Kerala
കോട്ടയം: പാലായിൽ ത്രികോണ പോരാട്ടമില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണി. മത്സരം യുഡിഎഫുമായി മാത്രമാണെന്നും ബിജെപി ചിത്രത്തിലില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
പാലായിലെ രാഷ്ട്രീയാന്തരീക്ഷം മാറുന്നുവെന്നും വിശ്വാസി സമൂഹത്തിൻ്റെ പിന്തുണ ഇടത് മുന്നണിക്കുണ്ടാകുമെന്നും ജോസ് അവകാശപ്പെട്ടു. എഫ്സിആർഎ എന്ന കൊടുങ്കാറ്റ് ആദ്യം തിരിച്ചറിയാനായി. ക്രിസ്ത്യൻ വെൽഫയർ ബോർഡ് എന്ന പേരിൽ അടുത്ത അത്യാഹിതം വരുന്നുണ്ടെന്നും കൂടുതൽ അപകടകരമായ സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയെ കാണാൻ ശ്രമിക്കും. ആരുടെയും പിന്തുണ വേണ്ടെന്ന് പറയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. വോട്ട് വേണ്ടെന്ന് പറഞ്ഞ് മാറ്റി വയ്ക്കില്ല. കേരള കോൺഗ്രസ്-എം കൂടുതൽ ശക്തമായത് എൽഡിഎഫിൽ എത്തിയപ്പോഴാണ്. കേരള കോൺഗ്രസ് എമ്മിനെ പുറത്താക്കിയതിൽ പശ്ചാത്തപിക്കണോയെന്ന് യുഡിഎഫ് തീരുമാനിക്കട്ടെയെന്നും ജോസ് കെ. മാണി പ്രതികരിച്ചു.
Kerala
കോട്ടയം: സംസ്ഥാനത്ത് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് കേരള കോൺഗ്രസ്-എം ചെയർമാനും പാലായിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ ജോസ് കെ. മാണി. പാലാ ഇത്തവണ തിരിച്ചുപിടിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
"പാലായിൽ എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ്. ജനങ്ങൾ അനുകൂലമായാണ് പ്രതികരിക്കുന്നത്. മണ്ഡലത്തിൽ ത്രികോണ പോരാട്ടമില്ല. മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്.'-ജോസ് കെ. മാണി വ്യക്തമാക്കി.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജോസിന്റെ പ്രതികരണം. മുന്നണി മാറ്റത്തെ കുറിച്ച് വന്ന വാർത്തകളെ കുറിച്ചും ജോസ് പ്രതികരിച്ചു. യുഡിഎഫിൽ നിന്ന് ഞങ്ങളെ പുറത്താക്കിയതാണെന്നും അതുകൊണ്ട് തന്നെ തിരിച്ചുപൊകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ജോസ് പറഞ്ഞു.
യുഡിഎഫിന്റെ കൂടെ നിന്ന് ചെയ്യാൻ കഴിയുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ എൽഡിഎഫിന്റെ കൂടെ നിന്ന് ചെയ്യാൻ സാധിച്ചു. വികസന പ്രവർത്തനങ്ങൾ അടക്കം തുടരണമെങ്കിൽ എൽഡിഎഫ് സർക്കാർ തന്നെ വീണ്ടും വരേണ്ടതുണ്ടെന്നും ജോസ് പറഞ്ഞു.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. കഴിഞ്ഞ തവണ കൈവിട്ടുപോയ പാർട്ടിയുടെ ഉരുക്കുകോട്ട തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോസ് കെ. മാണി വീണ്ടും മത്സരരംഗത്തിറങ്ങുന്നത്. കെ.എം. മാണിക്ക് ശേഷം പാലാ മണ്ഡലം കേരള കോൺഗ്രസ് എമ്മിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി മറികടക്കാൻ ഇത്തവണ ചിട്ടയായ പ്രവർത്തനങ്ങളാണ് എൽഡിഎഫ് മണ്ഡലത്തിൽ നടത്തുന്നത്. നിലവിൽ മാണി സി കാപ്പനാണ് പാല സിറ്റിംഗ് എംഎൽഎ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം ജോസ് കെ. മാണിക്ക് എതിരെ 15,378 വോട്ടുകളാണ് കൂടുതൽ നേടിയത്.
Kerala
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിൽ റോ ഗ്രൂപ്പില്ല തന്റെ ജീവിതകാലത്തിൽ ഒരിക്കലും അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടാകില്ലെന്നും ഇപ്പോൾ പ്രചരിക്കുന്നതെല്ലാം കെട്ടുകഥയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ജോസ് കെ. മാണി പാലായിൽ മത്സരിക്കണമെന്നതു തന്റെ വ്യക്തിപരമായ ആഗ്രഹമാണ്.
പാലായെ അനാഥമാക്കാനാകില്ല. അവിടെയുള്ള ജനങ്ങൾ തെറ്റ് തിരുത്താൻ ജോസ് കെ. മാണിക്കു വേണ്ടി വ്യഗ്രതയോടെ നിൽക്കുകയാണ്. അദ്ദേഹവുമായി ഒരു തർക്കവുമില്ല. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറയുന്നതാണ് പാർട്ടിയുടെ അഭിപ്രായം. യുഡിഎഫിലേക്കു പോകുമെന്നും കേരള കോണ്‍ഗ്രസ്-എമ്മിലെ ആരും പറഞ്ഞിട്ടില്ല. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്ന് പാർട്ടി ചെയർമാൻതന്നെ പറഞ്ഞിരുന്നു.
പാലായിൽ ജോസ് കെ. മാണി മത്സരിക്കുമെന്നും പാർട്ടി തീരുമാനിക്കുമെന്നാണ് താൻ പറഞ്ഞത്. കെ.എം. മാണിയേക്കാൾ കൂടുതൽ അപ്ഗ്രേഡായ നേതാവാണ് ജോസ്. പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കടലിന്റെ അവകാശം കടലിന്റെ മക്കൾക്കെന്ന് അദ്ദേഹം പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു.
ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലയാത്രയിൽ വലിയ ജനപങ്കാളിത്തമാണ്. കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേക്കു പോകുമെന്ന് വിശ്വസിക്കുന്ന യുഡിഎഫ് നേതാക്കൾ അവരുടെ വിശ്വാസവുമായി മുന്നോട്ടു പോകട്ടെയെന്നും റോഷി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
District News
തിരുവല്ല: കേരളത്തിന്റെ വികസനം തടസപ്പെടുത്തുന്ന കാര്യത്തിൽ യുഡിഎഫും ബിജെപിയും ഒരേതൂവൽപക്ഷികളാണെന്ന് കേരള കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി എംപി. എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റജാഥയുടെ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അപ്രഖ്യാപിത സാമ്പത്തിക ഉപരോധം കേരളത്തിന്മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കിഫ്ബി പോലെയുള്ള ബദൽ മാർഗങ്ങളിലൂടെ സംസ്ഥാനത്തന്റെ വികസനം ഉറപ്പാക്കാനും കാര്യക്ഷമമായ ധനവിനിയോഗത്തിലൂടെ ക്ഷേമ പദ്ധതികൾ നടപ്പാക്കാനും എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തെയും പുരോഗതിയിലേക്കുള്ള കുതിപ്പിനെയും അനാവശ്യ വിവാദങ്ങൾ ഉയർത്തി തടയിടുന്നതിനാണ് എപ്പോഴും യുഡിഎഫ് ശ്രമിച്ചത്. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചവരാണ് കേരളത്തിലെ ജനങ്ങളെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
ജാഥാ അംഗങ്ങളായ കെ.കെ. ശൈലജ, പി.കെ. ബിജു, പി.പി. സുനീര്‍ എംപി, സാബു ജോര്‍ജ് സുഭാഷ് പുഞ്ചക്കോട്ടിൽ, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യൂസ് കോലഞ്ചേരി, കെ.ജി. പ്രേംജിത്ത്,
ഫ്രാന്‍സിസ് തോമസ്, എം.എ. ലത്തീഫ് , ബിനോയ് ജോസഫ്, മാത്യു ടി. തോമസ് എംഎൽഎ, ആർ, സനൽകുമാർ, സജി അലക്സ്, അലക്സ് കണ്ണമല, ഫ്രാൻസിസ് കെ. ആന്റണി, ചെറിയാൻ പോളച്ചിറക്കൽ, രതീഷ് കുമാർ, അലക്സാണ്ടർ കെ. സാമുവൽ, ജിജി വട്ടശേരിൽ, എൻ.പി. നൈനാൻ, പ്രഫ.ജേക്കബ് എം. ഏബ്രഹാം, സാം കൊളപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Kerala
പത്തനംതിട്ട: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥ ഇന്ന് പത്തനംതിട്ടയിൽ നിന്നും പ്രയാണം ആരംഭിക്കും. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയാണ് ജാഥാ ക്യാപ്റ്റൻ.
പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ഇന്ന് രാവിലെ ജാഥയുടെ ഉദ്ഘാടനം നടക്കും. പത്തനംതിട്ട മുതൽ എറണാകുളം വരെയുള്ള ജില്ലകളിലൂടെയാണ് ഈ വികസന മുന്നേറ്റ ജാഥ കടന്നുപോകുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ വികസന - ക്ഷേമ പദ്ധതികൾ വിശദീകരിക്കുകയും, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ജനവികാരം രൂപപ്പെടുത്തുകയുമാണ് ജാഥയുടെ പ്രധാന ലക്ഷ്യം.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ചീഫ് വിപ്പ് എൻ. ജയരാജ്, സിപിഎം നേതാക്കളായ കെ.കെ. ശൈലജ, പി.കെ. ബിജു, സിപിഐ നേതാവ് പി.പി. സുനീർ തുടങ്ങിയ പ്രമുഖ എൽഡിഎഫ് നേതാക്കൾ ജാഥയിൽ ഉടനീളം പങ്കെടുക്കും.
ഫെബ്രുവരി ആറിന് ആരംഭിച്ച് ഫെബ്രുവരി 13ന് ആറന്മുളയിലാണ് മധ്യമേഖലാ ജാഥ സമാപിക്കുന്നത്. ഇന്ന് പത്തനംതിട്ടയിലെ വിവിധ സ്വീകരണങ്ങൾക്ക് ശേഷം ജാഥ മുന്നോട്ട് നീങ്ങും. നാളെ ചങ്ങനാശേരിയിലും തിരുനക്കരയിലും ജാഥയ്ക്ക് വൻ സ്വീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജോസ് കെ. മാണി മുന്നണി മാറുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹം നേരിട്ട് ജാഥാ ക്യാപ്റ്റനായി രംഗത്തിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. എൽഡിഎഫ് ഐക്യം ഉറപ്പിക്കാനും മധ്യകേരളത്തിൽ സ്വാധീനം വർധിപ്പിക്കാനും ഈ യാത്രയിലൂടെ പാർട്ടി ലക്ഷ്യമിടുന്നു.
National
ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം ക്രൈസ്തവ സമൂഹത്തിനും ആരാധനാലയങ്ങള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ കമ്മീഷനെ നിയോഗിക്കണമെന്ന് ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഇത്തരം അതിക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവ വിശ്വാസികള്‍ക്കും പള്ളികള്‍ക്കും നേരെ നടക്കുന്നത് ആസൂത്രിതമായ ആക്രമണങ്ങളാണോ എന്ന് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവര്‍ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണം. ആരാധനാസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കാന്‍ കേന്ദ്രം കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കണം.
ഇത്തരം അക്രമങ്ങള്‍ തടയാന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നുവെന്നും ഇതില്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മധ്യപ്രദേശിലെ പള്ളികളില്‍ കാവിക്കൊടി കെട്ടിയ സംഭവത്തിലും, കരോള്‍ സംഘങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോഴും സമാനമായ രീതിയില്‍ ജോസ് കെ. മാണി പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
Kerala
കൊച്ചി: കേരള കോൺഗ്രസ്-എം യുഡിഎഫിലേയ്ക്ക് വരുമെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജോസ് വരുന്ന കാര്യമല്ല വിസ്മയമെന്നും തെരഞ്ഞെടുപ്പിന് മുൻപ് അത് കാണാമെന്നും സതീശൻ പറഞ്ഞു.
"യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തും. വ്യക്തികളും പാർട്ടികളുമടക്കം വരും. വിസ്മയം എന്താണെന്ന് ഞങ്ങളാണ് പറയേണ്ടത്. ഐഷാ പോറ്റി വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ അത് വിസമയം ആകുമായിരുന്നോ. കാത്തിരുന്നാൽ ഇനിയും വിസ്മങ്ങൾ കാണാം.'-സതീശൻ പറഞ്ഞു.
കേരള കോൺഗ്രസ്-എം വരുന്ന കാര്യമാണ് വിസ്മയം എന്നൊക്കെ പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. യുഡിഎഫിന്റെ നേതാക്കളാരും അതിനെ കുറിച്ച് പറഞ്ഞിട്ടില്ല. എല്ലാ ദിവസവും വന്ന് വിസ്മയത്തിന് കുറിച്ച് പറയേണ്ട കാര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എന്തായാലും കൂടൂതൽ പേർ യുഡിഎഫിൽ എത്തുമെന്നും സതീശൻ ആവർത്തിച്ചു.
Kerala
കോട്ടയം: കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നും ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ചു കഴിഞ്ഞു അടച്ചു വച്ചോളും എന്നും ജോസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു ജോസിന്റെ പ്രതികരണം.
'ഇന്നത്തെ യോഗത്തിൽ മുന്നണി മാറ്റമൊന്നും ചർച്ചയാകില്ല. അജൻഡയിൽ ഇല്ലാത്ത വിഷയമാണത്. മാധ്യമങ്ങളല്ല അജണ്ട നിശ്ചയിക്കുന്നത്. എൽഡിഫിന്റെ മേഖല ജാഥ ഒരുക്കങ്ങളടക്കം ഇന്ന് യോഗം ചർച്ച ചെയ്യും.'-ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിൽ ഭിന്നതയില്ലെന്നും മുന്നണി മാറ്റം ചര്‍ച്ചയായിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ നേരത്തെ പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു മന്ത്രി റോഷി അഗസ്റ്റിനടക്കമുള്ള കേരള കോണ്‍ഗ്രസ് എംഎൽഎമാരുടെ പ്രതികരണം.
പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം ചെയര്മാൻ ജോസ് കെ. മാണി തന്നെ പറഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു. യുഡിഎഫിലേക്ക് ഇല്ലെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു.
Kerala
കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ പാർട്ടിയുടെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് കോട്ടയത്ത് നടക്കും. മുന്നണിമാറ്റ ചർച്ചകൾക്കിടെയാണ് ഇന്ന് രാവിലെ പതിനൊന്നിന് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ കേരള കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണായക യോഗം നടക്കുന്നത്.
