Tech
ടൊറന്റോ: കാനഡയിലെ മാർഖാമിൽ താമസിക്കുന്ന എട്ടുവയസ്സുകാരനായ ഇന്ത്യൻ വംശജൻ വിയൂഹൻ സയൂറൻ നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് വന്യജീവി സാന്നിധ്യം അറിയാനും സംരക്ഷിക്കാനുമായി പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിച്ചു.
'അർബൻ വൈൽഡ് വാച്ച്' (Urban Wild Watch) എന്ന് പേരിട്ടിരിക്കുന്ന ഈ സൗജന്യ ആപ്പിലൂടെ വന്യമൃഗങ്ങളെ കാണുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് പരസ്പരം പങ്കുവെക്കാനാകും.
കാനഡയിലെയും യുഎസിലെയും നഗരപ്രദേശങ്ങളിൽ കരടി, കൊയോട്ട്, കുറുക്കൻ, മാൻ തുടങ്ങിയ മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്. ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകുന്നതോടൊപ്പം വന്യമൃഗങ്ങളെ ഉപദ്രവിക്കാതിരിക്കാനും ലക്ഷ്യമിട്ടാണ് വിയൂഹൻ ഈ ആപ്പ് രൂപകൽപ്പന ചെയ്തത്.
വന്യമൃഗങ്ങളെ കണ്ട സ്ഥലം കൃത്യമായി കാണിക്കുന്നതിന് പകരം ആ പ്രദേശം മാത്രമാണ് ആപ്പിൽ കാണിക്കുക. സോഷ്യൽ മീഡിയയിൽ ഫോട്ടോ എടുക്കാനായി ആളുകൾ മൃഗങ്ങൾക്ക് ചുറ്റും തടഞ്ഞുകൂടുന്നത് മൃഗങ്ങളെ ഭയപ്പെടുത്തുമെന്നും അത് അപകടത്തിന് കാരണമാകുമെന്നും മനസ്സിലാക്കിയാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയത്.
പരിക്കേറ്റതോ ഒറ്റപ്പെട്ടുപോയതോ ആയ വന്യമൃഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പിലൂടെ അറിയിക്കാം. കൂടാതെ, വന്യമൃഗങ്ങളുടെ മുന്നിൽ പെട്ടാൽ എങ്ങനെ സുരക്ഷിതമായി പെരുമാറണമെന്ന മാർഗനിർദ്ദേശങ്ങളും ആപ്പിൽ ലഭ്യമാണ്.
പരമ്പരാഗതമായി കോഡിംഗ് പഠിക്കുന്നതിന് പകരം അത്യാധുനിക എഐ ടൂളുകൾ ഉപയോഗിച്ചാണ് വിയൂഹൻ ആപ്പ് വികസിപ്പിച്ചത്. ആശയങ്ങൾ ഏകോപിപ്പിക്കാൻ 'ക്ലോഡ്' എന്ന എഐ ടൂളും, ലളിതമായ നിർദ്ദേശങ്ങളെ ആപ്പായി മാറ്റാൻ 'ലൗവബിൾ' എന്ന പ്ലാറ്റ്ഫോമും ഉപയോഗിച്ചു.
ജൂൺ 5ന് പുറത്തിറങ്ങിയ ആപ്പിൽ ജൂലൈ മാസത്തോടെ കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നുമായി 150ലധികം വന്യജീവി സാന്നിധ്യങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞു. ആധുനിക സാങ്കേതികവിദ്യ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മനുഷ്യർക്കും വന്യമൃഗങ്ങൾക്കും സുരക്ഷിതമായി ജീവിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
NRI
ടെക്സസ്: ഫ്രിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരായ സംരംഭകരായ ഗോപാല കൃഷ്ണൻ, ശക്തിവേൽ പളനി ഗൗണ്ടർ എന്നിവർക്ക് തട്ടിപ്പും കരാർലംഘനവും നടത്തിയ കേസിൽ 400 മില്യൺ ഡോളറിലധികം നഷ്ടപരിഹാരം നൽകാൻ ടെക്സസിലെ വില്യംസൺ കൗണ്ടി ജുറി വിധിച്ചു.
ജോർജ്ടൗൺ ആസ്ഥാനമായ എനർജി കമ്മീഷനിംഗ് ഇൻകോർപ്പറേറ്റഡ് എന്ന സ്ഥാപനവും അതിന്റെ ഉടമയായ മാർഷൽ ഹുസൈനും നൽകിയ സിവിൽ കേസിലാണ് ഈ നിർണായക വിധി വന്നിരിക്കുന്നത്.
സാൻ ഗബ്രിയേൽ നദീതീരത്ത് വികസിപ്പിക്കാനിരുന്ന “ദി ഡിസ്ട്രിക്ട്” എന്ന ആഡംബര വാട്ടർഫ്രണ്ട് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത സ്ഥാപനത്തിന് വാഗ്ദാനം ചെയ്ത തുക പ്രതികൾ നൽകിയില്ലെന്നും, ഇതിലൂടെ സ്ഥാപനത്തിന് ഗുരുതര സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
ഈ സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി പരാതിക്കാരനായ മാർഷൽ ഹുസൈന് സ്വന്തം വീട് ഉൾപ്പെടെയുള്ള സ്വത്തുക്കൾ നഷ്ടമായതായി കോടതിയിൽ ബോധിപ്പിച്ചു. തെളിവുകൾ പരിശോധിച്ച ജുറി പരാതിക്കാരന്റെ വാദം പൂർണമായി അംഗീകരിക്കുകയും 400 മില്യൺ ഡോളറിലധികം നഷ്ടപരിഹാരം അനുവദിക്കുകയുമായിരുന്നു. ഇതിൽ ഏകദേശം 300 മില്യൺ ഡോളർ ശിക്ഷാനഷ്ടപരിഹാരമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നിക്ഷേപകരെ വഞ്ചിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് 2023ൽ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ നടപടികൾ നേരിട്ടവരാണ് ഈ പ്രതികളെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, ഈ വിധി ഒരു സിവിൽ കേസിലേതായതിനാൽ ഇത് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് മാത്രമാണ്, ക്രിമിനൽ ശിക്ഷയല്ലെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
NRI
വാഷിംഗ്ടണ് ഡിസി: കേരളത്തിൽ വേരുകളുള്ള അനിൽ മേനോൻ (48) ബഹിരാകാശയാത്ര നടത്തുന്നു. മലബാറിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയ ശങ്കരൻ മേനോന്റെയും യുക്രെയ്ൻ സ്വദേശിനി ലിസ സാമോലെങ്കെയുടെയും മകനാണ് അനിൽ.
യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്പേസ് എക്സ് കന്പനിയുടെ മെഡിക്കൽ ഡയറക്ടറുമായിരുന്നു ഇദ്ദേഹം. അടുത്ത വർഷം ജൂണിലാണ് അനിൽ ബഹിരാകാശ യാത്ര നടത്തുക.
എട്ടു മാസം ബഹിരാകാശ നിലയത്തിൽ താമസിക്കും. എക്സ്പെഡിഷൻ 75 എന്ന ദൗത്യത്തിൽ കസാഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽനിന്ന് സോയൂസ് എംഎസ്-29 പേടകത്തിലാണ് അനിൽ പുറപ്പെടുക.
2021ലാണ് അനിൽ നാസയുടെ യാത്രാസംഘത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. അനിലിന്റെ ഭാര്യ അന്ന ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്.