ലഖിസരായ്: ബിഹാറിലെ ലഖിസരായ് ജില്ലയിൽ അനധികൃത മദ്യവിൽപനയും ചൂതാട്ടവും നടക്കുന്ന കേന്ദ്രത്തിൽ റെയ്ഡിനെത്തിയ പൊലിസ് സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ വനിതാ കോണ്‍സ്റ്റബിളടക്കം നാലുപേർക്കു പരിക്കേറ്റു. ടൗണ്‍ പൊലിസ് സ്റ്റേഷൻ പരിധിയിലെ ബൽഗുദാർ ഗ്രാമത്തിലായിരുന്നു സംഭവം. രഹസ്യവിവരത്തെത്തുടർന്ന് പരിശോധനയ്ക്കെത്തിയ സംഘത്തെ ഒരു വിഭാഗം ആക്രമിക്കുകയായിരുന്നു.
എസ്ഐ ഭഗവാൻ താക്കൂർ, കോണ്‍സ്റ്റബിൾമാരായ അമിത് കുമാർ ഝാ, ജിതേന്ദ്ര പാസ്വാൻ, രുചി കുമാരി എന്നിവർക്കാണ് പരിക്കേറ്റത്. കണ്ടാലറിയാവുന്ന 19 പേർക്കെതിരേയും തിരിച്ചറിയാത്ത 25 പേർക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്. ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നുണ്ടെന്നും മുതിർന്ന പൊലിസ് ഉദ്യോഗസ്ഥർ അറിയിച്ചു. മദ്യത്തിന്റെ നിർമാണം, വിൽപന, കൈവശംവയ്ക്കൽ, കടത്തൽ, ഉപയോഗം എന്നിവ നിരോധിച്ചുകൊണ്ട് 2016ലാണ് ബിഹാറിൽ സന്പൂർണ മദ്യനിരോധന നിയമം നടപ്പാക്കിയത്.