ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയെ ഉൾപ്പെടുത്തി. പരിക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായിട്ടാണ് ഈ പുതുമുഖം ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്. നിലവിൽ ഇന്ത്യ എ ടീമിന്റെ ഭാഗമായി ക്രൈസ്റ്റ്ചർച്ചിലുള്ള 22കാരനായ കുശാഗ്രയ്ക്ക് ഇതാദ്യമായാണ് ഇന്ത്യൻ ടി20 ടീമിലേക്ക് വിളിയെത്തുന്നത്.
നേരത്തെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ നാലും അഞ്ചും മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായും കുശാഗ്രയെ ഉൾപ്പെടുത്തിയിരുന്നു. ഐപിഎല്ലിൽ ശുഭ്മാൻ ഗിൽ നായകനായ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ് കുമാർ കുശാഗ്ര. ന്യൂസിലൻഡിനെതിരെയുള്ള ആദ്യ മത്സരത്തിനിടെയാണ് ഇഷാൻ കിഷന്റെ കാലിന് പരിക്കേറ്റത്.
അതേസമയം കിഷന്റെ ആരോഗ്യസ്ഥിതി മെഡിക്കൽ ടീം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ ഐസിസി ടി 20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമതാണ് ഇഷാൻ കിഷൻ.