കൊച്ചി: രാജ്യത്തിന്റെ സംസ്കാരത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ പിന്തുണയോടെ വിവിധ സ്ഥാപനങ്ങളും സംഘടനകളും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് 20 മുതല്‍ 22 വരെ കൊച്ചിയിൽ നടക്കും. 20ന് രാവിലെ ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ലോഗോ പ്രകാശനം ഡോ. എം. ലീലാവതി നിര്‍വഹിച്ചു. കവി സച്ചിദാനന്ദന് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ആദ്യകാല നാടക പ്രവര്‍ത്തകയായ നിലമ്പൂര്‍ ആയിഷ മുഖ്യാതിഥിയായിരുന്നു.
ഡോ. ദിവ്യ എസ്. അയ്യര്‍ (സാംസ്കാരിക വകുപ്പ് ഡയറക്ടര്‍), ഡോ. സെബാസ്റ്റ്യന്‍ പോള്‍, മുരളി ചീരോത്ത് (ലളിതകലാ അക്കാദമി ചെയര്മാന്), ഏബ്രഹാം മാത്യു (കേരള ബുക്ക് മാര്‍ക്ക് സെക്രട്ടറി), ഡോ. പ്രമോദ് പയ്യന്നൂര്‍ (ഭാരത് ഭവന് സെക്രട്ടറി), ചലച്ചിത്ര പ്രവര്‍ത്തകരായ സരയൂ മോഹന്‍, കുക്കു പരമേശ്വരന്, നീനാ കുറുപ്പ്, ടി. ടി. ശിവരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
എട്ടു വേദികളിലായാണു പരിപാടികള്‍. സംവാദങ്ങള്‍, കലാവിഷ്കാരങ്ങള്‍, ശില്പകലാ പ്രദര്‍ശനങ്ങള്‍, ലോക ക്ലാസിക് കൃതികളുടെ വായനയും സംവാദവും, തെരുവ് അവതരണങ്ങള്‍, ശില്പശാലകള്, പ്രഭാഷണങ്ങള്‍, ചലച്ചിത്രമേള, ഗോത്രനാടന് ക്ലാസിക്കല്‍ കലാവതരണങ്ങള്‍ എന്നിവ കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കും.
Tags : Indian Cultural Congress Kochi