ന്യൂഡൽഹി: ഇന്ത്യൻ യുവാക്കളെ ഓൺലൈനായി തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും.
പാക്കിസ്ഥാനിലെ ഗുണ്ടാത്തലവൻ ഷെഹ്സാദ് ഭട്ടിയും പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസും (ഐഎസ്ഐ) ഇന്ത്യൻ യുവാക്കളെ ഓൺലൈനായി ആകർഷിക്കുന്നതാണ് എൻഐഎ അന്വേഷിക്കുന്നത്.
ഈ വർഷം ഏപ്രിലിൽ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) രജിസ്റ്റർ ചെയ്ത ഒരു കേസിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എടിഎസിന്റെ എഫ്ഐആറിൽ ഷെഹ്സാദ് ഭട്ടിയെയും ഐഎസ്ഐയുടെ ഒരു ഏജന്റിനെയുമാണ് പ്രതി ചേർത്തിരുന്നത്.
പാക് സ്ലീപ്പർ സെല്ലുകളുടെ സാന്നിധ്യം അന്വേഷിച്ച ഉത്തർപ്രദേശ് എടിഎസ് ഒരു ഉത്തർപ്രദേശ് സ്വദേശിയും ഒരു ഡൽഹി സ്വദേശിയും പാക്കിസ്ഥാൻ പ്രവർത്തകരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.