തിരുവനന്തപുരം: ജലവൈദ്യുതി ഉത്പാദനം രാത്രിയിൽ മാത്രമായി ചുരുക്കുന്നുതിനുള്ള സാധ്യത പരിശോധിക്കാന്‍ കേരള വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കെഎസ്ഇബിയോട് ആവശ്യപ്പെട്ടു.
വൈകുന്നേരം ആറിനുശേഷമുള്ള വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ രാത്രിയിലേക്ക് ജലവൈദ്യുതി ഉത്പാദനം മാറ്റുന്നതിലൂടെ സഹായിക്കുമെന്നും അതുവഴി സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ചെലവേറിയ വൈദ്യുതി വാങ്ങല്‍ ഒഴിവാക്കാമെന്നുമുള്ള അനുമാനത്തിലാണ് ടി.കെ. ജോസ് അധ്യക്ഷനായ കമ്മിഷന് ഈ നിര്‍ദേശം കെഎസ്ഇബിക്കു നല്‍കിയിരിക്കുന്നത്.
സമീപ വര്‍ഷങ്ങളില്‍ സൗരോര്‍ജ ശേഷിയില്‍ കുത്തനെ വര്‍ധനയുണ്ടായതിനാല്‍ പകല്‍സമയത്ത് കേരളത്തില്‍ മിച്ചവൈദ്യുതി ഉണ്ടെന്നതാണ് കമ്മിഷന്റെ വിലയിരുത്തല്‍. പകല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ കണക്കുകള്‍ പരിശോധിച്ചായിരുന്നു കമ്മിഷന് വിലയിരുത്തിയത്.
പകൽസമയത്തെ ജലവൈദ്യുതി ഉത്പാദനം നാമമാത്രമാക്കുക അല്ലെങ്കിൽ പൂർണമായും നിർത്തിവയ്ക്കുക. ആ വെള്ളം സംഭരിച്ച് നിർത്തി വൈകുന്നേരം ആറിനുശേഷം പൂർണതോതിൽ ഉത്പാദനം നടത്തുക എന്നതാണ് ഒരു നിർദേശം.
ഇടുക്കി ഉള്‍പ്പെടെ ജലവൈദ്യുതി പദ്ധതികളുടെ സ്ഥാപിതശേഷി 2196.36 മെഗാവാട്ടാണ്. നിത്യോപയോഗത്തില് 20 ശതമാനം വൈദ്യുതി മാത്രമേ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുള്ളൂ.
അടുത്തകാലത്തായി സംസ്ഥാനത്ത് റൂഫ്ടോപ്പ് സോളാർ ഉൾപ്പെടെയുള്ള സൗരോർജ ഉത്പാദനം വൻതോതിൽ വർധിച്ചിട്ടുണ്ട്. പകൽ സമയത്ത് സോളാർ വൈദ്യുതി ഗ്രിഡിലേക്ക് വൻതോതിൽ എത്തുന്നതിനാൽ കെഎസ്ഇബിക്കു മറ്റ് കരാറുകളിൽനിന്നുള്ള വൈദ്യുതി പോലും വേണ്ടെന്നു വയ്ക്കേണ്ടിവരുന്നുണ്ട് .
പകല്‍സമയത്തുള്ള ഈ മിച്ചവൈദ്യുതി ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം(ബെസ്) വഴി സ്റ്റോർ ചെയ്താല്‍ രാത്രിയിലെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയില്ലേ എന്ന് കമ്മിഷന് കെഎസ്ഇബിയോട് ചോദിച്ചു. ബെസ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതു ഗൗരവമുള്ളതാണെന്നും ഇതുമായി ബന്ധപ്പെട്ട കരാര്‍ കൃത്യമായി പാലിക്കാനാകാത്തത് എന്തുകൊണ്ടാണെന്നും കമ്മിഷന് ആരാഞ്ഞു.
നേരത്തേ അറിയിച്ചപ്രകാരം ഈ മാസം മുതല്‍ കേരളത്തില്‍ ‘ബെസ്’ല്‍ നിന്ന് പീക്ക് സമയ വൈദ്യുതി കിട്ടേണ്ടതാണ്. ഇനിയും ഇതു വൈകരുതെന്നും ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം എത്രയും വേഗത്തിലാക്കണമെന്നും റെഗുലേറ്ററി കമ്മിഷന് കെഎസ്ഇബിക്കു കര്‍ശന നിര്‍ദേശം നല്കി. കൂടാതെ, കെഎസ്ഇബിയുടെ ആസൂത്രണത്തിലെ വീഴ്ചകള്‍ മൂലമുണ്ടാകുന്ന അധികചെലവുകള്‍ ഉപയോക്താക്കളുടെ താരിഫില്‍ പ്രതിഫലിക്കുന്നത് അനുവദിക്കാനാവില്ലെന്നും കമ്മിഷന് വ്യക്തമാക്കിയിട്ടുണ്ട്.
ഹ്രസ്വകാല കരാറുകള്‍ വഴി ഉയര്‍ന്ന വിലയ്ക്കു വൈദ്യുതി വാങ്ങാനുള്ള അനുമതിക്കായി കെഎസ്ഇബി നല്കിയ അപേക്ഷ പരിഗണിക്കവെയായിരുന്നു നിര്‍ദേശം. ഈ മാസം മുതല്‍ അടുത്തവര്‍ഷം മെയ് വരെ യൂണിറ്റിന് 9.40 രൂപ മുതല്‍ 12.50 രൂപ വരെ നല്കി ഒന്‍പത് കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഹ്രസ്വകാല കരാറുകള്‍ വഴിയടക്കം 1190 കോടിയുടെ വിലകൂടിയ വൈദ്യുതി വാങ്ങിയതിന്റെ കണക്കുകളും കെഎസ്ഇബി റെഗുലേറ്ററി കമ്മിഷനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.