തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ ശിപാർശയിൽ ഉൾപ്പെടുത്തിയ തീരദേശവാസികളുടെ പാർപ്പിട പ്രശ്നം പഠിക്കാൻ വീണ്ടും ഉദ്യോഗസ്ഥ തല സമിതിയെ നിയോഗിച്ചു സംസ്ഥാന സർക്കാർ.
ക്രിസ്ത്യൻ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനെക്കുറിച്ചു പഠിച്ചു സമർപ്പിച്ച റിപ്പോർട്ടിലാണ് തീരദേശ നിയന്ത്രണ വിജ്ഞാപനം അനുസരിച്ചുള്ള പാർപ്പിട പ്രശ്നം പരിഹരിക്കാൻ നിർദേശം മുന്നോട്ടുവച്ചത്.
കമ്മീഷൻ റിപ്പോർട്ട് കഴിഞ്ഞ 24നു ചേർന്ന മന്ത്രിസഭായോഗം പരിഗണിച്ചപ്പോൾ, തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പഠിക്കാൻ വീണ്ടുമൊരു സമിതിയെ നിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.
തദ്ദേശ സ്വയം ഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറിയെയും പരിസ്ഥിതി വകുപ്പ് സെക്രട്ടറിയെയുമാണ് ഇതേക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയത്. നിയമവശങ്ങൾ പഠിച്ചു പരിഹരിക്കാനാണെങ്കിൽ നിയമ സെക്രട്ടറിയെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുമില്ല.
2019ലെ തീരദേശ നിയന്ത്രണ വിജ്ഞാപനം തീരദേശവാസികൾക്ക് വീട് നിർമിക്കാനും പുനർ നിർമിക്കാനും അനുവാദം നൽകിയിരിക്കുന്നെങ്കിലും മൂന്നിരട്ടി നികുതി അടയ്ക്കാൻ നിർബന്ധിതരാക്കുകയായിരുന്നു. അണ് ഓതറൈസ്ഡ് നന്പർ മാത്രമാണ് ഭവനങ്ങൾക്ക് നൽകിയിരുന്നത്.
2019ലെ സിആർഇസഡ് വിജ്ഞാപന പ്രകാരം മത്സ്യത്തൊഴിലാളികൾക്കും പരന്പരാഗത തീരവാസികൾക്കും ഭവന നിർമാണത്തിന് അനുമതി നൽകിയിട്ടുള്ളതിനാൽ നിലവിലുള്ള എല്ലാ ഭവനങ്ങളും യുഎ നന്പരിൽ നിന്ന് ഒഴിവാക്കണമെന്ന് ജെ.ബി. കോശി കമ്മീഷൻ ശിപാർശ നൽകിയിരുന്നു.
വീട്ടുനന്പർ അനുവദിക്കുന്ന വിഷയത്തിൽ നിർദേശം സമർപ്പിക്കാൻ സെക്രട്ടറി, തദ്ദേശസ്വയം ഭരണ വകുപ്പ്, സ്പെഷൽ സെക്രട്ടറി പരിസ്ഥിതി വകുപ്പ് എന്നിവർക്കാണ് ചുമതല.
സമിതിയുടെ നിർദേശം എത്രനാൾക്കകം സമർപ്പിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല.
Tags : expatriate study Committee housing J.B. Koshy commission report