നിലവിൽ ഉയരുന്ന മുന്നണി മാറ്റ ചർച്ചകൾ സംബന്ധിച്ചും യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ ദിവസം ജോസ് കെ. മാണി മുന്നണി മാറ്റ ചർച്ചകളെ തള്ളിയെങ്കിലും അണികൾക്കിടയിൽ ആശയക്കുഴപ്പം തുടരുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി യോഗം കൂടിയാണ് നടക്കുന്നത്.
Kerala
തിരുവനന്തപുരം: വി.ഡി. സതീശന്റെ വിസ്മയം ജോസ് കെ. മാണിയുടെ പ്രസ്താവനയോടെ ചീറ്റിപ്പോയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മണ്ണന്തലയിൽ സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനഗോലുമാരുടെ ഉപദേശ പ്രകാരം രാഷ്ട്രീയം യുഡിഎഫുകാർ പാരഡിയാക്കി മാറ്റിയെന്നും എം.എ. ബേബി കുറ്റപ്പെടുത്തി. ചില ആശയക്കുഴപ്പം പ്രചരിപ്പിക്കാനായി പാരഡിഗാനം ഉപയോഗിച്ചു. കെൽപ്പോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ഒരു ആശയക്കുഴപ്പവും പാർട്ടിക്കില്ലെന്നും എം.എ. ബേബി പറഞ്ഞു. അറസ്റ്റിലായ എ. പത്മകുമാറിന്റെ പങ്ക് വ്യക്തമായാൽ കൃത്യമായ നടപടി സിപിഎം എടുക്കും. കേസിൽ കുറ്റപത്രം നൽകുമ്പോൾ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചർച്ചകളിൽ നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു മുന്നണിയിലുള്ള കക്ഷിയെ പിടിച്ചുകൊണ്ടുവരുന്നത് ശരിയായ നടപടിയല്ലെന്ന് ചെന്നിത്തല പറഞ്ഞു.
ജോസ് കെ. മാണി വിഭാഗം എൽഡിഎഫിൽ തുടരുമെന്നാണ് പറയുന്നത്. അവർ മുന്നണി വിടാൻ താത്പര്യം പ്രകടിപ്പിച്ചാൽ മാത്രമേ യുഡിഎഫിൽ ചർച്ചയ്ക്ക് പ്രസക്തിയുള്ളൂ. ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുന്ന ഒരു കക്ഷിയെ പിടിച്ചുകൊണ്ടുവരുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നത് പാർട്ടികളെ ചാക്കിട്ട് പിടിക്കാനല്ല. മറിച്ച് മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ആർജിക്കാനാണെന്നും ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസിൽ ചേർന്ന കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റിയെ അദ്ദേഹം സ്വാഗതം ചെയ്തു.
അധികാരമോഹം കൊണ്ടല്ല, പാർട്ടിയിലെ അവഗണനയും പ്രശ്നങ്ങളും കാരണമാണ് അവർ കോൺഗ്രസിൽ ചേർന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: കേരള കോൺഗ്രസ്-എം യുഡിഎഫിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ, പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. വേണമെങ്കിൽ ജോസ് കെ. മാണി തിരുവമ്പാടിയിൽ മത്സരിക്കട്ടെയെന്നാണ് അദ്ദേഹം നിലപാട് അറിയിച്ചത്.
കേരള കോൺഗ്രസ്-എം എത്തുന്ന പക്ഷം തിരുവമ്പാടിയില്‍ മാണി സി. കാപ്പനെ മത്സരിപ്പിക്കാനായിരുന്നു യുഡിഎഫിന്റെ തീരുമാനം. ഇതുപ്രകാരം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ താന്‍ പാലാ വിടില്ലെന്ന നിലപാടില്‍ മാണി സി. കാപ്പന് ഉറച്ചുനില്‍ക്കുകയായിരുന്നു.
കേരള കോൺഗ്രസ്-എം യുഡിഎഫിലേക്കെത്തുന്നതിൽ മാണി സി. കാപ്പന് എതിർപ്പില്ല. എന്നാൽ പാലാ സീറ്റ് വിട്ടുനൽകികൊണ്ടുള്ള വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
Kerala
കോട്ടയം: മുന്നണി മാറ്റത്തെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ജോസ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തരോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ. മാണി.
കേരള കോൺഗ്രസ്-എം എവിടെയാണോ അവിടെ ആയിരിക്കും ഭരണമെന്നും ജോസ് അവകാശപ്പെട്ടു. നിലപാടുകളിൽ വെള്ളം ചേർക്കുന്ന ആളല്ല താനെന്നും ജോസ് പറഞ്ഞു. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റൻ താൻ താന്നെയായിരിക്കുമെന്നും ജോസ് വ്യക്തമാക്കി. സ്വകാര്യ ആവശ്യങ്ങൾ ഉണ്ടായിരുന്നതിനാലാണ് എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നെതെന്നും യോഗങ്ങളിൽ പാർട്ടിയുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നെന്നും ജോസ് കൂട്ടിച്ചേർത്തു.
പാർട്ടി എല്ലാ കാര്യത്തിലും ഒറ്റക്കെട്ടാണെന്നും ജോസ് വ്യക്തമാക്കി. റോഷി അഗസ്റ്റിനുമായി ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും ജോസ് പറഞ്ഞു. മാധ്യമങ്ങൾ തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും ജോസ് പറഞ്ഞു.
Kerala
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ്. കേരള കോണ്‍ഗ്രസ് എമ്മിന് പ്രസക്തിയില്ലെന്നും അവരില്ലെങ്കിലും യുഡിഎഫിന് ജയിക്കാൻ സാധിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുതെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
"രാഷ്ട്രീയമായി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം അടിസ്ഥാനരഹിതമാണ്. ആരാണ് ഇവരെ ക്ഷണിക്കുന്നത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നല്ലതല്ലെന്ന് ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞു. ഇന്ന് കേരളത്തില്‍ ഈ കക്ഷികളൊന്നും ഇല്ലാതെയല്ലേ ഇത്ര വലിയ വിജയമുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അവരില്ലാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫ് കരസ്ഥമാക്കി.'-മോൻസ് ജോസഫ് പറഞ്ഞു.
"അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് അധികാരത്തില്‍ വരണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. നിശ്ചയമായും ഈ കക്ഷികളില്ലാതെ തന്നെ വരും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്വാധീനമേഖലകളെല്ലാം യുഡിഎഫ് തൂത്തുവാരി. ജനങ്ങളുടെ ശക്തമായ പിന്തുണ നേടി.'-മോന്‍സ് ജോസഫ് പറഞ്ഞു.
Kerala
പത്തനംതിട്ട: കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണൻ. മുന്നണി മാറ്റം സംബന്ധിച്ച ഒരു ചർച്ചയ്ക്കും പ്രസക്തി ഇല്ലെന്നെന്നും പ്രമോദ് വ്യക്തമാക്കി.
ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്നുവെന്ന കൃത്യമായ നിലപാട് തന്നെയാണ് വ്യക്തമാക്കുന്നത്. അത് തന്നെയാണ് പാര്‍ട്ടിയുടേയും നിലപാട്. അതിനപ്പുറത്തേക്കുള്ള ഒരു ചര്‍ച്ചക്കും പ്രസക്തിയില്ലെന്നും പ്രമോദ് നാരായണൻ പറഞ്ഞു.
