Kerala
കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കിയെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നയം തികച്ചും അവഹേളനാപരവും സമുദായത്തെ വഞ്ചിക്കുന്നതുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി .
റിപ്പോർട്ടിലെ നിർദേശങ്ങൾ പ്രസിദ്ധീകരിക്കാൻപോലും സർക്കാർ ഇതുവരെ തയാറായിട്ടില്ല. കത്തോലിക്ക കോൺഗ്രസ് ഈ വിഷയം ആവശ്യപ്പെട്ട് വിവരാവകാശപ്രകാരം മൂന്നു തവണ സർക്കാരിന് അപേക്ഷ സമർപ്പിച്ചിട്ടും സർക്കാർ നിരാകരിക്കുകയാണുണ്ടായത്. തുടർന്ന് കേരളം ഹൈക്കോടതിയിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുന്നു. വിവരാവകാശപ്രകാരം അപേക്ഷിച്ചപ്പോൾ സർക്കാർ പറഞ്ഞത്, മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്നു എന്നാണ്. എന്നിട്ടാണ് ഇപ്പോൾ റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കി എന്ന് പറയുന്നത്.
ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ നടപ്പാക്കുകയോ ഇല്ല എന്ന് മാത്രമല്ല, ഇതിന്റെ പേരിൽ ഒരു സമുദായത്തെയും ജനതയെയും അവഹേളിക്കുകകൂടിയാണ്. എന്തടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടെന്നും ഏതൊക്കെ കാര്യങ്ങളാണു നടപ്പാക്കിയതെന്നും വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാകണം. തെറ്റിദ്ധാരണാജനകമായ വാർത്തകളും തെറ്റായ പ്രഖ്യാപനങ്ങളും ഒരു ഉത്തരവാദിത്വപ്പെട്ട ഭരണാധികാരിക്ക് ചേർന്നതല്ല. പൊതുജനങ്ങളുടെ മുന്നിൽ റിപ്പോർട്ട് നടപ്പാക്കി എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ കാലഘട്ടങ്ങളിൽ ഉണ്ടാകുന്നുണ്ട്.
സർക്കാരിന് ആത്മാർഥതയും സത്യസന്ധതയും ഉണ്ടെങ്കിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. അതു ചെയ്യണമെന്ന് ക്രൈസ്തവ സഭകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സഭകളെ കളിയാക്കുന്നതിനും പറ്റിക്കുന്നതിനും വേണ്ടിയിട്ടാണ് സർക്കാരിന്റെ ഇത്തരത്തിലുള്ള ശ്രമങ്ങൾ. അത് തിരുത്താൻ സർക്കാർ തയാറാകണം.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി ക്രൈസ്തവ സമുദായം നൽകും എന്ന് കത്തോലിക്ക കോൺഗ്രസ് ഓർമിപ്പിച്ചു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം ശിപാർശകളും നടപ്പിലാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം.
17 വകുപ്പുകൾ പൂർണമായി ശിപാർശ നടപ്പിലാക്കി. 220 ശിപാർശകളിലും ഉപശിപാർശകളിലും നടപടികൾ പൂർത്തിയായി.
ഏഴു ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നതിന് അതതു വകുപ്പുകൾ നടപടി സ്വീകരിച്ചു വരുന്നതായി യോഗത്തിൽ അറിയിച്ചു. കമ്മീഷൻ സമർപ്പിച്ച 284 ശിപാർശകളും 45 ഉപശിപാർശകളുമാണ് സംസ്ഥാന സർക്കാർ പരിഗണിച്ചത്.
നിലവിലെ നിയമങ്ങൾക്കു വിധേയമായി പരിഗണിക്കാൻ കഴിയുന്ന വിഷയങ്ങളിൽ വേഗത്തിൽ നടപടി പൂർത്തീകരിച്ചതായി മുഖ്യമന്ത്രി യോഗത്തിൽ വിലയിരുത്തി.
