ന്യൂഡൽഹി: ലോക്സഭാ സ്പീക്കർക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് സ്പീക്കർ ഓം ബിർള മറുപടി നൽകി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മൂന്നാം തവണയാണ് ഒരു സ്പീക്കർക്കെതിരെയുള്ള പ്രമേയം സഭയിൽ ചർച്ച ചെയ്യപ്പെടുന്നത്. രണ്ട് ദിവസങ്ങളിലായി 12 മണിക്കൂറിലധികം നീണ്ട ചർച്ചകൾക്കൊടുവിലാണ് സ്പീക്കർ തന്റെ നിലപാട് വ്യക്തമാക്കിയത്.
പ്രതിപക്ഷ നേതാവിനോ മന്ത്രിമാർക്കോ സഭാ നിയമങ്ങൾക്ക് അതീതമായി പ്രവർത്തിക്കാൻ പ്രത്യേക അവകാശമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സഭയിലെ ഓരോ അംഗവും ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായി മാത്രമേ സംസാരിക്കാവൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സഭയിൽ പ്രതിപക്ഷത്തിന്റെ മൈക്ക് ഓഫാക്കുന്നു എന്ന ആരോപണത്തെ അദ്ദേഹം പൂർണമായും തള്ളിക്കളഞ്ഞു. സ്പീക്കറുടെ ഇരിപ്പിടത്തിൽ മൈക്ക് ഓഫ് ചെയ്യാനോ ഓൺ ചെയ്യാനോ ഉള്ള സ്വിച്ചുകൾ ഇല്ലെന്നും, ആർക്കാണോ സംസാരിക്കാൻ അനുമതി നൽകുന്നത് അവരുടെ മൈക്ക് തനിയെ പ്രവർത്തനസജ്ജമാകുന്നതാണ് സഭയിലെ രീതിയെന്നും അദ്ദേഹം വിശദീകരിച്ചു.
സഭയുടെ മധ്യഭാഗത്തേക്ക് ഇറങ്ങുന്നതും, പ്ലക്കാർഡുകൾ ഉയർത്തുന്നതും, പേപ്പറുകൾ കീറിയെറിയുന്നതും സഭാ മര്യാദകൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാൻ അംഗങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കേണ്ടി വരുന്നത് മാനസികമായി പ്രയാസമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭയിലെ വനിതാ അംഗങ്ങൾക്ക് സംസാരിക്കാൻ താൻ എപ്പോഴും മുൻഗണന നൽകാറുണ്ടെന്നും തന്റെ കാലയളവിലാണ് ഏറ്റവും കൂടുതൽ വനിതാ അംഗങ്ങൾ സഭയിൽ സംസാരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. താൻ സ്പീക്കർ പദവിയിൽ ഇരിക്കുന്നത് വ്യക്തിപരമായ താത്പര്യങ്ങൾക്കല്ല, മറിച്ച് 140 കോടി ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് ഭരണഘടനാപരമായ മൂല്യങ്ങൾ സംരക്ഷിക്കാനാണെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.