഗ്രമായ അന്വേഷണവും ഉൾപ്പടെയുള്ള 18 പ്രധാന ആവശ്യങ്ങൾ അടങ്ങിയ നിവേദനം വിദ്യാർഥികൾ മാനേജ്മെന്റിനു സമർപ്പിച്ചിട്ടുണ്ട്.
സഹിൽ വാകോഡെയുടെ മാതാപിതാക്കൾ മുംബൈ ആസാദ് മൈതാനത്ത് നടത്തിവന്ന നിരാഹാരസമരത്തിന് പൊലിസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്നാണ് കാമ്പസിനുള്ളിൽ വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയത്.