ന്യൂഡല്‍ഹി: അലഹാബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വസതിയില്‍ നിന്ന് വന്‍തുക കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട ഇംപീച്ച്‌മെന്‍റ് അന്വേഷണത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. ലോക്‌സഭാ സ്പീക്കര്‍ രൂപീകരിച്ച അന്വേഷണ സമിതിയുടെ നിയമസാധുതയെ ചോദ്യം ചെയ്താണ് ജസ്റ്റിസ് വര്‍മ സുപ്രീംകോടതിയെ സമീപിച്ചത്.
കേസിന്‍റെ പശ്ചാത്തലത്തില്‍, ജസ്റ്റിസ് വര്‍മയുടെ വീട്ടില്‍ നിന്ന് വന്‍തുകയും രേഖകളും കണ്ടെടുത്തതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് സുപ്രീംകോടതിയുടെ ഇന്‍-ഹൗസ് അന്വേഷണ സമിതിയാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ കുറ്റക്കാരനെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് ജഡ്ജി രാജിവെക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് പാര്‍ലമെന്‍റില്‍ ഇംപീച്ച്‌മെന്‍റ് നീക്കം ആരംഭിച്ചത്.
2025 ജൂലൈ 21നാണ് ലോക്‌സഭയിലും രാജ്യസഭയിലും ഇംപീച്ച്‌മെന്‍റ് മോഷന്‍ സമര്‍പ്പിക്കപ്പെട്ടത്. ലോക്‌സഭാ സ്പീക്കര്‍ അന്വേഷണ സമിതി രൂപീകരിച്ചത് ഭരണഘടനാപരമായി അസാധുവാണെന്നും, ഇംപീച്ച്‌മെന്‍റ് പ്രക്രിയയില്‍ നിയമലംഘനമുണ്ടെന്നുമാണ് ഹര്‍ജിക്കാരന്‍റെ വാദം. വാദം കേള്‍ക്കുന്ന ബെഞ്ച് ജസ്റ്റിസ് വര്‍മയോട് അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകാനും രേഖാമൂലം മറുപടി സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. മറുപടി സമര്‍പ്പിക്കാനുള്ള സമയപരിധി ജനുവരി 12 വരെ നീട്ടി. എന്നാൽ, കൂടുതല്‍ സമയം അനുവദിക്കാന്‍ ബെഞ്ച് തയ്യാറായില്ല.
കേസില്‍ പ്രധാനമായി ഉയര്‍ന്ന ചോദ്യം, രാജ്യസഭ ഇംപീച്ച്‌മെന്‍റ് മോഷന്‍ തള്ളിയാല്‍ ലോക്‌സഭയ്ക്ക് അന്വേഷണം തുടരാമോ എന്നതാണ്. ഇത് ഭരണഘടനാപരമായ ഒരു ഗ്രേ ഏരിയ ആണെന്ന് കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് യശ്വന്ത് വര്‍മ എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്. തന്നെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. കേസിന്‍റെ വിധി ജഡ്ജിമാരുടെ ഇംപീച്ച്‌മെന്‍റ് പ്രക്രിയയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍. ഇന്നത്തെ വാദം പൂര്‍ത്തിയായതോടെ വിധി പിന്നീട് പ്രഖ്യാപിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
Tags : Justice Yashwant Varma impeachment Supreme court