പുറമേ മറ്റു വാദങ്ങൾ നിഷേധിക്കുകയാണെങ്കിലും അണിയറയിൽ മുന്നണി മാറ്റത്തിനായി സജീവമായ നീക്കമാണ് കേരള കോൺഗ്രസ് എം നടത്തി വരുന്നത്. റോഷിയുമായി സിപിഎം ആശയ വിനിമയം തുടരുന്നുണ്ടെങ്കിലും ജോസ് കെ മാണി പോകില്ലെന്ന് ഉറപ്പിക്കാനാകാത്ത അവസ്ഥയിലാണ് സിപിഎം.
എൽഡിഎഫിലേക്ക് എത്തിയ കാലം മുതൽ ചോദിക്കുന്നത് എല്ലാം നൽകിയാണ് മുന്നണി ജോസിനെ ഒപ്പം നിർത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള കാരണമില്ലാതെ മുന്നണി മാറ്റം വിശ്വസിക്കാൻ കഴിയാത്ത പാർട്ടി എന്ന പ്രതിച്ഛായ ഉണ്ടാക്കും. ഇത് ജോസ് കെ. മാണിക്ക് മുന്നിലെ പ്രതിസന്ധിയാണ്.
കൂടാതെ, മുന്നണി വിട്ടാൽ മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയും ഒപ്പം ഉണ്ടാകില്ല. ധാർമികതയ്ക്ക് വിരുദ്ധമായത് ഒന്നും ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് കഴിഞ്ഞ ദിവസം റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിനോട് അടുക്കെ മുന്നണി മാറ്റ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേരുമെന്ന പ്രചരണങ്ങൾ ശക്തമായിരുന്നു.
കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും, പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ജോസ് കെ. മാണി അറിയിച്ചു.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പാർട്ടി ചെയർമാൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ ബോധപൂർവം പാർട്ടിയെ അസ്ഥിരപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗമാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്.
ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ഈ വിവരം മുന്നണി നേതാക്കളെ മുൻകൂർ അറിയിച്ചിട്ടുള്ളതാണ്. കൂടാതെ പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. സത്യം ഇതായിരിക്കെ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ബോധപൂർവം പാർട്ടി അസ്ഥിരപ്പെടുത്താൻ ഉള്ള അജണ്ടയുടെ ഭാഗമാണ്. കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകും.
Kerala
കോട്ടയം: ജോസ് കെ. മാണി യുഡിഎഫിൽ വരുന്നെങ്കിൽ വരട്ടെയെന്ന് പാലാ എംഎൽഎ മാണി സി. കാപ്പൻ. എന്നാൽ പാലാ സീറ്റ് ആർക്കും വിട്ടുക്കൊടുക്കില്ലെന്ന് കാപ്പൻ പറഞ്ഞു. നിലവിൽ കേരള കോൺഗ്രസ്-എമ്മിനെ യുഡിഎഫിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നില്ലെന്നും അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും കാപ്പൻ പറഞ്ഞു.
"എലത്തൂർ സീറ്റ് ലീഗിനു വിട്ടുകൊടുക്കാൻ തന്റെ പാർട്ടി തയാറാണ്. പകരം പേരാമ്പ്ര വേണം. ടീം യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങിയാൽ വിജയം ഉറപ്പാണ്.'-കാപ്പൻ അവകാശപ്പെട്ടു.
"കെഡിപിക്കു നിലവിൽ രണ്ടു സീറ്റാണ് ഉള്ളത്. പാലായും ഏലത്തൂരും ആണ് കഴിഞ്ഞ തവണ ഞങ്ങൾക്കു തന്നത്. അതിൽ പാലാ വിജയിച്ചു. മൂന്നു സീറ്റ് വേണമെന്ന് കഴിഞ്ഞ തവണതന്നെ ആവശ്യപ്പെട്ടതാണ്. അതിനാൽ ഇത്തവണ മൂന്നു സീറ്റ് വേണം.'-കാപ്പൻ പറഞ്ഞു.
എലത്തൂർ സീറ്റ് ലീഗിനു കിട്ടിയാൽ കൊള്ളാമെന്നുണ്ട്. മാറിക്കൊടുക്കാമെന്ന് ഞാൻ പറഞ്ഞു. പകരം പേരാമ്പ്ര സീറ്റ് കിട്ടണം. അതിൽ വിജയസാധ്യത ഉണ്ട്. ക്രിസ്ത്യൻ – മുസ്ലിം കൺസോളിഡേഷൻ ഉണ്ടായാൽ ജയിക്കാൻ സാധിക്കും. നിലവിൽ ചർച്ചകൾ യുഡിഎഫിൽ നടക്കുന്നില്ല. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ അൻവറിനെയും സി.കെ. ജാനുവിനെയും എടുക്കാനുള്ള ചർച്ച മാത്രമേ നടന്നിട്ടുള്ളുവെന്നും കാപ്പൻ പറഞ്ഞു.
"തദ്ദേശ തിരഞ്ഞെടുപ്പിൽ പാലായിൽ എൽഡിഎഫിനാണ് മുൻതൂക്കം. പക്ഷേ, ഞാൻ മത്സരിക്കാൻ ഇറങ്ങിയാൽ ചിത്രം മാറും. രണ്ടു തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചു. എനിക്കുള്ള വോട്ട് അവിടെനിന്ന് പോയിട്ടില്ല. ഇടതുവോട്ടുകളും എനിക്ക് കിട്ടും.'-കാപ്പൻ അവകാശപ്പെട്ടു.
Kerala
കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്താന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി റിപ്പോർട്ടകൾ. എന്നാല്‍ ഈ വിഷയത്തില്‍ ജോസ് കെ. മാണി ഇനിയും പരസ്യപ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, കക്ഷിയിലെ പ്രമുഖ നേതാവും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിന് എൽഡിഎഫിനൊപ്പം തുടരുമെന്നാണ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശത്തെ മുസ്ലിം ലീഗും പിന്തുണയ്ക്കുന്നുണ്ട്. മുന്നണി മാറ്റം സംബന്ധിച്ചു ജോസ് കെ. മാണി നേരത്തെ തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും അതാണ് ഒൗദ്യോഗിക പ്രതികരണമെന്നുമാണ് റോഷി അഗസ്റ്റിൻ മാധ്യമങ്ങളോടു പറഞ്ഞത്.
