കൊച്ചി: രാജ്യത്തിന്റെ മതേതരഘടനയെ തകര്‍ക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ ശക്തമായ സാംസ്കാരിക പ്രതിരോധം ഉയരണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് 2025 കൊച്ചി രാജേന്ദ്ര മൈതാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത ജീവിതരീതികള്‍ പിന്തുടരുന്ന ജനങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കിയിരുന്ന നമ്മുടെ സംസ്കാരത്തിന്റെ മതേതരഘടനയെ തകര്‍ക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
വിജ്ഞാനം, സംസ്കാരം, ചരിത്രം, കല, പൈതൃകം എന്നിവ സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന് അനുസൃതമായി നിലകൊള്ളുന്ന സാഹചര്യമാണു നിലവിലുള്ളത്. സാഹിത്യ അക്കാദമി പോലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ അവാര്‍ഡ് നിര്ണയത്തിനുപോലും കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടേണ്ടിവരുന്ന സാഹചര്യം ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേൽ നേരിട്ടുള്ള കടന്നുകയറ്റമാണ്. ഇന്ത്യ എന്ന ആശയത്തെയും മതേതരത്വത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ്, എംഎല്‍എമാരായ കെ.എന്‍. ഉണ്ണിക്കൃഷ്ണന്, കെ.ജെ. മാക്സി, പി.വി. ശ്രീനിജിന്‍, സംഘാടകസമിതി വര്‍ക്കിംഗ് ചെയര്മാന് എം. അനില്‍കുമാര്‍, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍, മുന്‍ മന്ത്രി എം.എ. ബേബി, ടി. പത്മനാഭന്, ഉമയാള്‍പുരം ശിവരാമന്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, അടൂര്‍ ഗോപാലകൃഷ്ണൻ, നിലമ്പൂര്‍ ആയിഷ, സി.എല്‍. ജോസ്, സി.ജെ. കുട്ടപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു.