ബംഗളൂരു: ബംഗളൂരു ആസ്ഥാനമായുള്ള എസ്-വ്യാസ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാമ്പസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജിഗണിയിലുള്ള എസ്-വ്യാസ കാമ്പസില്‍വച്ചാണ് കേരളത്തിലെ പുതിയ കാമ്പസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ വികസിത് ഭാരത് ലക്ഷ്യം വയ്ക്കുന്ന അടുത്ത കാല്‍നൂറ്റാണ്ടിലെ വികസന ലക്ഷ്യങ്ങളിലേക്ക് എസ്-വ്യാസ യൂണിവേഴ്സിറ്റിക്കും ഒപ്പം സഞ്ചരിക്കാന്‍ കഴിയട്ടേയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
തിരുവനന്തപുരം നെടുമങ്ങാടാണ് 33 ഏക്കര്‍ വിസ്തൃതിയില്‍ എസ്- വ്യാസയുടെ പുതിയ കാമ്പസ്.
പരമ്പരാഗത ക്ലാസ് മുറികളില്‍ ഒതുങ്ങാത്ത വിദ്യാഭ്യാസരീതിയായിരിക്കും തിരുവനന്തപുരം കാമ്പസിന്റെ പ്രധാന സവിശേഷതയെന്ന് എസ്-വ്യാസ ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡെന്നി തോമസ് വട്ടക്കുന്നേല്‍ പറഞ്ഞു. വ്യവസായ വിദഗ്ധരുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന പഠനപദ്ധതികള്‍, പ്രായോഗിക പരിശീലനം, യഥാര്‍ഥ തൊഴില്‍സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകള്‍, ഇന്‍ഡസ്ട്രി മെന്ററിംഗ്, ഇന്റേണ്‍ഷിപ്പ് എന്നിവയിലൂടെ വിദ്യാര്‍ഥികളെ തൊഴില്‍ മേഖലയില്‍ സജ്ജരാക്കും.
സൈബര്‍ സെക്യൂരിറ്റി, റോബോട്ടിക്സ്, അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലെ പഠനത്തിനും ഗവേഷണത്തിനും തിരുവനന്തപുരം കാമ്പസ് കൂടുതല്‍ പ്രാധാന്യം നല്‍കും. അക്കാഡമിക് വിദഗ്ധരില്‍നിന്നു മാത്രമല്ല, എച്ച്പി, ഇന്റെല്‍, ടിസിഎസ്, ഐബിഎം, എല്‍ ആൻഡ് ടി തുടങ്ങിയ കമ്പനികളിലെ പ്രഫഷണലുകളില്നിന്ന് നേരിട്ട് പഠിക്കാനും പ്രായോഗിക പരിചയം നേടാനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുങ്ങും. തിരുവനന്തപുരം കാമ്പസില്‍ 2027 അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചതായും ഡെന്നി തോമസ് അറിയിച്ചു.
പ്രധാനമന്ത്രിയോടൊപ്പം കര്‍ണാടക ഗവര്‍ണര്‍ ഡോ. സുധ യാദവ്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, എസ് - വ്യാസ സൊസൈറ്റി പ്രസിഡന്റ് ഡോ. എച്ച്. ആര്. നാഗേന്ദ്ര, ദക്ഷിണ കൊറിയയിലെ മിര്യാങ് സിറ്റി മേയര്‍ ആന്‍ ബ്യൂങ്-കു, എസ്-വ്യാസ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. എച്ച്.ആര്. ദയാനന്ദ സ്വാമി, വൈസ് ചാന്‍സലര്‍ ഡോ.എൻ.കെ. മഞ്ജുനാഥ്, ബംഗളൂരു റൂറല്‍ എംപി ഡോ. സി.എന്‍. മഞ്ജുനാഥ്, എസ്-വ്യാസ സൊസൈറ്റി വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ആര്. നാഗരത്ന, എസ് - വ്യാസ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡെന്നി തോമസ് വട്ടക്കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.