മധ്യ തിരുവിതാംകൂർ, തൃശൂര്‍, മലബാര്‍ മേഖലകളിലെ 46 അസംബ്ലി സീറ്റുകളില്‍ ക്രിസ്ത്യന്‍ വോട്ട് ബേസ് ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫ് പ്രഖ്യാപിച്ച മധ്യമേഖല ജാഥ ജോസ് കെ.മാണി നയിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഈ ജാഥയ്ക്കു ജോസ് കെ. മാണി നേതൃത്വം നൽകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ മുന്നണിമാറ്റ ചര്‍ച്ചകള്‍ സജീവമായ സമയത്ത്, മന്ത്രി റോഷി അഗസ്റ്റിന്, എംഎല്‍എമാരായ എന്‍ ജയരാജ്, പ്രമോദ് നാരായണന് തുടങ്ങിയവര്‍ എല്‍ഡിഎഫ് വിട്ടുപോകുന്നതിനോടു യോജിച്ചില്ലെന്നാണ് മാധ്യമ റിപ്പോർട്ട്. വരും ദിവസങ്ങളിൽ പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നുണ്ട്. ഇതിനു ശേഷം മുന്നണിമാറ്റം ഉണ്ടോ ഇല്ലെയോ എന്നതിൽ വ്യക്തമായ പ്രതികരണം നേതാക്കൾ നടത്തുമെന്നാണ് കരുതുന്നത്.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലം മാണി സി. കാപ്പനും ജോസ് കെ. മാണിയും ഷോണ്‍ ജോര്‍ജും തമ്മിലുള്ള പോരാട്ടത്തിനു വേദിയായേക്കും. സിറ്റിംഗ് എംഎല്‍എ മാണി സി. കാപ്പന് താന്‍ വീണ്ടും മത്സരിക്കുമെന്നും പ്രചാരണം തുടങ്ങിയെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
യുഡിഎഫിലേക്ക് ആരു വന്നാലും കുഴപ്പമില്ലെന്നും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും കാപ്പന് പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പും തുടര്‍ന്ന് പാലാ മുനിസിപ്പാലിറ്റിയിലടക്കം ഭരണം യുഡിഎഫിനു ലഭിക്കുന്നതിനുള്ള നിര്‍ണായക നീക്കങ്ങളിലും മാണി സി. കാപ്പന് സജീവമായിരുന്നു.
കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ.മാണിയും പാലായില്‍ മത്സരിക്കുമെന്നുള്ള സൂചന നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസ് എം 13 സീറ്റില്‍ മത്സരിക്കുമെന്നും സീറ്റു വച്ചുമാറ്റവും മറ്റും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ജോസ് കെ.മാണിയുടെ സൂചന.
മത്സരിക്കുമെന്നുള്ള സൂചനയില്‍ പാലായില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ ജോസ് കെ.മാണി മണ്ഡലത്തില്‍ സജീവമാണ്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ വിവിധ പള്ളികളില്‍ നടന്ന തിരുനാളിലും ളാലത്തുത്സവത്തിലും മറ്റും സജീവമായിരുന്നു ജോസ് കെ. മാണി. കൂടാതെ പാലായിലെ കേരള കോണ്‍ഗ്രസ് എം, സിപിഎം, സിപിഐ നേതൃത്വവുമായും ജോസ് കെ.മാണി ആശയവിനിമയം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം പാലായില്‍ ഒരു വിവാഹ ചടങ്ങളില്‍ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ജോസ് കെ. മാണിയുടെ വീട്ടിലെത്തുകയും ദീര്‍ഘനേരം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പാലായില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സൗഹൃദ സന്ദര്‍ശനത്തില്‍ മുഖ്യമായും ചര്‍ച്ച.
കഴിഞ്ഞ തവണ പാലായില്‍ പരാജയപ്പെട്ടതിനാല്‍ ഇത്തവണ കടുത്തുരുത്തിയിലേക്ക് ജോസ് കെ മാണി മാറുമെന്ന് വലിയ രീതിയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ പാലായില്‍ തന്നെ മത്സരിക്കാനുള്ള തീരുമാനത്തില്‍ ജോസ് കെ. മാണിയും കേരള കോണ്‍ഗ്രസും എത്തിയതായാണ് സൂചന.
ബിജെപിയുടെ എ ക്ലാസ് മണ്ഡലമല്ലെങ്കിലും പാലായില്‍ സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ ഏറ്റവും അടുത്ത അനുയായിയുമായ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയില്‍ ഇതു സംബന്ധിച്ച് വ്യക്തമായ സൂചന ഷോണിനു ബിജെപി നേതൃത്വം നല്കി.
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ മണ്ഡലങ്ങളില്‍ ഒരിടത്തു മത്സരിക്കാനാണ് ഷോണിനോട് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഷോണ്‍ ജില്ലാ പഞ്ചായത്തംഗമായിരുന്നപ്പോള്‍ ഡിവിഷന് ഉള്‍പ്പെട്ടിരുന്ന മേലുകാവ്, തലനാട്, മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളും മുമ്പ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലുണ്ടായിരുന്ന ഭരണങ്ങാനം, കടനാട് പഞ്ചായയത്തുകളും ഇപ്പോള്‍ പാലാ മണ്ഡലത്തിലാണ് ഇത് ഷോണിനു അനുകൂലമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
ഷോണ്‍ ജോര്‍ജ് ഇതിനോടകം പാലാ മണ്ഡലത്തില്‍ സജീവമാണ്. മാണി സി. കാപ്പനും ജോസ് കെ.മാണിയും ഷോണ്‍ ജോര്‍ജും മത്സരരംഗത്ത് എത്തിയാല്‍ കേരളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മത്സരമായി പാലാ മാറും. ഒപ്പം ശക്തമായ ത്രികോണ മത്സരത്തിനാകും പാലാ സാക്ഷ്യം വഹിക്കുക. രാഷ്ട്രീയ ധ്രുവീകരണവും സമുദായ വോട്ടുകളും ഒക്കെ എങ്ങനെ പ്രതിഫലിക്കുമെന്നു പോലും പറയാന്‍ വയ്യാത്ത രീതിയിലായിരിക്കും മത്സരം.
Kerala
കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും കാപ്പൻ പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. പാലായിൽ യുഡിഎഫിന് ഒരു സ്ഥാനാർഥിയായിരിക്കും ഉണ്ടാവുക. അത് മാണി സി. കാപ്പൻ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"പാലാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് യോഗങ്ങളും ആരംഭിച്ചു. ജോസ് കെ. മാണിക്ക് പാലാ കൊടുക്കണം എന്ന് നേതാക്കൾ ആരും പറഞ്ഞിട്ടില്ല.'-മാണി സി. കാപ്പൻ പറഞ്ഞു.
ജോസ് കെ. മാണി രാഷ്ട്രീയ കോപ്രായം കാണിക്കുന്ന ആളാണ്. തെരഞ്ഞെടുക്കുന്ന എല്ലാ സ്ഥാനങ്ങളും പാതി വഴിയിൽ രാജിയ്ക്കും. പാലായിൽ ജോസ് മത്സരിക്കും എന്ന് തോന്നുന്നില്ലെന്നും കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിൽ കെഡിപി കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ മത്സരിക്കുന്നത് പാലായിലും എലത്തൂരിലുമാണ്.
സീറ്റുകളുടെ കാര്യത്തിൽ ഉടൻ ധാരണ ഉണ്ടാകും. എലത്തൂർ മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു സീറ്റ് കിട്ടിയാൽ എലത്തൂർ ലീഗിന് കൊടുക്കുമെന്നും യുഡിഎഫ് ഭരണത്തിൽ വന്നാൽ കെഡിപിക്ക് മന്ത്രി സ്ഥാനം ഉണ്ടാകുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച കലാസൃഷ്ടിക്കെതിരെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി രംഗത്ത്. അന്ത്യത്താഴം വളരെ വികലമായി ചിത്രീകരിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ജോസ് കെ. മാണി അഭിപ്രായപ്പെട്ടു.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആയിരുന്നു ജോസ് കെ. മാണി പ്രതിഷേധം അറിയിച്ചത്. മതസൗഹാർദ്ദത്തിനു വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടവർ വിട്ടനിൽക്കുകയും എത്രയും പെട്ടന്ന് ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ജോസ് കെ. മാണി കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം;
രാജ്യത്ത് ഉടനീളം മതസൗഹാർദ്ദം തകർക്കുന്ന തരത്തിൽ ചില കോണുകളിൽ നിന്നും നിരന്തരമായി ശ്രമങ്ങൾ നടക്കുന്നു. ക്രൈസ്തവ വിശ്വാസികൾ വിശുദ്ധമായി കാണുന്ന അന്ത്യത്താഴം വളരെ വികലമായി ചിത്രീകരിച്ച് കലാസൃഷ്ടി എന്ന പേരിൽ കൊച്ചി ബിനാലെയിൽ പ്രദർശനം നടത്തിയതായി ശ്രദ്ധയിൽ പെട്ടു.
