Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joby George

യുകെ വീസ തട്ടിപ്പ്: നിർമാതാവ് ജോബി ജോർജിന് നാല് വർഷം തടവ്

കൊച്ചി: യുകെ വീസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നിർമാതാവ് ജോബി ജോർജിന് നാല് വർഷം തടവ്. രണ്ട് കേസുകളിലായാണ് കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയുടെ വിധി.

പിഴയായി ജോബി 66.5 ലക്ഷം രൂപ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികൾ എന്നിവരുടെ പരാതിയിലെടുത്ത കേസുകളിലാണ് ജോബി ജോർജിനെ കോടതി ശിക്ഷിച്ചത്. 

യുകെയിലേക്കുള്ള വീസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി 2011 ൽ രണ്ടുതവണയായി 50 ലക്ഷം രൂപയാണ് രാജേഷ് മാത്യുവിൽ നിന്ന് ജോബി കൈപ്പറ്റിയത്. വാഗ്ദാനം പാലിക്കാതിരുന്നതോടെ 2012 ൽ പണം തിരികെ നൽകുന്നതിന്‍റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും മടങ്ങി. തുടർന്നാണ് രാജേഷ് മാത്യു പരാതി നൽകിയത്.

തുടക്കം മുതൽ തന്നെ പരാതിക്കാരനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന നിരീക്ഷണത്തോടെയാണ് രണ്ടുവർഷം തടവിന് കോടതി ശിക്ഷിച്ചത്. 50 ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസിൽ ജോബിയുടെ ഭാര്യ സുനിമോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.
 
യുകെയിൽ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്‍റ് വീസയും വാഗ്ദാനം ചെയ്താണ് മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്, ഭാര്യ ഡാർലി ബിജു എന്നിവരിൽ നിന്നും ജോബി ലക്ഷങ്ങൾ തട്ടിയത്. ലണ്ടനിലെ ന്യൂകാസിലുള്ള ഷോപ്പിൽ പങ്കാളിത്തം നൽകാമെന്നും, ഡാർലിക്ക് ലണ്ടനിലെ എൽബിഎ കോളജിൽ ബിസിനസ് ഇൻഫർമേഷൻ ഡിപ്ലോമയ്ക്ക് അഡ്മിഷൻ ശരിയാക്കി നൽകാമെന്നുമായിരുന്നു വാഗ്ദാനം. 

എന്നാൽ യുകെയിലെത്തിയതോടെയാണ് തട്ടിപ്പ് ദമ്പതികൾക്ക് മനസിലായത്. ഇതോടെ പണം തിരികെ ചോദിച്ചപ്പോൾ ജോബി തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ മൊഴി നൽകി. കേസിൽ ജോബിയെ രണ്ടുവർഷം തടവിന് ശിക്ഷിച്ച കോടതി, 16.52 ലക്ഷം പിഴയടക്കാനും ഉത്തരവിട്ടു.

Latest News

Corehub Up