മറ്റു വകുപ്പുകളുമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുത്ത് കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. നടപ്പാക്കാൻ കഴിയാത്തവ അറിയിക്കാനും നടപ്പാക്കാനാവുന്നവ കാലതാമസം കൂടാതെ നടപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
Kerala
കൊച്ചി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.
കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നു സഭയും സമുദായവും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണു കത്തോലിക്ക കോൺഗ്രസ് നിയമനടപടികളിലേക്കു കടക്കുന്നതെന്ന് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ വിവരാവകാശ നിയമപ്രകാരം വിവിധ തലങ്ങളിൽ അപേക്ഷ കൊടുത്തിരുന്നു. എന്നാൽ തരാൻ സാധ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്.
മൂന്നു വർഷത്തോളമായി മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്നുവെന്നു പറഞ്ഞാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ വിവരങ്ങൾ നിഷേധിച്ചത്. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകളെ അറിയിച്ചതായി പറയുന്ന സർക്കാർ, റിപ്പോർട്ടിന്റെ ഉള്ളടക്കം പൊതുജനങ്ങളിൽനിന്ന് മറച്ചുവയ്ക്കുന്നത് സംശയകരമാണ്.
റിപ്പോർട്ടിൽ എന്താണെന്നറിയാതെ എങ്ങനെ നടപ്പിലാക്കാൻ സാധിക്കും. സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം.
ഭരണപക്ഷവും പ്രതിപക്ഷ കക്ഷികളും എല്ലാം ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് വിഷയത്തിൽ തികഞ്ഞ അനാസ്ഥയാണു കാണിക്കുന്നത്. ആരിൽനിന്നു മറയ്ക്കാനാണെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും രാഷ്ട്രീയ പാർട്ടികളും സർക്കാരും വ്യക്തമാക്കണം.
സംഘടിതമായ ഗൂഢാലോചനയും നിസംഗതയും ഇതിനു പിന്നിലുണ്ടോയെന്നു സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരുവിഭാഗം ജനങ്ങളോടുള്ള തികഞ്ഞ അവഗണനയും അവഹേളനവുമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: ജെ.ബി. കോശി കമ്മീഷന് റിപ്പോര്ട്ടിന്മേല് തുടര്‍നടപടികളില്ലാത്ത സംസ്ഥാന സര്‍ക്കാരിന്റെ നീതിനിഷേധം അവസാനിപ്പിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യൻ.
സര്‍ക്കാരില്‍ സമര്‍പ്പിച്ച ജെ. ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവിടുന്നതിനോ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനോ രണ്ടരവര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ യാതൊരു ശ്രമവും നടത്താത്തതില്‍ ദുരൂഹതയുണ്ട്.
പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് നേടാന്‍ മാത്രമുള്ള രാഷ്ട്രീയ തന്ത്രമായിട്ട് തുടര്‍നടപടികളില്ലാത്ത ഇത്തരം പഠന കമ്മീഷനുകളെ നിയമിക്കുന്നത് പ്രഹസനമാണ്. ക്രൈസ്തവരെ ആരും രാഷ്ട്രീയ സ്ഥിര നിക്ഷേപമായി കാണേണ്ടതില്ല. തെരഞ്ഞെടുപ്പുകളില്‍ വിഷയാധിഷ്ഠിത നിലപാടുകളെടുക്കാന്‍ വിശ്വാസിസമൂഹത്തിനാകും.
സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപവും, ക്ഷേമ പദ്ധതി നിര്‍ദേശങ്ങളുടെ വിശദാംശങ്ങളും ഉടന്‍ പുറത്തുവിടണം. തുടര്‍നടപടികളും വിവിധ ക്ഷേമപദ്ധതികളും സമയബന്ധിതമായി പ്രഖ്യാപിക്കാനും നടപ്പിലാക്കാനും സർക്കാരിന്റെ വിവിധ ന്യൂനപക്ഷ സമിതികളില്‍ ആനുപാതിക പ്രാതിനിധ്യം ക്രൈസ്തവര്‍ക്ക് ഉറപ്പാക്കാനും സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ ആത്മാര്‍ഥ സമീപനം അടിയന്തരമായി സ്വീകരിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.