ഇത്തരത്തിൽ ഉള്ള നടപടികൾ പ്രതിഷേധാർഹമാണ്. മതസൗഹാർദ്ദത്തിനു വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടവർ വിട്ടനിൽക്കുകയും എത്രയും പെട്ടന്ന് ഇതിനെതിരേ നടപടി സ്വീകരിക്കണം.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും ഭരണം ഉറപ്പാക്കാനും എല്‍ഡിഎഫ് മേഖലാ ജാഥ നടത്തും. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്നു ജാഥകളാണ് നടത്തുന്നത്. ഇടതു മുന്നണിയെ നയിക്കുന്ന സിപിഎമ്മും പ്രധാന കക്ഷികളായ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥയ്ക്ക് നേതൃത്വം നല്‍കും.
വടക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യകേരള ജാഥയുടെ ക്യാപ്റ്റനായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ.മാണി എംപിയും, തെക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും ജാഥ നയിക്കും.
ജാഥയുടെ വൈസ് ക്യാപ്റ്റന്മാരെയും മാനേജര്‍മാരെയും ജാഥാംഗങ്ങളെയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ ജാഥയില്‍ അംഗങ്ങളാകും.
എല്‍ഡിഎഫിന്റെ സംസ്ഥാന നേതാക്കളായിരിക്കും ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സമാപന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്രത്തിന്റെ കേരളത്തോടുള്ള അഗവണനയും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും നവകേരള പദ്ധതികളുമാണ് ജാഥയിലെ മുഖ്യ വിഷയം.
വടക്കന്‍ മേഖലാ ജാഥ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തും. 60 നിയമസഭാ മണ്ഡലങ്ങളാണ് വടക്കന്‍ മേഖലാ ജാഥയില്‍ ഉള്‍പ്പെടുക. 15 ദിവസമാണ് ജാഥയുടെ പര്യടനം.
തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോകുന്നത്. 47 മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നു പോകും. ഒമ്പതു ദിവസം നീണ്ടു നില്ക്കുന്ന ജാഥയില്‍ 33 മണ്ഡലങ്ങളാണ് ഉള്‍പ്പെടുക.
നിയോജക മണ്ഡലം കേന്ദ്രങ്ങളിലാണ് ജാഥയുടെ സ്വീകരണം. രാവിലെ ഒരു സ്വീകരണവും ഉച്ചകഴിഞ്ഞ് മൂന്ന് സ്വീകരണവും എന്ന രീതിയിലാണ് ജാഥയു പര്യടനം ക്രമീകരിച്ചിരിക്കുന്നത്. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വലിയ പൊതുസമ്മേളനവും റാലിയും ക്രമീകരിക്കും.
കേരള യാത്രയ്ക്കു പുറമേ വീടുകള്‍ കയറിയുള്ള ആശയ സംവാദം സിപിഎം നേതൃത്വത്തില്‍ നടത്തും. ജനുവരി 15 മുതല്‍ 22 വരെയാണ് വീടുകയറ്റം. ജനുവരി അഞ്ചിന് വാര്‍ഡ് തലത്തില്‍ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും നടത്തും. ജനുവരി 12 കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ സത്യാഗ്രഹ സമരവും നടത്തും.
Kerala
കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മയില്‍ വിജയിച്ച ബിനു പുളിക്കക്കണ്ടം, സഹോദരന് ബിജു പുളിക്കകണ്ടം, ബിനുവിന്റെ മകള്‍ ദിയ പുളിക്കകണ്ടം എന്നിവര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ തീരുമാനങ്ങള്‍ക്കുമായി ജനസഭ വിളിച്ചു ചേര്‍ക്കും.
ഇവരുടെ മൂന്നു വാര്‍ഡുകളുടെയും സംയുക്ത ജനസഭ 21നു വൈകുന്നേരം ആറിനു പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍മാന്‍ഷന്‍ ഓഡിറ്റോറിയത്തില്‍ നടത്തും.
ജനകീയ സഭയില്‍ വന്‍ ജനപങ്കാളിത്തമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര കൂട്ടായ്മ കൗണ്‍സിലേഴ്സിന്റെ ഭാവി പ്രവര്‍ത്തന പരിപാടികള്‍ക്ക് അഭിപ്രായ സമന്വയത്തിലൂടെ തീരുമാനത്തിലെത്താനാണ് ജനസഭ വിളിച്ചിരിക്കുന്നത്.
എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നിര്‍ണായകമാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ ഇവരുമായി നിരന്തരം ചര്‍ച്ചകള്‍ തുടരുകയുമാണ്. മൂന്നു പേര്‍ക്കെതിരെയും യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. അതിനാല്‍ യുഡിഎഫിനെ മൂന്നുപേരും പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.
ഇതിനിടയില്‍ പാലാ എംഎല്‍എ മാണി സി. കാപ്പന് മുന്‍കൈയെടുത്ത് നഗരസഭയില്‍ പുതിയ ഫോര്‍മുല വച്ചതായാണ് സൂചന. ആദ്യ രണ്ടര വര്‍ഷം ബിനുവിന്റെ മകള്‍ ദിയ ചെയര്‍മാനാകും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ് പുറത്താക്കിയ സ്വതന്ത്രയായി വിജയിച്ച മായാ രാഹുല്‍ ചെയര്‍പേഴ്സണാകും. അഞ്ചു വര്‍ഷവും ബിനു പുളിക്കകണ്ടം വൈസ് ചെയര്‍മാനും.
എന്നാല്‍ ഈ തീരുമാനത്തോട് നഗരസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിയോജിച്ചു. അവര്‍ക്കും ചെയര്‍പേഴ്സണ്‍ പദവി വേണമെന്നാണ് ആവശ്യം. ജോസഫ് ഗ്രൂപ്പിനും രണ്ടു പ്രതിനിധികളുണ്ട്. ഇവരും ഒരു വര്‍ഷം ചെയര്മാന് സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടന്നു വരുകയാണ്.
എല്‍ഡിഎഫ് നേതൃത്വം ബിനു പുളിക്കകണ്ടത്തെ സമീപിച്ചെങ്കിലും ജോസ് കെ.മാണിയോടുള്ള എതിര്‍പ്പു മൂലം ബിനു തുടര്‍ ചര്‍ച്ചകള്‍ക്ക് തയാറായില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് ജോസ് കെ. മാണി ചൊവ്വാഴ്ച പ്രതികരിച്ചത്.
Kerala
കോട്ടയം: യുഡിഎഫ് പ്രവേശനത്തെച്ചൊല്ലി കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽ പോര്. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്കു വരേണ്ടെന്നും മുന്നണിയില്‍ ചേര്‍ക്കരുതെന്നും പി.ജെ. ജോസഫും മോന്‍സ് ജോസഫും വ്യക്തമാക്കിയപ്പോൾ യുഡിഎഫിലേക്കു വിളിച്ചാലും വരില്ലെന്നും വരാന്‍ ഒരു ശതമാനവും താത്പര്യമില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മതിമറക്കാനുള്ള വിജയം യുഡിഎഫിനില്ലെന്നും എല്‍ഡിഎഫ് വോട്ടില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും ജോസ് കെ. മാണി ഇന്നലെ വ്യക്തമാക്കി.
അതേസമയം, യുഡിഫില്‍ തനിച്ചു നിന്ന് ജയിക്കാമെന്നു തെളിയിച്ചുവെന്നും ജോസഫ് വിഭാഗത്തിനും കോട്ടയം ജില്ലയില്‍ അടിത്തറയുണ്ടെന്നു ജനവിധി തെളിയിച്ചതായും മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി.
ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ പഞ്ചായത്ത് വരെ യുഡിഎഫുണ്ടാക്കിയ നേട്ടം മറച്ചുവയ്ക്കാന്‍ ആര്‍ക്കുമാകില്ലെന്നും മോന്‍സ് വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാന്‍ കോണ്‍ഗ്രസ്് നേതാക്കള്‍ക്കും താത്പര്യമുണ്ട്. മധ്യകേരളത്തില്‍ പ്രത്യേകിച്ചു കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താന്‍ കേരള കോൺഗ്രസ് എമ്മിനെ കൂടെനിർത്തണമെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെയും അഭിപ്രായപ്പെട്ടത്.
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫില്‍ എത്തിച്ച് മുന്നണി ശക്തമാക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും താത്പര്യപ്പെടുന്നു.
Kerala
കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ആറു വര്‍ഷം മുമ്പ് ഇടതുമുന്നണിയില്‍ ചേര്‍ന്നത് ഒരു രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും മുന്നണി മാറ്റം കേരള കോണ്‍ഗ്രസിന്റെ അജൻഡയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നു കരുതി മുന്നണി മാറുന്നത് രാഷ്ട്രീയ മര്യാദയല്ല. യുഡിഎഫ് നേതാക്കാള്‍ ക്ഷണിക്കുന്നത് കേരള കോണ്‍ഗ്രസിന്റെ അടിത്തറ കണ്ടിട്ടാണ്. എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് യുഡിഎഫിന് കേരള കോണ്‍ഗ്രസിന്റെ ശക്തി മനസിലായത്. യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണ്. നിലവില്‍ നടക്കുന്ന മുന്നണി മാറ്റ ചര്‍ച്ചകളില്‍ ഒരു കഴമ്പുമില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
ഇന്നു രാവിലെ 10.30ന് ആരംഭിച്ച ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇടതു മുന്നണിക്ക് ലഭിച്ചില്ല. എന്നാല്‍ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ അടിസ്ഥാനമാക്കിയാല്‍ പാലായില്‍ 1,523 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നിലാണ്.
ബിജെപി ഭരിച്ചിരുന്ന മുത്തോലി പഞ്ചായത്ത് എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനു ഇവിടെ തനിച്ചു ഭൂരിപക്ഷമുണ്ട്. പാലാ നിയോജക മണ്ഡലത്തില്‍ പെടുന്ന ഉഴവൂര്‍, കിടങ്ങൂര്‍, ഭരണങ്ങാനം ജില്ലാ ഡിവിഷനുകളില്‍ എല്‍ഡിഎഫിനാണ് വിജയം.
പാലാ മുനിസിപ്പാലിറ്റിയില്‍ 10 കൗണ്‍സിലര്‍മാരാണു കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പിലും 10 കൗണ്‍സിലര്‍മാരുണ്ട്. ഒരു സീറ്റ് നറുക്കെടുപ്പിലൂടെയാണ് നഷ്ടമായത്. പാലാ നഗരസഭയില്‍ ഏറ്റവും വലിയ കക്ഷി കേരള കോണ്‍ഗ്രസാണ്. ചെയര്മാന് തെരഞ്ഞെടുപ്പില്‍ ഉചിതമായ സമയത്ത് എല്‍ഡിഎഫുമായി ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കും. ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
Kerala
കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം. യുഡിഎഫ് പ്രവേശന ചർച്ചകളാണ് കേരള കോണ്‍ഗ്രസ്-എം നേതൃത്വം തള്ളിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായ കനത്ത തോൽവിക്കു പിന്നാലെയാണ് യുഡിഎഫ് പ്രവേശന ചർച്ച സജീവമായത്.
യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്നും എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേതാക്കളെ അറിയിച്ചു. നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തുമെന്നും കേരള കോണ്‍ഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.
മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നുവെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ല. യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ടാണ്.
പി.ജെ. ജോസഫ് യുഡിഎഫിൽ തെറ്റിധാരണ ഉണ്ടാക്കുകയായിരുന്നു. മുന്നണി മാറ്റ ചർച്ചകൾക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും സ്റ്റീഫൻ വ്യക്തമാക്കി.
Kerala
കോട്ടയം: വന്യജീവി ആക്രമണത്തെ പ്രകൃതിദുരന്തമായി കണക്കാക്കുന്നത് പരിഗണിക്കുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നല്കിയ നിര്‍ദേശം ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി.
വന്യജീവി ആക്രമണം ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിലാക്കണമെന്ന് ദീര്‍ഘകാലമായി കേരള കോണ്‍ഗ്രസ് -എം ഉന്നയിച്ചിരുന്ന പ്രധാനപ്പെട്ട ആവശ്യമാണ്.
ഇതു സംബന്ധിച്ച നിവേദനം കേന്ദ്രസര്‍ക്കാരിനും മുഖ്യമന്ത്രിക്കും നല്‍കിയതുമാണ്. വന്യമൃഗങ്ങള്‍ ജനവാസ മേഖലകളില്‍ എത്തുമ്പോള്‍ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ ചെയ്യുന്നതിന് 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പലപ്പോഴും തടസമായി നില്‍ക്കുകയാണ്.
സുപ്രിംകോടതിയുടെ നിര്‍ദേശം നടപ്പാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും പോലീസിനും ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ കാലതാമസമില്ലാതെ സ്വീകരിക്കാന്‍ കഴിയും. വന്യജീവി ആക്രമണത്തെ പ്രകൃതി ദുരന്തമായി കണക്കാക്കുന്നത് കേരള നിയമസഭ പാസാക്കിയ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) നിയമത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
Kerala
കോട്ടയം: വികസനവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തിയതിന് അനുകൂലമായ ജനതരംഗം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം സുനിശ്ചിതമാക്കുമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ. മാണി.
കെട്ടുറപ്പോടും ഐക്യത്തോടെയുമാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 80 ശതമാനം സീറ്റുകളിലും കടകകക്ഷികള് തമ്മില്‍ ധാരണയായി കഴിഞ്ഞെന്നും ചില സീറ്റുകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉള്ളത് നേതൃതലത്തില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം. ഘടക കക്ഷിയായ സിപിഐ ശക്തമായ ഭാഷയില്‍ വിയോജിപ്പ് അറിയിച്ച് രംഗത്തുവന്നപ്പോഴാണ് കേരള കോണ്‍ഗ്രസ് എം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെയും സര്‍ക്കാരിനെയും പിന്തുണച്ച് രംഗത്തുവന്നത്.
പിഎം ശ്രീ പദ്ധതിയെക്കുറിച്ചു മുന്നണിക്കുള്ളിലും പൊതുസമൂഹത്തിനിടയിലും ഉയരുന്ന ആശങ്കകള്‍ ഇച്ഛാശക്തിയോടെ സര്‍ക്കാരും എല്‍ഡിഎഫ് നേതൃത്വവും പരിഹരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി വ്യക്തമാക്കി.
ഒരു പദ്ധതി അത് കേന്ദ്രസര്ക്കാരിന്റേതായതുകൊണ്ട് മാത്രം എതിര്‍ക്കണമെന്ന് അഭിപ്രായം കേരള കോണ്‍ഗ്രസ് എമ്മിന് ഇല്ല. പിഎം ശ്രീ പദ്ധതിയുടെ 60 ശതമാനം വിഹിതം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണു വഹിക്കുന്നത്.
അതുകൊണ്ട് പദ്ധതിയുടെ പൂര്‍ണ നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍ ആണെന്ന് പറയാനാവില്ല. കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളില്‍നിന്നും പൂര്‍ണമായും ഒഴിവായി നില്ക്കാന് കേരളത്തിന് സാധിക്കുകയില്ല. സര്‍വശിക്ഷ അഭിയാന് എസ്എസ്എ പദ്ധതിയില്‍ 2023-24ല്‍ 1031 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.
2024-25ല്‍ ഒരു രൂപ പോലും ലഭിച്ചില്ല. അതിന്റെ കാരണം പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിടാതിരുന്നതാണ്.മാത്രമല്ല നിരവധി അധ്യാപകര്‍ പെരുവഴിയിലാകുന്ന സാഹചര്യമുണ്ടാകും. വിദ്യാഭ്യാസ നവീകരണത്തിന് ലഭിക്കുന്ന കോടിക്കണക്കിന് രൂപ അതുകൊണ്ട് നഷ്ടപ്പെടുത്താനാവില്ല.
കേന്ദ്രസര്‍ക്കാര്‍ ഹിഡന്‍ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും സാധിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
Kerala
കോട്ടയം: യമനില്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ജീവന് രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു .
ഇതിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയെ പ്രധാനമന്ത്രി നേരിട്ട് അടിയന്തരമായി നിയോഗിക്കണം. അടിയന്തര സാഹചര്യം മനസിലാക്കി നിമിഷ പ്രിയയുടെ ജീവന് രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്താന്‍ പ്രധാനമന്ത്രി മുന്‍കൈയെടുക്കണമെന്നും ജോസ് കെ. മാണി കത്തില്‍ ആവശ്യപ്പെട്ടു.
Kerala
കോട്ടയം: കേരളത്തിലെ അതിരൂക്ഷമായ വന്യജീവി -തെരുവ് നായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ മാണി എംപി. കോട്ടയം: കേരളത്തിലെ അതിരൂക്ഷമായ വന്യജീവി -തെരുവ് നായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ മാണി എംപി.
മനുഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതിയും നിയമനിര്മാണവുംനടത്തേണ്ടത് അനിവാര്യമാണ്. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. പലയിടങ്ങളിലൂടെയും കാല്‍നടയും ഇരുചക്രവാഹന യാത്രയും അസാധ്യമായിരിക്കുന്നു. സന്ധ്യ കഴിഞ്ഞാല്‍ വീട്ടുമുറ്റത്ത് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമുള്ള പ്രദേശങ്ങളുണ്ട്. ഇത് അവസാനിപ്പിക്കാന്‍ മൃഗസംരക്ഷണ നിയമത്തില്‍ സമഗ്രമായ ഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചുള്ള സുപ്രീംകോടതിവിധി ഉണ്ടായപ്പോള്‍ അതിനെ മറികടക്കാന്അവിടുത്തെ സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നു.
ആ മാതൃക സ്വീകരിച്ച് വന്യജീവി തെരുവുനായ ആക്രമങ്ങള്‍ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണത്തിന് തയാറാകണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.ജനങ്ങളുടെ സ്വത്തിനും വന്യമൃഗങ്ങളും തെരുവ് നായ്ക്കളും ഭീഷണിയാകുന്ന സ്ഥിതി ഉണ്ടായാല്‍ മുഖ്യ വനപാലകന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും തീരുമാനത്തിന് കാത്തുനില്‍ക്കാതെ മനുഷ്യര്‍ക്ക് സംരക്ഷണം നല്‍കാനുള്ള സമ്പൂര്‍ണ ചുമതല പോലീസിനു കൈമാറണം. ഇതിനായി നിലവിലെ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തണം. പുതിയ ചട്ടങ്ങള്‍ കൊണ്ടുവരണം.
ജനവാസ മേഖലകളില്‍ മനുഷ്യര്‍ക്ക് സുരക്ഷ നല്കാന് വനം വകുപ്പിന് ഒരിക്കലും സാധിക്കില്ല.അവര്‍ക്ക് അതിനുള്ള സംവിധാനങ്ങളുമില്ല. മനുഷ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ പിടികൂടി കാട്ടില്‍ വിടുന്ന അശാസ്ത്രീയമായ രീതികള്‍ ഉപേക്ഷിക്കണം. മനുഷ്യ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യം പ്രായോഗികമായി പരിഗണിക്കേണ്ട ഗൗരവമുള്ള വിഷയമാണ്. ഇതിനായി നിലവിലെ മൃഗസംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ വരുത്തണമെന്നും ജോസ് കെ മാണി പറഞ്ഞു.
Kerala
കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കള്‍ ജോസ് കെ. മാണി എംപിയുമായി കൂടിക്കാഴ്ച നടത്തി. മുനമ്പം വിഷയം അടിയന്തരമായി പരിഹരിക്കുന്നതിനു വേണ്ട നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് എംപി നേതാക്കള്‍ക്ക് ഉറപ്പ് നല്കി.
1902ല്‍ 404 ഏക്കറുണ്ടായിരുന്ന മുനമ്പം തീരം 1948ല്‍ സിദ്ദിഖ് സേട്ടു മുനമ്പത്ത് വരുമ്പോള്‍ കടല്‍ കയറ്റത്തെ തുടര്‍ന്ന് വെറും 114 ഏക്കറായി ചുരുങ്ങിയെന്നും അന്നുണ്ടായിരുന്ന 114 ഏക്കറും 60 ഏക്കര്‍ ചിറയും താമസക്കാരായ 218 കുടുംബങ്ങള്‍ക്ക് ഫറൂഖ് കോളജ് വില വാങ്ങി വില്പന നടത്തിയെന്നും ഇപ്പോള്‍ ജുഡീഷല്‍ കമ്മീഷന് വ്യക്തമാക്കിയെന്നും സമരസമിതി നേതാക്കള്‍ ജോസ് കെ. മാണിയെ ധരിപ്പിച്ചു.
മുനമ്പം ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍, ചെയര്മാന് ജോസഫ് റോക്കി പാലക്കല്‍, സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശേരി, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി കെ. തോമസ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോയ് മുളവരിക്കല്‍ തുടങ്ങിയവരാണ് എംപിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്നലെ നിരഹാരമനുഷ്ഠിച്ചവരെ രാവിലെ ഷാള്‍ അണിയിച്ച് ഫാ. മോണ്‍സി വര്‍ഗീസ് അറയ്ക്കല്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം അഞ്ചിന് ജോസഫ് മാളിയേക്കല്‍ വെള്ളം നല്കി സമരം അവസാനിപ്പിച്ചു.